Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആളറിയാതെ ആക്രമിക്കാനൊരുങ്ങി; യുവതിയുടെ അടികൊണ്ട് കള്ളൻ വീണു

Polyana Viana പൊളിയാന വിയന ( ഇടത്), മോഷ്ടാവ് (വലത്). ചിത്രത്തിന് കടപ്പാട്: പൊളിയാന വിയന

ഒരു കളിത്തോക്കും കൈയിൽ പിടിച്ചു മോഷണത്തിനിറങ്ങിയ കള്ളനും, ഇടിച്ച് അയാളുടെ മുഖത്തിന്റെ ആകൃതിതന്നെ മാറ്റിക്കളഞ്ഞ ഒരു യുവതിയുമാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. അടികൊണ്ട് താഴെ വീണശേഷം മാത്രമാണ് താൻ ആക്രമിക്കാൻ ശ്രമിച്ചത് കായികാഭ്യാസിയായ യുവതിയെയാണെന്ന സത്യം മോഷ്ടാവ് തിരിച്ചറിഞ്ഞത്.

ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് സംഭവം നടന്നത്. അള്‍ട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈറ്ററായ പൊളിയാന വിയനയാണ് തോക്കു ചൂണ്ടി തന്നെ ആക്രമിക്കാനെത്തിയ മോഷ്ടാവിനെ അടിച്ചു നിലംപരിശാക്കിയത്. ബ്രസീലിലെ മിക്സഡ് മാർഷ്യൽ ആർട്ടിസ്റ്റായ പോളിയാന തന്റെ അപ്പാർട്ട്മെന്റിനു പുറത്തു നിൽക്കുമ്പോഴാണ് മോഷ്ടാവ് ആക്രമിക്കാനെത്തിയത്. സംഭവത്തെക്കുറിച്ച് പോളിയാന പറയുന്നതിങ്ങനെ :-

''സമയം എത്രയായെന്നു ചോദിച്ചു കൊണ്ടാണ് അയാൾ എന്റെയരികിൽ വന്നത്. സമയം പറഞ്ഞിട്ടും അയാൾ അവിടെ നിന്നും പോകാൻ കൂട്ടാക്കാതെ ചുറ്റിപ്പറ്റി നിന്നു. അപകടം മണത്ത ഞാൻ അപ്പോൾത്തന്നെ മൊബൈൽ പോക്കറ്റിലിട്ടു. നിന്റെ ഫോണിങ്ങു താ, പ്രതികരിക്കാൻ നിൽക്കരുത്, എന്റെ കൈയിൽ ആയുധമുണ്ട് എന്നു പറഞ്ഞ് അയാൾ തോക്കെടുത്തു. ഒറ്റനോട്ടത്തിൽത്തന്നെ അതൊരു കളിത്തോക്കാണെന്ന് എനിക്കു മനസ്സിലായി കാരണം അത് കാഴ്ചയിൽ വളരെ മൃദുവായിരുന്നു.– പോളിയാന പറയുന്നു.

''അയാൾ എന്റെ വളരെയടുത്തായിരുന്നു. അത് യഥാർഥ തോക്കായിരുന്നെങ്കിൽ അയാൾ അതിനകം തന്നെ വെടിയുതിർത്തേനേ. അനങ്ങാതെ നിന്ന ശേഷം പൊടുന്നനെ അയാളെ ഞാൻ ആക്രമിച്ചു. രണ്ടിടിയും ഒരു തൊഴിയും കൊണ്ടതോടെ അയാൾ നിലത്തു വീണു. പിന്നെ നാട്ടകാരുടെ സഹായത്തോടെ അയാളെ പിടിച്ച് പൊലീസിലേൽപ്പിക്കുകയും ചെയ്തു''.- പോളിയാന പറയുന്നു.

പൊലീസെത്തി എന്റെ സംശയം സത്യമാണെന്ന് സ്ഥിരീകരിച്ചു. അയാളുടെ കൈയിലുണ്ടായിരുന്നത് തോക്കിന്റെ ഒരു കട്ടൗട്ട് ആയിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നതിനു മുൻപ് അയാളെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. മോഷ്ടാവ് മുൻപും പൊലീസ് കസ്റ്റഡയിലിരുന്നിട്ടുള്ളയാളാണെന്നും പുറത്തിറങ്ങിയിട്ട് അധിക ദിവസം കഴിയുന്നതിനു മുൻപാണ് യുവതിയെ ആക്രമിക്കാൻ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.

''താൻ സുരക്ഷിതയാണെന്നും പ്രതി തന്നെ തിരികെ ഉപദ്രവിക്കാൻ മുതിർന്നില്ലെന്നും അയാൾ ഭയന്നു പോയതുകൊണ്ടാണ് കൂടുതൽ അനിഷ്ട സംഭവങ്ങളുണ്ടാകാതിരുന്നതെന്നും പോളിയാന പറയുന്നു. പൊലീസിനെ വിളിക്കുമെന്ന് ഞാൻ ദേഷ്യത്തിൽ പറഞ്ഞപ്പോൾ, വേഗം പൊലീസിനെ വിളിക്കൂവെന്നാണ് അയാൾ പറഞ്ഞത്. ദേഷ്യം മൂത്ത് അയാളെ ഇനിയും തല്ലിയാലോ എന്നു ഭയന്നിട്ടാവാം അയാൾ അങ്ങനെ പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.