sections
MORE

ലൈംഗിക അതിക്രമത്തിനെതിരെ ആദ്യ എഫ്ഐആർ ഫയൽ ചെയ്തത് 16–ാം വയസ്സിൽ: കങ്കണ

kangana-ranaut-01
SHARE

മീടൂവിനെക്കുറിച്ച് ബോളിവുഡ് താരം റാണിമുഖർജി നടത്തിയ വിവാദപരാമർശത്തിനു പിന്നാലെ ലൈംഗിക അതിക്രമത്തെക്കുറിച്ചും സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് താരം കങ്കണ റണാവത്. ''സമൂഹത്തിന്റെ പിന്തുണ വേണ്ട ആളുകൾക്കും ശാക്തീകരിക്കപ്പെടേണ്ടവർക്കും തീർച്ചയായും അതു നൽകണം. സമൂഹത്തിൽ ശക്തരായ സ്ത്രീകളുണ്ടെങ്കിൽ അവരെ ഒരിക്കലും നിരുൽസാഹപ്പെടുത്തരുത്. ലൈംഗികാതിക്രമത്തിനെതിരെ 16–ാം വയസ്സിൽ എഫ്ഐആർ ഫയൽ ചെയ്ത ആളാണ് ഞാൻ. ആളുകൾ അവരവർക്കുവേണ്ടി നിലകൊള്ളുമ്പോൾ അവരെ ഒരിക്കലും നിരുൽസാഹപ്പെടുത്താൻ പാടില്ല." – കങ്കണ പറയുന്നു. മണികർണിക എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയ്ക്കായി എത്തിയപ്പോൾ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

പീഡനവും ചൂഷണവും നടക്കരുതെന്ന് ആഗ്രഹിക്കുകയാണെങ്കില്‍ അവ ഒഴിവാക്കാന്‍ കഴിയുമെന്നായിരുന്നു റാണി മുഖർജിയുടെ പരാമർശം. സ്ത്രീകള്‍ ശക്തരായി നിന്നാല്‍ ഒരിക്കലും ചൂഷണം നടക്കില്ലെന്നും നടി പറഞ്ഞു. മോശമായ ഉദ്ദേശ്യത്തോടെ ഒരു പുരുഷന്‍ അടുത്തുവന്നാല്‍ ഉറച്ചുതന്നെ പറയുക: പിന്നോട്ട് മാറാന്‍. അങ്ങനെ മാറുന്നില്ലെങ്കില്‍ ഒരുനിമിഷം പോലും അറച്ചുനില്‍ക്കേണ്ടതില്ല, അക്രമിയുടെ കാലുകളുടെ മധ്യത്തില്‍ത്തന്നെ ആഞ്ഞുതൊഴിക്കുകയാണ് വേണ്ടതെന്നും താരം പറഞ്ഞു.

ബോളിവുഡില്‍ പോയ വര്‍ഷം നേട്ടങ്ങള്‍ സൃഷ്ടിച്ച നടികൾ പങ്കെടുത്ത ചർച്ചയിലാണ് കൂടെയിരുന്നവരെ അദ്ഭുതപ്പെടുത്തിയും ആരാധകരെ നിരാശയിലാഴ്ത്തിയും റാണി മുഖര്‍ജി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ദീപിക പദുക്കോണ്‍, അലിയ ഭട്ട്, തബു, തപ്സി പന്നൂ, അനുഷ്ക ശര്‍മ എന്നീ താരങ്ങള്‍ റാണിയുടെ കൂടെയുണ്ടായിരുന്നു. ഇഷ്ടപ്പെട്ട വേഷങ്ങളെക്കുറിച്ചും അഭിനയിക്കാന്‍ മോഹിക്കുന്ന റോളുകളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് തമാശ കലര്‍ത്തി മറുപടി പറഞ്ഞുകൊണ്ടാണ് ചര്‍ച്ച തുടങ്ങിയത്. പിന്നീട് മീ ടൂ മുന്നേറ്റത്തെക്കുറിച്ച് അവതാരകന്‍ ചോദിപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് റാണി തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. മറ്റുള്ളവര്‍ എതിര്‍ക്കാന്‍ ശ്രമിക്കുകയും വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തെങ്കിലും റാണി തന്റെ അഭിപ്രായത്തില്‍ ഉറച്ചുനിന്നു

Rani Mukerji
റാണി മുഖർജി

സിനിമയില്‍ വന്നനാള്‍ മുതല്‍ ഇതുവരെയും ഉറച്ചുവിശ്വസിക്കുന്ന കാര്യങ്ങള്‍ തുറന്നുപറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്- റാണി പറഞ്ഞുതുടങ്ങി. സ്ത്രീകള്‍ ശക്തരായിരിക്കണം. ഓരോരുത്തരും. അതാണു പ്രധാനം. ശക്തിയുണ്ടെന്നു സ്വയം വിശ്വസിക്കാനും അവര്‍ക്കു കഴിയണം. വേണ്ടിവന്നാല്‍ മാറിപ്പോകൂ എന്നൊരു പുരുഷനോടു പറയാനുള്ള ശക്തി. അതാണ് ഓരോ സ്ത്രീകള്‍ക്കും വേണ്ടത്. ആവേശത്തോടെ കൈകള്‍ ഇളക്കി താന്‍ പറയാന്‍ ശ്രമിക്കുന്നത് ഉറച്ചു സ്ഥാപിക്കാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു റാണിയുടെ വാക്കുകള്‍.

നിർഭയമായ നിലപാടുകൊണ്ടും തുറന്നു പറച്ചിൽ കൊണ്ടും ശ്രദ്ധേയയായ കങ്കണയെ ഇനി സ്ക്രീനിൽ കാണാനാവുക റാണി ലക്ഷ്മീ ഭായിയായാണ്. കങ്കണ റാണി ലക്ഷ്മി ഭായിയായി അഭിനയിച്ച മണികർണിക എന്ന ചിത്രത്തിന്റെ ട്രെയിലറിന് പ്രേഷകർക്കിടയിൽ നല്ല സ്വീകാര്യതയാണ് ലഭിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA