sections
MORE

ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചത് ആ ഫോൺകോൾ: വിക്ടോറിയ

victoria-pendleton-66
SHARE

ജീവിതത്തിലെ ഏറ്റവും ഭീകരമായ നിമിഷത്തെക്കുറിച്ചു പറയുമ്പോൾ ഒളിംപിക്സ് സ്വർണമെഡൽ ജേതാവ് വിക്ടോറിയ പെൻഡൽടണിന്റെ വാക്കുകളിൽ ഇപ്പോഴുമുണ്ട് ഭീതി. ജീവിതം തിരിച്ചുപിടിച്ചതിന്റെ ആശ്വാസവും. വിഷാദരോഗത്തിന്റെ പിടിയിൽ ആത്മഹത്യക്കുറിച്ചു മാത്രം ചിന്തിച്ച്, അതിനുവേണ്ടി ശ്രമിച്ചു പരാജയപ്പെട്ട വ്യക്തിയാണ് വിക്ടോറിയ. 2012 ലണ്ടൻ ഒളിംപിക്സിലായിരുന്നു ബ്രിട്ടന്റെ സൈക്ലിങ് താരമായ വിക്ടോറിയ സ്വപ്നനേട്ടത്തിലെത്തിയത്. പിന്നീടുള്ള വർഷങ്ങളിൽ, പക്ഷേ അവരുടെ ജീവിത്തിൽ നിറഞ്ഞത് ഇരുട്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ. മാനസിക സംഘർഷങ്ങൾ. അങ്ങനെയിരിക്കെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് അവർ ഒരു രാവിലെ ബ്രിട്ടിഷ് സൈക്ലിങ് സൈക്യാട്രിസ്റ്റ് സ്റ്റീവ് പീറ്റേഴ്സിനെ വിളിച്ചു. 

സമയം രാവിലെ ആറരയായിക്കാണും. മടിച്ചുമടിച്ചാണ് ഞാൻ വിളിച്ചത്. വിളിക്കാതിരിക്കാൻ എനിക്ക് ആവില്ലായിരുന്നു. മണിക്കൂറുകളായി ഞാൻ ഉണർന്നുകിടക്കുകയാണ്. ഉറക്കം നഷ്ടപ്പെട്ടിരുന്നു. കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങുന്നതു ഞാൻ അറിയുന്നുണ്ട്.  അല്ല, ഞാൻ കരയുകയായിരുന്നില്ല. പരാജയപ്പെട്ട മാനസികാവിസ്ഥയായിരുന്നു എനിക്ക് അപ്പോൾ. തോൽപിക്കപ്പെട്ടവളെപ്പോലെ. വല്ലാത്ത നിരാശയും തോന്നി. ഇനിയൊരു പ്രഭാതം വേണ്ടെന്നുതന്നെ ഞാൻ തീരുമാനിച്ചു. പക്ഷേ, അദ്ദേഹം ഫോൺ എടുത്തു. അപ്പോൾ അദ്ദേഹം ഫോൺ എടുത്തില്ലായിരുന്നെങ്കിൽ...ആ നിമിഷത്തെക്കുറിച്ച് അവർക്ക് ചിന്തിക്കാനേ ആവുന്നില്ല. ‌അന്നു ഫോൺ എടുത്ത് ആശ്വസിപ്പിച്ച സ്റ്റീവ് പീറ്റേഴ്സിന്റെ വാക്കുകളുടെ ചിറകിൽ വിക്ടോറിയ ജീവിതത്തിലേക്ക് ചിറകടിച്ചുയർന്നു. 

ലണ്ടനിലെ ഒളിംപിക്സ് നേട്ടത്തിനുശേഷം മുപ്പത്തിയെട്ടുകാരിയായ വിക്ടോറിയ മൽസരങ്ങളിൽനിന്നു വിരമിച്ചു. പിന്നാലെ വിഷാദരോഗത്തിന്റെ പിടിയിലുമായി. അഞ്ചു വർഷത്തെ വിവാഹജീവിതത്തിനൊടുവിൽ 2018 ൽ ഭർത്താവ് സ്കോട്ട് ഗാർഡ്നറുമായി വേർപിരിയുകയും ചെയ്തു. അടുക്കാൻ കഴിയാത്ത രീതിയിൽ മാനസികമായി അകന്നതിനെത്തുടർന്നായിരുന്നു വേർപിരിയിൽ. എങ്ങനെ ജീവിതം അവസാനിപ്പിക്കണം. അതിനെക്കുറിച്ച് അവസാനതീരുമാനവും വിക്ടോറിയ എടുത്തു. എത്രമാത്രം മരുന്ന് കഴിക്കണം. എപ്പോൾ...എങ്ങനെ അവസാന നിമിഷങ്ങൾക്കുവേണ്ടി കാത്തിരിക്കണം. യഥാർഥത്തിൽ ആ ദിവസങ്ങളിൽ ഞാൻ അസ്വസ്ഥയായിരുന്നു എന്നു പറയുന്നതുതന്നെ തെറ്റ്. ജീവിനില്ലായിരുന്നു എന്നു പറയുന്നതാണ് ശരി. ജീവിച്ചിരിക്കുന്നില്ല എന്നുതന്നെ തോന്നി...ഇരുട്ടു നിറഞ്ഞ ദിവസങ്ങളെക്കുറിച്ച് വിക്ടോറിയ ഓർമിക്കുന്നു. ഇന്നിപ്പോൾ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് ഓർമിക്കുമ്പോൾ കുറ്റബോധവുമുണ്ട് വിക്ടോറിയയ്ക്ക്. 

എനിക്കു മാപ്പു തരില്ലേ....ഒരിക്കൽ വിക്ടോറിയ അമ്മയോടു ചോദിച്ചു. ജീവിതം അവസാനിപ്പിച്ചാൽ തന്നോടു പൊറുക്കില്ലേ എന്നായിരുന്നു ചോദ്യം. ആ ചോദ്യം തന്നെ അമ്മയെ അസ്വസ്ഥയാക്കി. എത്രമാത്രം എന്നു വിശദീകരിക്കേണ്ടതില്ലല്ലോ. 

മനഃപൂർവം അമ്മയെയും കുടുംബാംഗങ്ങളെയും വേദനിപ്പിക്കാൻവേണ്ടി ഞാൻ പറഞ്ഞതല്ല. അന്നത്തെ വേദന എത്ര തീക്ഷ്ണമാണെന്ന് ഇന്ന് ഓർമിക്കാൻ പോലും കഴിയുന്നില്ല എന്നതാണ് സത്യം. 

ക്രമേണ വിക്ടോറിയയുടെ ശരീരഭാരവും ഗണ്യമായി കുറഞ്ഞു. സ്റ്റീവ് പീറ്റേഴിസന്റെ സഹായത്തോടെ ആരോഗ്യത്തിലേക്കും സന്തോഷിത്തിലേക്കും തിരിച്ചുവന്ന അവർ കുറച്ചുനാൾ അമ്മയുടെ ഒപ്പം താമസിച്ചു. ഒടുവിൽ ജീവിതത്തിലേക്കുള്ള മടങ്ങിവരവ് ആഘോഷിക്കാൻ കോസ്റ്ററിക്കയിലേക്ക് ഒരു സർഫിങ് ട്രിപ് പോകാൻ വിക്ടോറിയ തീരുമാനിച്ചു. കുടാംബാംഗങ്ങൾ ഉൾപ്പെടെ എല്ലാവരും എതിർത്തിട്ടും അവർ തീരുമാനത്തിൽ ഉറച്ചുനിന്നു. സാഹസികമായ ദൗത്യം ഏറ്റെടുക്കാനുള്ള സമയം ആയിട്ടില്ല എന്നായിരുന്നു എല്ലാവരുടെയും ഉപദേശം. 

സ്വന്തം ഉത്തരവാദിത്തത്തിൽ വേണം പോകാൻ. യാത്രയ്ക്കിടെ എന്തെങ്കിലും സംഭവിച്ചാൽ ആരുണ്ടാകും നോക്കാൻ. എങ്ങനെ മാനേജ് ചെയ്യും....സംശയങ്ങളുണ്ടായിരുന്നു എല്ലാവർക്കും. വിക്ടോറിയ തീരുമാനത്തിൽ ഉറച്ചുനിന്നു. ലക്ഷ്യത്തിൽനിന്നു മാറില്ല എന്നുതന്നെ അവർ ഉറച്ചു. കോസ്റ്ററിക്കയിൽ നിന്നു തിരിച്ചുവന്നപ്പോഴാകട്ടെ അമ്പതു ശതമാനത്തോളം സുഖപ്പെട്ട അവസ്ഥയും. 

കായികലോക‍ത്തെ ഞെട്ടിച്ചുകൊണ്ട് അമേരിക്കൻ സ്കേറ്റിങ് താരം ജോൺ കോളിൻ ആത്മഹത്യ ചയ്ത വാർത്ത പുറത്തുവന്ന ഉടനെയായിരുന്നു വിക്ടോറിയയുടെ ആത്മഹത്യയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA