Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡയറ്റിലും വോഡ്ക; മദ്യാസക്തിയെക്കുറിച്ച് തുറന്നു പറഞ്ഞ് മനീഷ

manisha-koirala-01

ഒരു മഹാരോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്കു തിരിച്ചു വന്നതിനെക്കുറിച്ചും, ജീവിതത്തിലെടുത്ത തെറ്റായ തീരുമാനങ്ങളെക്കുറിച്ചുമെല്ലാം ഹീൽ‍ഡ് എന്ന പുസ്തകത്തിൽ മനീഷ കൊയ്‌രാള തുറന്നെഴുതിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ മദ്യപാനം തന്റെ ജീവിതത്തെ കീഴ്പ്പെടുത്തിയതിനെക്കുറിച്ചും ആ സമയത്തെ ജീവിതത്തെക്കുറിച്ചും മനീഷ കുറിച്ചതിങ്ങനെ :- 

''പണം, പേര്, പ്രശസ്തി എല്ലാം എനിക്കുണ്ടായിരുന്നു. ഏതുസമയത്തും ഒരു പാർട്ടി നടത്താൻ പറ്റിയ ഒരു സുഹൃത് വലയവും എപ്പോഴും എനിക്കു ചുറ്റുമുണ്ടായിരുന്നു. അങ്ങനെ ലോകം തന്നെ കാൽക്കീഴിലായി എന്നു ചിന്തിച്ചു നടന്ന സമയത്താണ് കാരണമറിയാത്ത സങ്കടങ്ങൾ എന്നെ അലട്ടിയത്. 1999 ൽ പുറത്തിറങ്ങിയ ലവാരിസ് എന്ന ചിത്രത്തിന്റെ സമയത്താണ് എനിക്ക് ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവപ്പെട്ടത്. ഒരു ചെറിയ ഇവേള പോലുമെടുക്കാതെ ഞാൻ തുടർച്ചയായി ജോലി ചെയ്യാൻ തുടങ്ങി. വിശ്രമമില്ലാത്ത ജോലിമൂലം രാവിലെ എഴുന്നേൽക്കാനോ, മേക്കപ്പ് ചെയ്യാനോ ഷൂട്ടിങ് ലൊക്കേഷനിലേക്കു പോകാനോ പോലും കഴിയാത്ത വിധം ഞാനാകെ തകർന്നു.

ചെയ്തുകൊണ്ടിരിക്കുന്ന ജോലി, എന്തിന് ജീവിതം തന്നെ എനിക്ക് വിരസമായിത്തുടങ്ങി. ഓരോ ദിവസവും ഒരുപാടു കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടി വരുന്നതും, ഒരുപാട് വികാരങ്ങൾ പ്രകടിപ്പിക്കേണ്ടി വരുന്നതുമൊക്കെ ഒരു ശല്യമായി എനിക്കു തോന്നി. ലൈറ്റ്സ്, ക്യാമറ ആക്ഷൻ എന്നു കേൾക്കുമ്പോൾ മറ്റൊരു വ്യക്തിത്വമാകുന്ന ഒരു യന്ത്രമായി എനിക്കെന്നെ തോന്നി.

ദിവസം ചെല്ലുംതോറും സമ്മർദ്ദം ഏറി വരുന്നതു പോലെ എനിക്കു തോന്നി. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളുടെ സങ്കീർണ്ണതകൾ എന്റെ ആത്മാവിനെപ്പോലും ബാധിക്കാൻ തുടങ്ങി. അവധിക്കാലമില്ലാതെ, നീലാകാശത്തെ കാണാതെ, സ്വർണ്ണനിറമുള്ള കടൽത്തീരങ്ങൾ കാണാതെ ഫിലിം സെറ്റിൽ നിന്നും ഹോട്ടലിലേക്കുള്ള യാത്രയിൽ മാത്രമായി എന്റെ ജീവിതം ചുരുങ്ങിപ്പോകുന്നതുപോലെ എനിക്കു തോന്നി.

