sections
MORE

സിസ്റ്റര്‍ മരിയ തീയോ; വത്തിക്കാന്‍ അത്‍ലറ്റിക്സ് ടീമിലെ അദ്ഭുതം

Vatican-sports-team
SHARE

സ്വേച്ഛാധിപത്യ ഭരണകാലത്ത് അര്‍ജന്റീനയില്‍ ദുരൂഹസാചര്യത്തില്‍ കാണാതായ മാരത്തണ്‍ താരത്തിന്റെ ഓര്‍മയില്‍ ഈ മാസം 20 ന് റോമില്‍ നടക്കുന്ന അത്‍ലറ്റിക്സ് മല്‍സരം ചരിത്രത്തിലേക്ക്. അന്നാണ് ലക്ഷക്കണക്കിനു വിശ്വാസികളുടെ പുണ്യസ്ഥലമായ വത്തിക്കാനില്‍ കന്യാസ്ത്രീകളും പുരോഹിതന്‍മാരും സൈനികരും ഫാര്‍മസിസ്റ്റും ഉള്‍പ്പെട്ട പുതുതായി രൂപംകൊടുത്ത അത്‍ലറ്റിക്സ് ടീം ആദ്യമായി ലോകത്തിനു മുമ്പില്‍ അരങ്ങേറുക. 

19 വയസ്സുകാരനായ സൈനികന്‍ മുതല്‍ 62 വയസ്സുകാരന്‍ വത്തിക്കാന്‍ അപ്പോസ്തലിക് ലൈബ്രറി പ്രഫസര്‍ വരെ അടങ്ങുന്നതാണ് ടീം. വത്തിക്കാന്‍ അത്‍ലറ്റിക്സ് ടീമിലെ ഏറ്റവും വലിയ അദ്ഭുതം സിസ്റ്റര്‍ മരിയ തീയോ എന്ന കന്യാസ്ത്രീയാണ്. ജപമാലയില്‍ വിരലോടിച്ച് പ്രാര്‍ഥന ഉരുവിടാന്‍ മാത്രമല്ല, കായികവേദിയില്‍ മാറ്റുരയ്ക്കാനും തങ്ങള്‍ തയാര്‍ എന്നു പ്രഖ്യാപിക്കുകയാണ് ഈ അദ്ഭുത ടീം. 

മനുഷ്യരെ ഒരുമിപ്പിക്കുന്ന കായികരംഗത്തും ഒരു കൈ നോക്കാന്‍ ഒരുങ്ങുകയാണ് വത്തിക്കാന്‍. ഇനി മല്‍സരവേദികളില്‍ വേഗവും ദൂരവും കീഴടക്കാന്‍ കുതിക്കുന്ന താരങ്ങളുടെ ജേഴ്സിയില്‍ തിളങ്ങുന്ന പുണ്യചിഹ്നവും കാണാനാകും. ഒരേസമയം കൗതുകവും അതിശയവും സൃഷ്ടിക്കുന്ന ആ കാഴ്ചയ്ക്കുവേണ്ടി കാത്തിരിക്കുകയാണ് ലോകം. ഇറ്റാലിയന്‍ ട്രാക്ക് അസോസിയേഷന്റെ ഭാഗമായ ടീം ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‍ലറ്റിക് ഫെഡറേഷന്റെ ഭാഗമാകാനുള്ള ശ്രമത്തിലാണ്.

പേരിനുവേണ്ടി ഒരു ടീം എന്നതല്ല വത്തിക്കാന്റെ ലക്ഷ്യം. ഒളിംപിക്സ് ഉള്‍പ്പെടെയുള്ള രാജ്യാന്തര മല്‍സരങ്ങളില്‍ പങ്കെടുത്ത് കഴിവുതെളിയിക്കുക എന്നതുതന്നെയാണ് വ്യക്തമായ ലക്ഷ്യമെന്ന് ടീം അധികൃതര്‍ വ്യക്തമാക്കിക്കഴിഞ്ഞു. വ്യാഴാഴ്ച ഇറ്റാലിയന്‍ ഒളിംപിക് കമ്മിറ്റിയുമായി സംയുക്ത ഉടമ്പടി ഒപ്പുവച്ചതോടെയാണ് വത്തിക്കാന്‍ ടീം ഔദ്യോഗികമായി നിലവില്‍വന്നത്. വത്തിക്കാനില്‍നിന്നുള്ള ആദ്യത്തെ അത്‍ലറ്റിക്സ് ടീം.

ലക്ഷ്യം ഒളിംപിക്സില്‍ പങ്കെടുക്കുന്നതുതന്നെ എന്നു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉടന്‍തന്നെ ആ വലിയ സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന വ്യാമോഹമൊന്നും തങ്ങള്‍ക്കില്ലെന്നും ടീം അധികൃതർ പറയുന്നു‍. രാജ്യാന്തര മല്‍സരങ്ങളില്‍ കളിച്ച് മല്‍സരപരിചയം ആര്‍ജിച്ച് ലോകത്തെ ഏറ്റവും വലിയ വേദിക്കുവേണ്ടി തയാറാകുക എന്നതാണ് ടീമിന്റെ ഉദ്ദേശ്യം. ഒളിംപിക് മല്‍സരങ്ങളുടെ തുടക്കത്തില്‍ ഓരോ രാജ്യത്തെയും പ്രതിനിധീകരിക്കുന്ന ടീമുകള്‍ അഭിമാനത്തോടെ അവരവരുടെ ദേശീയപതാകയുമായി നീങ്ങുമ്പോള്‍ വത്തിക്കാന്റെ വിശുദ്ധചിഹ്നം ആലേഖനം ചെയ്ത പതാകയുമായി ഒരു കന്യാസ്ത്രീ. അസാധ്യമല്ലാത്ത ആ വലിയ സ്വപ്നത്തിലേക്ക് വേഗം നടക്കുകയാണ് വത്തിക്കാന്‍ അത്‍ലറ്റിക്സ് ടീം. 

ഫുട്ബോള്‍, ക്രിക്കറ്റ് ടീമുകള്‍ വത്തിക്കാന്റേതായി ഇപ്പോള്‍ തന്നെയുണ്ട്. വ്യാഴാഴ്ച ഒപ്പുവച്ച ഉടമ്പടിയിലൂടെ അത്‍ലറ്റിക്സ് ടീം നിലവില്‍ വന്നിരിക്കുന്നു. ഇറ്റലിയില്‍നിന്നുള്ള വദഗ്ധരായ പരിശീലകരുടെ സഹായം ടീമിനുണ്ടാകും. ഒപ്പം ഇറ്റലിയുടെ മെഡിക്കല്‍ ടീമിന്റെ സഹകരണവും. അത്‍ലറ്റിക്സ് ടീം അംഗങ്ങള്‍ കൂടി സന്നിഹിതരായ ചടങ്ങിലായിരുന്നു ടീമിന്റെ രാജ്യാന്തര വേദിയിലേക്കുള്ള അരങ്ങേറ്റത്തിന് ഉടമ്പടി ഒപ്പുവച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA