Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

159 ദിവസങ്ങള്‍ സൈക്കിളിൽ കറങ്ങി വേദാങ്കി കണ്ടത് 14 രാജ്യങ്ങൾ

vedangi-kulkarni-22 വേദാങ്കി കുല്‍ക്കര്‍ണി

159 ദിവസങ്ങള്‍. 14 രാജ്യങ്ങള്‍. മൊത്തം 29,000 കിലോമീറ്റര്‍. പുണെയില്‍നിന്നുള്ള 20 വയസ്സുകാരി വേദാങ്കി കുല്‍ക്കര്‍ണി ഈ ദൂരമത്രയും പിന്നിട്ടു നേടിയത് അപൂര്‍വമായ ഒരു റെക്കോര്‍ഡ്. സൈക്കിളില്‍ ഏറ്റവും വേഗത്തില്‍ ലോകം ചുറ്റുന്ന ഏഷ്യക്കാരി.  ഞായറാഴ്ച വെളുപ്പിനെ സൈക്കിളില്‍ കൊല്‍ക്കത്തയില്‍ എത്തി മണ്ണില്‍ കാല്‍തൊടുമ്പോള്‍ ലോകജേതാവിന്റെ ഭാവമായിരുന്നു വേദാങ്കിയുടെ മുഖത്ത്.

ലോകം കീഴടക്കിയതിന്റെ സന്തോഷം മനസ്സിലും.  ജൂലൈയില്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്നാണ് വേദാങ്കി ഇതിഹാസ യാത്ര തുടങ്ങിയത്. ഒരിക്കല്‍ക്കൂടി പെര്‍ത്തിലേക്ക് വിമാനത്തില്‍ തിരിച്ചുപോയി വേണം റെക്കോര്‍ഡ് പൂര്‍ത്തിയാക്കാന്‍. ഒരോ ദിവസവും 300 കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയാണ് വേദാങ്കി അപൂര്‍വവും അവിശ്വസനീയവുമായ റെക്കോര്‍ഡില്‍ എത്തിയത്. ഇതിനിടെ ഏറ്റവും ഭീകരവും അങ്ങേയറ്റം സന്തോഷകരവും വെല്ലുവിളികള്‍ നിറഞ്ഞതുമായ നിമിഷങ്ങളിലൂടെ കടന്നുപോയി. എല്ലാം റെക്കോര്‍ഡിലേക്കുള്ള യാത്രയില്‍ നേരിട്ട പരീക്ഷണങ്ങള്‍. 

124 ദിവസം കൊണ്ട് സൈക്കിളില്‍ ലോകം ചുറ്റിയ വനിതയ്ക്കാണ് ഈയിനത്തിലെ ലോകറെക്കോര്‍ഡ്. 38 വയസ്സുള്ള ബ്രിട്ടിഷ് സാഹസികയാത്രിക ജെന്നി ഗ്രഹാം. ഈ വര്‍ഷം തന്നെയാണ് ജെന്നിയും റെക്കോര്‍ഡില്‍ എത്തിയത്. മുമ്പുണ്ടായിരുന്നതിലും മൂന്നാഴ്ച കുറച്ചുമാത്രമെടുത്താണ് ജെന്നി തന്റെ യാത്ര പൂര്‍ത്തിയാക്കിയത്. 

പുണെയില്‍നിന്നുള്ള വേദാങ്കിയുടെ ലോകയാത്ര ഒട്ടും എളുപ്പമായിരുന്നില്ല. പ്രകൃതിയുടെയും മനുഷ്യന്റെയും വന്യഭാവങ്ങള്‍ നേരിട്ടും അതിജീവിച്ചുമാണ് ഈ യുവതി ലോകം കീഴടക്കിയത്. കാനഡയില്‍വച്ച് പിന്തുടര്‍ന്ന ഒരു കരടിയില്‍നിന്ന് സാഹസികമായി രക്ഷപ്പെടുകയായിരുന്നെങ്കില്‍ റഷ്യയിലെ മരം കൊച്ചുന്ന തണുപ്പില്‍ ഒറ്റയ്ക്ക് പല രാത്രികള്‍ കഴിച്ചുകൂട്ടേണ്ടി വന്നു. സ്പെയിനില്‍വച്ച് കത്തി ചൂണ്ടിയ കൊള്ളക്കാരനാണ് വേദാങ്കിയെ പരീക്ഷിച്ചത്. ഓരോ രാജ്യത്തെയും വിസ നേടിയെടുക്കുന്നതിലും പ്രശ്നങ്ങളുണ്ടായിരുന്നു. ഇതു പലപ്പോഴും സമയം അപഹരിച്ചതിനാല്‍ യൂറോപ്യന്റെ ശൈത്യത്തെ യാത്രയിലുടനീളം നേരിടേണ്ടിവന്നു. 

ഇംഗ്ലണ്ടിലെ ബേണ്‍മൗത്ത് സര്‍വകലാശാലയില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് ഡിഗ്രിക്കു പഠിക്കുന്ന വേദാങ്കി രണ്ടുവര്‍ഷം മുമ്പാണ് യാത്രയുടെ ഒരുക്കങ്ങള്‍ തുടങ്ങുന്നത്. ഏറ്റവും സൗകര്യപ്രദമായ സൈക്കിള്‍ തിരഞ്ഞെടുക്കുന്നതു മുതല്‍ ടൈം ഷെഡ്യൂള്‍ തയാറാക്കുന്നതുവരെയുള്ള നിരന്തരമായ ഒരുക്കങ്ങള്‍. യാത്രയുടെ 80 ശതമാനം ദൂരത്തിലും ഒറ്റയ്ക്കായിരുന്നു വേദാങ്കി. വലിയ ഒരു ലോഡും സൈക്കിളില്‍ ഉണ്ടായിരുന്നു. സൈക്കിള്‍ കേടായാല്‍ നന്നാക്കാനുള്ള ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, ക്യാംപ് ചെയ്യുവാനുള്ള ഉപകരണങ്ങള്‍  തുടങ്ങിയവ. ചെലവ് വഹിച്ചതാകട്ടെ പ്രധാനമായും മാതാപിതാക്കള്‍ തന്നെ. 

പെര്‍ത്തില്‍നിന്നു തുടങ്ങിയ യാത്ര ആദ്യം പൂര്‍ത്തിയാക്കിയത് ഓസ്ട്രേലിയന്‍ മണ്ണുതന്നെ. പിന്നെ ന്യൂസിലന്‍ഡ്, പോര്‍ച്ചുഗല്‍, സ്പെയിന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ജെര്‍മനി, ഡെന്‍മാര്‍ക്, സ്വീഡന്‍, ഫിന്‍ലന്‍ഡ് വഴി റഷ്യയിലേക്ക്. റഷ്യയില്‍നിന്ന് യാത്രയുടെ അവസാനത്തെ 4000 കിലോമീറ്റര്‍ പിന്നിട്ട് സ്വന്തം രാജ്യമായ ഇന്ത്യയിലേക്ക്. 20 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള കാലാവസ്ഥയിലൂടെയായിരുന്നു യാത്ര. 

ലോകവിജയം മഹത്തരമാണ്. പക്ഷേ, അതു സാധ്യമാക്കിയത് തന്റെ പിന്നില്‍ ഉറച്ചുനിന്ന മാതാപിതാക്കളാണെന്നു പറയുന്നു വേദാങ്കി. യാത്ര തുടങ്ങുമ്പോള്‍ 19 വയസ്സായിരുന്നു വേദാങ്കിക്ക്. യാത്രയിലാണ് 20 വയസ്സ് പൂര്‍ത്തിയായത്. മകളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെങ്കിലും എപ്പോഴും ഫോണിന്റെ മറുതലയ്ക്കല്‍ കാത്തിരുന്ന് പ്രചോദിപ്പിക്കുകയും വലിയ ലക്ഷ്യത്തിലേക്ക് മാടിവിളിക്കുകയും ചെയ്ത അച്ഛനമ്മമാര്‍ക്കാണ് തന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും വേദാങ്കി കൊടുക്കുന്നത്. മകളുടെ ഇച്ഛാശക്തിയും ദൃഡനിശ്ചയവുമാണ് വിജയത്തിനു കാരണമെന്നും ഇനിയും നേട്ടങ്ങളിലേക്ക് സഞ്ചരിക്കാന്‍ കഴിയുമെന്നും വേദാങ്കിയുടെ പിതാവ് വിവേക് കുല്‍ക്കര്‍ണി സാക്ഷ്യപ്പെടുത്തുന്നു.