Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുടിന്റെ ആദ്യവിവാഹം, അലീന കബേവയുടെ ജനനം; 1983 ന് പറയാനുണ്ടേറെ കഥകൾ

vladimir-putin-alina-kabaeva-25 വ്ലാഡിമിർ പുടിൻ, അലീന കബേവ

2001 ൽ റിലീസ് ചെയ്ത ‘റെഡ് ഷാഡോ’ എന്ന ജാപ്പനീസ് ചലച്ചിത്രം ശ്രദ്ധിക്കപ്പെട്ടതിന്റെ പല കാരണങ്ങളിൽ ഒന്ന് ചിത്രത്തിലെ ഒരു റഷ്യൻ കായികതാരത്തിന്റെ സാന്നിധ്യമാണ്. അലീന കബേവ എന്നാണു താരത്തിന്റെ പേര്. റിഥമിക് ജിംനാസ്റ്റിക്സിലെ താരത്തിളക്കം. ഒളിംപിക് മെഡൽ ഉൾപ്പെടെ ലോകപുരസ്കാരങ്ങൾ നേടിയിട്ടുള്ള മോഡൽ കൂടിയായ അലീന എന്ന മുപ്പത്തിയഞ്ചുകാരി ഇപ്പോൾ ലോകവ്യാപകമായി ചർച്ച ചെയ്യപ്പെടാൻ കാരണം അവരുടെ അഭിനയപാടവമോ, ജിംനാസ്റ്റിക്സ് കഴിവുകൾ മൂലമോ അല്ല.

അലീന റഷ്യയിലെ പ്രഥമ വനിതയാകുമോ എന്നാണ് ലോകം  ഇപ്പോൾ ഉറ്റുനോക്കുന്നത്. ദുരൂഹവും ഇതുവരെയും പൂർണമായി വെളിപ്പെടുത്താതുമായ ഒരു പ്രണയകഥയിലെ നായികയാണവർ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ കാമുകി. 2013–ൽ വിവാഹമോചനം നേടിയ പുടിൻ ഉടൻതന്നെ അലീനയെ വിവാഹം കഴിക്കുമെന്നാണ് ഏറ്റവും പുതിയ വാർത്തകൾ. അങ്ങനെയാണെങ്കിൽ റഷ്യയുടെ പ്രഥമവനിതയായി പാട്ടുകാരിയും നടിയും ജിംനാസ്റ്റിക്സ് താരവും രാഷ്ട്രീയക്കാരിയും മോഡലുമായ അലീന കബേവ തന്നെ വന്നേക്കാം. 

പുടിൻ ആദ്യവിവാഹം കഴിക്കുന്ന അതേ വർഷമാണ് അലീന കബേവ ജനിച്ചതും.1983–ൽ.  ഉസ്ബെക്കിസ്ഥാനിൽ. പ്രഫഷണൽ ഫുട്ബോൾ കളിക്കാരനായിരുന്നു പിതാവ്.ഉസ്ബെക്കിസ്ഥാനിലേക്കും കസാഖിസ്ഥാനിലേക്കമൊക്കെ കുട്ടിക്കാലത്ത് നിരന്തരം യാത്രചെയ്യേണ്ടിവന്നു.

അലീന ജിംനാസ്റ്റിക്സ് തുടങ്ങുന്നത് മൂന്നാം വയസ്സിൽ. മാർഗരീറ്റ സമുലോവ്‍നയായിരുന്നു പരിശീലക. കൗമാരത്തിലെത്തിയതോടെ റഷ്യക്കാരിയായ അമ്മ അലീനയെ മോസ്കോയിൽ എത്തിച്ചു. റഷ്യയുടെ ജിംനാസ്റ്റിക്സ് മുഖ്യ പരിശീലക ഇറീന വീനറിനടുത്ത്. 96– ൽ രാജ്യാന്തര രംഗത്ത് അരങ്ങേറ്റം. രണ്ടുവർഷത്തിനുശേഷം 15–ാം വയസ്സിൽ പോർച്ചുഗലിൽ നടന്ന യൂറോപ്യൻ ചാംപ്യൻഷിപ്പിൽ അലീന വരവറിയിച്ചു. ആദ്യത്തെ ലോകവിജയം സ്വന്തമാക്കിക്കൊണ്ട്. അക്കാലത്ത് റഷ്യൻ ടീമിലെ ഏറ്റവും ജൂനിയറായിരുന്നു അവർ. 99–ൽ രണ്ടാം തവണയും  യൂറോപ്യൻ ചാംപ്യൻ എന്ന പദവി നിലനിർത്തി. യൂറോപ്യൻ ചാംപ്യൻഷിപ്പുകളിൽ മൊത്തം അഞ്ചു മെഡലുകളാണ് അവർ നേടിയത്. 

ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ സിഡ്നിയിൽ നടന്ന ഒളിംപിക്സിൽ അലീന സ്വർണം നേടുമെന്നായിരുന്നു ലോകത്തിന്റെ പ്രതീക്ഷ. പക്ഷേ നിർഭാഗ്യകരമായ ഒരു തെറ്റിനെത്തുടർന്ന് അവർക്ക് വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. പക്ഷേ, ഒരു വർഷത്തിനുശേഷം മധുരപ്രതികാരം വീട്ടിയ അവർ ലോക റിഥമിക് ജിംനാസ്റ്റിക്സ് ചാംപ്യൻഷിപ്പിൽ സ്വർണം തന്നെ നേടി. പിന്നീടങ്ങോട്ട് ലോകവേദികളിൽ ഒതു ജൈത്രയാത്ര തന്നെ നടത്തി അലീന. 

മൽസരം വിജയിക്കുന്നതിൽ മാത്രമായിരുന്നില്ല അലീനയുടെ ശ്രദ്ധ. തന്റെ കായികയിനത്തിൽ ഒട്ടേറെ പുതുമകൾ കൊണ്ടുവരാനും അവർക്കു കഴിഞ്ഞു. അവരുടെ പേരിൽത്തന്നെ അറിയപ്പെടുന്ന ഇനങ്ങൾ ഇപ്പോഴും കായികതാരങ്ങൾ അനുകരിച്ചു വിജയം വരിക്കാറുണ്ട്. 2004ൽ നടന്ന ഏതൻസ് ഒളിംപിക്സ് ആയിരുന്നു അലീനയുടെ കായികജീവിതത്തിലെ സുവർണഅധ്യായം. 

അത്തവണ സ്വർണം നേടി അലീന കുറിച്ചതു പുതുചരിത്രം. അതേ വർഷം ഒക്ടോബറിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ട് കായികരംഗത്തുനിന്നു വിരമിക്കലും പ്രഖ്യാപിച്ചു അലീന. പക്ഷേ, ജൂണിൽ റഷ്യുടെ മുഖ്യപരീശീലക അലീനയുടെ മടങ്ങിവരവു പ്രഖ്യാപിച്ചു. 2006 മോസ്കോ ഗ്രാൻഡ് പ്രീയിൽ വിജയം നേടിക്കൊണ്ട് ഒരിക്കൽക്കൂടി തന്റെ പ്രതീക്ഷ കൈമോശം വന്നിട്ടില്ലെന്ന് അവർ തെളിയിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം പരുക്കിനെത്തുടർന്നു ഫൈനലിലേക്കു യോഗ്യത നേടാനാവാതെ വന്നപ്പോൾ അവേശകരമായ സുവർണ നിമിഷങ്ങൾ ബാക്കിയാക്കി കായിക കരിയറിനു ബ്രേക്കിട്ടു കളിക്കളത്തിലെന്നപോലെ പുറത്തും സൗന്ദര്യത്താൽ ശ്രദ്ധ നേടിയ ഈ കായികതാരം. 

അലീനയുടെ രാഷ്ട്രീയജീവിതത്തിനു തുടക്കം 2005 ൽ – റഷ്യൻ പബ്ലിക് ചേംബർ അംഗമായി. 2008 മുതൽ നാഷണൽ മീഡിയ ഗ്രൂപ്പിന്റെ പബ്ലിക് കൗൺസിൽ അധ്യക്ഷസ്ഥാനത്തും അലീനയുണ്ട്. 2007 മുതൽ 14 വരെ റഷ്യൻ പാർലമെന്റംഗമായിട്ടുമുണ്ട് അലീന. യുണൈറ്റഡ് റഷ്യ പാർട്ടിയെ പ്രതിനിധിയായി. ഏഴുവർഷത്തിനുശേഷം പാർലമെന്റിൽനിന്ന് രാജിവച്ചാണ് അവർ നാഷണൽ മീഡിയ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡിലും പിന്നീട് അധ്യക്ഷസ്ഥാനത്തും എത്തുന്നത്. 

മോസ്കോയിൽ കഴിഞ്ഞദിവസം നടന്ന വാർത്താസമ്മേളനത്തിൽ പുടിൻ തന്നെയാണ് വിവാഹത്തെക്കുറിച്ച് സൂചന നൽകിയത്. 1983–ലായിരുന്നു പുടിൻ വിവാഹം കഴിച്ചത്. ല്യൂഡ്മില്ല പുടിനയായിരുന്നു വധു. എയർ ഹോസ്റ്റസ്. മൂന്നു പതിറ്റാണ്ടു നീണ്ട ദാമ്പത്യ ജീവിതത്തിനുശേഷം ഇരുവരും വേർപിരിയകയായിരുന്നു. കഴിഞ്ഞ പത്തുവർഷമായി ലോകം ചർച്ച ചെയ്യുന്നുണ്ട് പുടിൻ–കബേവ പ്രണയത്തെക്കുറിച്ച്. ഒടുവിൽ പുടിൻ തന്നെ സൂചന നൽകിയതോടെ വിവാഹം അടുത്തുതന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷ.