sections
MORE

ഭർത്താവിന് സമ്മാനമായി നൽകാൻ നിധിപോലെ സൂക്ഷിക്കേണ്ട ഒന്നല്ല കന്യകാത്വം: കൽക്കി

kalki-koechlin-25
SHARE

മീടൂ മൂവ്മെന്റിനെക്കുറിച്ചും സമൂഹത്തിന്റെ കാഴ്ചപ്പാടിൽ മാറ്റം വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കവേയാണ് ബോളിവുഡ് താരം കൽക്കി കേക്ക്‌ലാൻ മാറേണ്ട ചില കാര്യങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്. സ്ത്രീകൾക്കെതിരെയുള്ള കയ്യേറ്റങ്ങളും അതിക്രമങ്ങളും അവസാനിക്കണമെങ്കിൽ സമൂഹം ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കാൻ തയാറാകണമെന്നും സ്ത്രീ പുരുഷന്മാർ ലൈംഗികപരമായും ശാക്തീകരിക്കപ്പെടണമെന്നുമാണ് കൽക്കി പറഞ്ഞത്.

'' നോ എന്നു പറഞ്ഞാൽ ഒന്നിന്റെയും തുടക്കമല്ല, അത് ഒരു പ്രസ്താവനയുടെ അവസാനമാണ്. അതു മനസ്സിലാക്കുന്ന രീതിയിലുള്ള ഒരു സംസ്‌കാരം വളർത്തിയെടുക്കണം. സ്ത്രീകൾ നോ പറഞ്ഞാലും ചില പുരുഷന്മാർ പിന്മാറില്ല. അവരുടെ പിന്നാലെ നടന്ന് നിർബന്ധിച്ച് നിർബന്ധിച്ച് എതിർക്കാനുള്ള അവരുടെ ശേഷിയെ ദുർബലപ്പെടുത്തിയ ശേഷം അവർ പറഞ്ഞ നോ എന്ന ഉത്തരത്തെ യേസ് ആക്കി മാറ്റാൻ ശ്രമിക്കും. ഈ പ്രശനത്തെക്കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യേണ്ടത്.''- കൽക്കി പറയുന്നു.

നോ എന്നാണ് മനസ്സു പറയുന്നതെങ്കിൽ അങ്ങനെ തന്നെ ഉറപ്പിച്ചു പറയണമെന്ന് നമ്മുടെ പെൺകുട്ടികളെ പഠിപ്പിക്കണം, നോ എന്നതിന്റെ അർഥം പറ്റില്ല എന്നു തന്നെയാണെന്ന് ആൺകുട്ടികളെയും പഠിപ്പിക്കണം. അതുപോലെ തന്നെ പ്രധാനമാണ് വേണം എന്നു തോന്നുകയാണെങ്കിൽ യേസ് എന്ന് മറുപടി പറയുന്നതെന്നും പെൺകുട്ടികളെ പഠിപ്പിക്കണം. ഇതൊക്കെ സാധിക്കണമെങ്കിൽ ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കണം.– കൽക്കി പറയുന്നു.

'' ലൈംഗികതയെ വിശുദ്ധിയുള്ളതോ, അശുദ്ധിയുള്ളതോ ആയി കാണുന്നത് ആദ്യം നിർത്തണം. കന്യകാത്വമെന്നത് പെൺകുട്ടികൾ ഒരു നിധി പോലെ സംരക്ഷിക്കേണ്ടതോ പിന്നീട് ഭർത്താവിന് സമ്മാനമായി നൽകേണ്ടതോ അല്ല. അശുദ്ധമായത് എന്ന മേൽവിലാസം നൽകിക്കഴിഞ്ഞാൽ അത് ചെയ്യാനൊരു പ്രലേഭനമുണ്ടാകും. എന്തിനെങ്കിലും വിശുദ്ധിയുള്ളത് എന്ന മേൽവിലാസം നൽകിയാൽ അതു ചെയ്യാനൊരു ധൈര്യം കിട്ടുകയും ചെയ്യും – കൽക്കി പറയുന്നു.

ലൈംഗികതയെക്കുറിച്ചും ലൈംഗികാതിക്രമങ്ങളെക്കുറിച്ചും മക്കളോട് സംസാരിക്കാൻ ഇന്ത്യയിലെ മാതാപിതാക്കൾ ഇനിയെങ്കിലും തയാറാകണമെന്നും കൽക്കി പറയുന്നു. ലൈംഗികതയെക്കുറിച്ചും അതു നൽകുന്ന ആനന്ദത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചും മക്കൾക്കു പറഞ്ഞുകൊടുക്കാതെ ലൈംഗികാതിക്രമത്തെക്കുറിച്ച് പറയാൻ സാധിക്കില്ലെന്നും, അങ്ങനെ പറഞ്ഞാൽ കുട്ടികൾക്ക് അതു തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ സാധിക്കില്ലെന്നും കൽക്കി പറയുന്നു.

കഴിഞ്ഞ 20 വർഷമായി ഒരു പക്ഷേ നാം നമ്മുടെ പെൺകുട്ടികൾക്ക് ബോധവൽക്കരണം നൽകാൻ ശ്രദ്ധിച്ചിട്ടുണ്ടെന്നും പക്ഷേ ആ സമയത്തൊക്കെ ആൺകുട്ടികൾക്ക് ഇതു സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ നമ്മൾ മറന്നുപോയെന്നും കൽക്കി ഓർമ്മപ്പെടുത്തുന്നു. ഇപ്പോൾ പെൺകുട്ടികളും സ്ത്രീകളും വിദ്യാഭ്യാസമുള്ളവരും സ്വയം പര്യാപ്തരുമാണ്. പക്ഷേ, പുരുഷന്മാരിൽ പലർക്കും മോഡേണായ, ഫോർവേഡായി ചിന്തിക്കുന്ന സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് നല്ല ധാരണയില്ലെന്നും കൽക്കി പറയുന്നു. അതുകൊണ്ട് എങ്ങനെ പെരുമാറണമെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും കൽക്കി അഭിപ്രായപ്പെടുന്നു. ഒരു മാധ്യമത്തിനുവേണ്ടി എഴുതിയ ലേഖനത്തിലാണ് കൽക്കി തന്റെ കാഴ്ചപ്പാടുകളെക്കുറിച്ച് തുറന്നെഴുതിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA