sections
MORE

പരിഹാസം കടന്ന് പത്മശ്രീയിലേക്ക്; ട്രാൻസ്ജെൻഡർ നർത്തകിയുടെ അതിശയ യാത്ര

narthaki-natraj-01
SHARE

നൃത്തച്ചുവടുകൾ വയ്ക്കാൻ കൊതിക്കുന്ന കാലുകളെ അടക്കിനിർത്താൻ പാടുപെട്ട ബാല്യകാലം. ലാസ്യം വഴിഞ്ഞൊഴുകുന്ന കണ്ണുകളെ  എങ്ങനെ മറയ്ക്കേണ്ടൂ എന്നറിയാതെ ഉഴറിയ ദിവസങ്ങൾ. ഉള്ളിൽനിന്നുയർന്നുകൊണ്ടിരുന്ന പാട്ടുകളെ അടക്കിനിർത്തിയും യഥാർഥ വ്യക്തിത്വം എങ്ങനെ പ്രകടിപ്പിക്കേണ്ടൂ എന്നറിയാതെയും കാരാഗൃഹത്തിലെന്നപോലെ കൈകാലിട്ടടിച്ച നിമിഷങ്ങൾ. ദുസ്വപ്നം പോലെ തോന്നുന്ന ആ ദിവസങ്ങളിൽനിന്ന് പത്മപ്രഭയിലേക്കുള്ള നർത്തകി നടരാജിന്റെ ജീവിതത്തെ ‘ഐതിഹാസികം’ എന്ന ഒറ്റവാക്കിലേ വിശേഷിപ്പിക്കാനാകൂ. 

നടരാജിൽനിന്നു നർത്തകിയിലേക്കുള്ള അതിശയ യാത്ര. കഷ്ടപ്പാടും കണ്ണീരും. അവഗണനയും അവമതിപ്പും. തിരസ്കാരവും പുച്ഛവും. ഇന്ന് യഥാർഥ വ്യക്തിത്വത്തിൽ പുഞ്ചിരിയോടെ ആൺകുട്ടിയായി മുദ്രകുത്തപ്പെട്ട കുട്ടിക്കാലത്തെ പിന്നിലാക്കി ട്രാൻസ്ജെൻഡർ എന്ന് അഭിമാനത്തോടെ സ്വയം വിശേഷിപ്പിച്ച് നർത്തകി രാജ്യത്തിന്റെ അഭിമാനമായിരിക്കുന്നു. ഒപ്പം ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നു പത്മ പുരസ്കാരം നേടുന്ന രാജ്യത്തെ ആദ്യത്തെയാളെന്ന അപൂർവതയും. 

തമിഴ്‍നാട്ടിലെ മധുരയിൽ 1964 ജൂലൈ ആറിന് ജനിച്ച നർത്തകി തന്റെയുള്ളിലെ പെണ്ണിനെ തിരിച്ചറയുന്നത് 10–ാം വയസ്സിൽ. സ്ത്രീത്വം ആവിഷ്ക്കരിക്കാനുള്ള ഒരേയൊരു മാർഗ്ഗം നൃത്തം മാത്രമായിരുന്നു. പക്ഷേ ഒരാൺകുട്ടിയായ മുദ്രകുത്തപ്പെട്ട കുട്ടിക്ക് നൃത്തം പഠിക്കാനുള്ള അവസരങ്ങൾ പോലുമില്ലായിരുന്നു. ഭരതനാട്യമാണ് മനസ്സിനെ സ്പർശിച്ചത്. ആ നൃത്തരൂപമാകട്ടെ ആണുങ്ങൾക്ക് തീരെ യോജിച്ചതുമായിരുന്നില്ല. അക്കാലത്ത് സ്ത്രീകളായിരുന്നു ഭരതനാട്യത്തിൽ ശോഭിച്ചിരുന്നതും. നൃത്തം പഠിക്കണം എന്ന അതിയായ മോഹം ഉള്ളിലൊതുക്കിയും അതിനവസരമില്ലാത്ത വീട്ടിലും സമൂഹത്തിലും ജീവിക്കാനാകാതെയും അവർ ഒളിച്ചോടി– 12–ാം വയസ്സിൽ. ജനിച്ചുവളർന്ന നാട്ടിൽനിന്നും അടിച്ചേൽപിച്ച ആണത്തത്തിൽനിന്നും. 

തുച്ഛവേതനത്തിനുവേണ്ടി ചെയ്യാത്ത ജോലികളില്ല. ഒരു നേരത്തെ ആഹാരത്തിനുവേണ്ടിപ്പോലും കഠിനമായി പണിയെടുത്ത നാളുകൾ. ഊണിലും ഉറക്കത്തിലുമെല്ലാം മനസ്സിൽ മുഴങ്ങിയതു നൃത്തച്ചുവടുകൾ. ഒരു ഗുരുവിനെ കണ്ടെത്തണം. നൃത്തം പഠിക്കണം. മനസ്സു പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവിൽ കഠിനകാലത്തിന്റെ ഇരുട്ടിന്റെ ശേഷം സൂര്യനുദിക്കുന്നതുപോലെ 1984 –ൽ ഗുരുസമക്ഷത്തിൽ എത്തി : തഞ്ചാവൂർ കിട്ടപ്പ പിള്ള എന്ന പ്രശസ്ത ഗുരുവിന്റെ സവിധത്തിൽ. അരങ്ങേറ്റ വേദിയിൽ ഗുരുവാണ് നടരാജിനെ നർത്തകി നടരാജെന്നു നാമകരണം ചെയ്തത്. യാമിനി കൃഷ്ണമൂർത്തി, വൈജയന്തി മാല ബാലി, സുധാറാണി രഘുപതി എന്നിവർക്കൊപ്പം തഞ്ചാവൂർ കിട്ടപ്പ പിള്ളയുടെ രാജ്യമറിയുന്ന ശിഷ്യഗണത്തിൽ ഇന്നു നർത്തകിയുമുണ്ട്. 

15 വർഷക്കാലം ഞാൻ തഞ്ചാവൂർ കിട്ടപ്പ പിള്ള എന്ന ഗുരുവിനൊപ്പം പരിശീലിച്ചു. പഠിച്ചു. തഞ്ചാവൂർ തമിഴ് സർവകലാശാലയിൽ ഗുരുവിന്റെ നൃത്തരൂപങ്ങൾ ആവിഷ്‍കരിക്കുന്ന മോഡൽ കൂടിയായിരുന്നു. വേദികൾ കിട്ടിത്തുടങ്ങി. പക്ഷേ അംഗീകാരം അപ്പോഴും അകന്നുനിന്നു– അന്നത്തെ കാലത്തെക്കുറിച്ച് 54 വയസ്സുകാരിയായ നർത്തകിയുടെ വാക്കുകളിൽ മധുരപ്രതികാരത്തിന്റെ നിറവ്. 

ആത്മവിശ്വാസവും ഇച്ഛാശക്തിയും കൈമുതലാക്കി നർത്തകി വേദികൾ കീഴടക്കി; ആരാധകരെയും. നാട്ടിലും വിദേശത്തും നൂറുകണക്കിനു വേദികൾ. 2011–ൽ രാഷ്ട്രപതിയിൽനിന്ന് സംഗീത നാടക അക്കാമദി പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ കേന്ദ്ര അംഗീകാരം ആദ്യമായി ലഭിക്കുന്ന ട്രാൻസ്ജെൻഡർ ആയി നർത്തകി. 

‘അന്ന് ഞാൻ ഒരു കാര്യം മനസ്സിലാക്കി. ആണോ പെണ്ണോ ട്രാൻസ്ജെൻഡറോ ആരുമാകട്ടെ. ഓരോ വ്യക്തിയും ജനിക്കുന്നത് കഴിവുകളുമായി. ആഗ്രഹവും ആത്മവിശ്വാസവും ഇഛാശക്തിയുമുണ്ടെങ്കിൽ ഉയരങ്ങളിലെത്താം എന്നതുറപ്പ്– നർത്തകി പറയുന്നു. 

ചെന്നൈയിലും മധുരയിലും നർത്തകി നൃത്ത വിദ്യാലയങ്ങൾ നടത്തുന്നുണ്ട്. സുഹൃത്ത് ശക്തി ഭാസ്കറാണു കൂട്ട്. വല്ലിയമ്പലം സ്കൂൾ ഓഫ് ഡാൻസ് . യുകെയിലും യുഎസിലും കാനഡയിലും ബ്രാഞ്ചുകൾ. തഞ്ചാവൂരിന്റെ ലാസ്യപ്രധാനമായ നൃത്തം പഠിക്കാനും പരിശീലിക്കാനും ആസ്വദിക്കാനും ഈ നൃത്തവിദ്യാലയങ്ങളിൽ ദിവസേനയെത്തുന്നുണ്ട് നാട്ടുകാരും മറുനാട്ടുകാരുമായ ആയിരങ്ങൾ. 

‘ഞാനും ശക്തി ഭാസ്കറും ഇവിടെവരെയെത്താൻ നടന്നതു ദൈർഘ്യമേറിയ വഴികൾ. അപമാനവും പുച്ഛവും വേദനയും ഏറെ അനുഭവിക്കേണ്ടിവന്നു. പേടിച്ചും ഭയന്നുമായിരുന്നു പലപ്പോഴും ജീവിതം. എന്നെപ്പോലെ ജനിക്കുന്ന ആളുകൾ വെല്ലുവിളികളെ നേരിടാനാവാതെ പരാജയപ്പെടുന്നത് സർവസാധാരണമായ കാഴ്ച. നാണക്കേടിൽ തലകുനിച്ചും പരാജയപ്പെട്ടും കീഴടങ്ങേണ്ട എന്നുതന്നെ ഞങ്ങൾ തീരുമാനിച്ചു. ദൃഡനിശ്ചയത്താൽ ബഹുമാനിക്കപ്പെടുന്ന, ആദരിക്കപ്പെടുന്ന വ്യക്തികളായി ഞങ്ങൾ മാറി. ഇന്നു ഞങ്ങൾ കലാകാരൻമാർ എന്ന വർഗത്തിന്റെ അംഗങ്ങൾ....നർത്തകിയുടെ വാക്കുകളിൽ ഉയരാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിക്കുമുള്ള സന്ദേശമുണ്ട്. ഒപ്പം സ്ത്രീത്വത്തിന്റെ ചൈതന്യവും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORK & LIFE
SHOW MORE
FROM ONMANORAMA