ഓസ്ട്രേലിയയടക്കമുള്ള രാജ്യങ്ങളിൽ ഷൂട്ടിങ്ങിനു പോയപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. പ്രകൃതി സ്നേഹിയായ എനിക്ക് പുറംലോകത്തെ കാഴ്ചകളൊന്നും കാണാൻ പോലും സാധിച്ചില്ല. അവിടെ നിന്നും മുംബൈയിലെ മറ്റൊരു ഷൂട്ടിങ് ലൊക്കേഷനിലേക്കായിരുന്നു എന്റെ മടക്കം. 

വിദേശരാജ്യങ്ങളിലേക്കുള്ള യാത്രയും, സിനിമകളിലുള്ള അവസരങ്ങളുമൊന്നും എന്നെ സന്തോഷിപ്പിച്ചില്ല, എന്റെ മനസ്സ് വീണ്ടും വീണ്ടും കലുഷിതമായിക്കൊണ്ടിരുന്നു. അങ്ങനെയൊരവസരത്തിലാണ് മദ്യാപാനം ശീലമാക്കിയത്. ഡയറ്റ് ചെയ്യുമ്പോൾപ്പോലും അത് വോഡ്കയാകുന്ന അവസ്ഥവരെ കാര്യങ്ങളെത്തി. ജീവിതം ബാലൻസ് ചെയ്യാനുള്ള സെൻസ് ഇല്ലെന്ന് എന്റെ മുൻ കാമുകൻ എന്നോടെപ്പോഴും പറയുമായിരുന്നു. ഞാനൊരു വർക്ക്‌ഹോളിക് ആണന്നും  ഒന്നുകിൽ അതിഭയങ്കരമായി ജോലിചെയ്യുകയും അല്ലെങ്കിൽ അതിഭയങ്കരമായി ആഘോഷിക്കുകയും ചെയ്യും ഇതിനിടയിൽ ഒരു ബാലൻസ് ചെയ്തുള്ള ജീവിതം എനിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കും എന്റെ ചുറ്റുമുള്ളവർക്കും അതിനെപ്പറ്റി ഉത്തമ ബോധ്യമുണ്ടായിരുന്നു. പക്ഷേ സത്യത്തിൽ ആ ബാലൻ‌സ് ഇല്ലായ്മയെ ഞാൻ ആസ്വദിക്കുന്നില്ലായിരുന്നു. എന്റെ ജോലിയെ ഞാൻ ഇഷ്ടപ്പെടുകയോ, അഭിനന്ദിക്കുകയോ ചെയ്തിരുന്നില്ല. ശരിയല്ലയെന്ന് ഉത്തമ ബോധ്യമുള്ള കാര്യങ്ങൾ പോലും ഞാൻ മനപൂർവം ചെയ്തുകൊണ്ടിരുന്നു. സിനിമകളുടെ കാര്യത്തിൽ അറിഞ്ഞുകൊണ്ടു തന്നെ തെറ്റായ തിരഞ്ഞെടുപ്പുകൾ തുടർന്നുകൊണ്ടിരുന്നു. എന്റെ ഈഗോയെ തൃപ്തിപ്പെടുന്നതിനുവേണ്ടിയാണ് ഞാനിതൊക്കെ ചെയ്തത്.

പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരമുണ്ടെന്നറിഞ്ഞാൽ ബി ഗ്രേഡ് ചിത്രങ്ങളിൽ പോലും അഭിനയിക്കാൻ ഞാൻ തയാറായിരുന്നു.

സംവിധായകൻ ആരാണ് എന്നതൊന്നും എനിക്കൊരു പ്രശ്നമേയല്ലായിരുന്നു''. മനീഷ പറയുന്നു. പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിച്ച ഹീൽഡ് എന്ന പുസ്തകത്തിലെ അധ്യായങ്ങളിലൊന്നിലാണ് മനീഷ വ്യക്തി ജീവിതത്തിലെയും കരിയറിലെയും വിഷമങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.