sections
MORE

എന്റെ അച്ഛന്‍ ഒരു ബസ് കണ്ടക്ടറാണ്: മേജര്‍ ഖുഷ്ബു കന്‍വര്‍

major-khushboo-kanwar-66
SHARE

'ഞാന്‍ വരുന്നത് ഒരു കൊച്ചുകുടുംബത്തില്‍നിന്നാണ്. എന്റെ അച്ഛന്‍ ഒരു ബസ് കണ്ടക്ടറായിരുന്നു. ഇന്നും അച്ഛനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറയുന്നത് അഭിമാനം. ഞാനുള്‍പ്പെട്ട മക്കളെ വളര്‍ത്തിവലുതാക്കാന്‍ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകള്‍ക്ക് സമര്‍പ്പിക്കുന്ന ചെറിയൊരു ഉപഹാരമാണിത്. ഈ റിപ്പബ്ലിക് ദിനത്തിലെ ചരിത്രനേട്ടം. ഇതു സ്വീകരിക്കുക. ഒപ്പം കഠിനാധ്വാനമല്ലാതെ വളര്‍ച്ചയ്ക്ക് മറ്റൊരു എളുപ്പവഴിയില്ലെന്നും രാജ്യത്തെ ജനങ്ങളോടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു - മേജര്‍ ഖുഷ്ബു കന്‍വര്‍ എന്ന യുവതിയുടെ വാക്കുകളാണിത്. കന്‍വറിന്റെ വാക്കുകള്‍ ഭാവി തലമുറയ്ക്കുവേണ്ടിക്കൂടിയുള്ളതാണ്. ഉയരാന്‍ ആഗ്രഹിക്കുന്ന ഓരോ വനിതകൾക്കും ഈ വാക്കുകൾ ആവേശം പകരും

70-ാം റിപ്പബ്ലിക് ദിനം രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചത് വര്‍ണാഭമായ ആഘോഷങ്ങളുടെ പേരില്‍ മാത്രമല്ല; ചരിത്രം രചിച്ച ഐതിഹാസികമായ നേട്ടത്തിന്റെ പേരിലും. ഇതാദ്യമായി വനിതകള്‍ മാത്രം ഉള്‍പ്പെടുന്ന സൈനിക സംഘം പരേഡിന് എത്തി. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പാരാമിലിറ്ററി വിഭാഗമായ അസം റൈഫിള്‍സിന്റെ സ്ത്രീസംഘമാണ് വിശിഷ്ടാതിഥികള്‍ക്കു മുന്നില്‍ രാജ്പഥില്‍ മാര്‍ച്ച് ചെയ്തത്. അവരെ നയിച്ചതാകട്ടെ മേജര്‍ ഖുഷ്ബു കന്‍വര്‍.

പാരമ്പര്യമോ പ്രതാപമോ അവകാശപ്പെടാനില്ലാത്ത കുടുംബത്തില്‍ ഒരു ബസ് കണ്ടക്ടറുടെ മകളായാണ് കന്‍വര്‍ ജനിക്കുന്നത്. സ്വപരിശ്രമത്തിലൂടെ സേനയിലെത്തി. ആണ്‍മേല്‍ക്കോയ്മയും പുരുഷാധിപത്യവുമൊക്കെ പഴംകഥയായപ്പോള്‍ രാജ്യത്തെ സ്ത്രീകള്‍ക്കുമുഴുവന്‍ മാതൃകയായി ഉന്നതസ്ഥാനത്ത്. ഇപ്പോഴിതാ പുതിയൊരു ചരിത്രം രചിച്ച് രാജ്യത്തിന്റെ അഭിമാനചരിത്രത്തില്‍ സ്വന്തം പേരുമെഴുതി കന്‍വര്‍ മുന്നോട്ട്.

അസം റൈഫിള്‍സില്‍ സ്ത്രീകളെ ഉള്‍പ്പെടത്തുന്നത് മൂന്നുവര്‍ഷം മുമ്പ്. ഒട്ടേറെ ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ശേഷം. 'എനിക്കൊന്നേ പറയാനുള്ളൂ. അതിനുശേഷം ഒരു തിരിച്ചുപോക്ക് ഉണ്ടായിട്ടില്ല. സേനയുടെ എല്ലാ വിഭാഗങ്ങളിലും ഇപ്പോള്‍ സ്ത്രീസാന്നിധ്യമുണ്ട്'- കന്‍വറിന്റെ വാക്കുകളില്‍ ചെറുതല്ലാത്ത അഭിമാനം, സന്തോഷം. സൈന്യത്തിന്റെ പ്രത്യാക്രമണ വിഭാഗങ്ങളിലും ഇപ്പോള്‍ സ്ത്രീകളെ ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കന്‍വര്‍ പറയുന്നു. മണിപ്പൂരില്‍, നാഗാലന്‍ഡില്‍. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ നിര്‍ണായക സ്ഥലങ്ങളില്‍. പുരുഷന്‍മാര്‍ എവിടെയൊക്കെ കടന്നുചെല്ലുന്നോ അവിടെയെല്ലാം സ്ത്രീകളുമുണ്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ അവിഭാജ്യവും അനിവാര്യവുമായ ഘടകമായി അവര്‍ മാറിക്കഴിഞ്ഞിരിക്കുന്നു.

ആക്രമണം മുന്നില്‍ നിന്നു നയിക്കുന്ന സൈനിക വിഭാഗങ്ങളില്‍ സ്ത്രീകളെ ഇനിയും ഉള്‍പ്പെടുത്തണോ എന്ന ചര്‍ച്ചകള്‍ക്കു പ്രസക്തിയില്ലെന്നും അവര്‍ ഇപ്പോള്‍തന്നെ സൈന്യത്തിന്റെ ഭാഗമാണെന്നും കൂടി കന്‍വര്‍ ഉറപ്പിച്ചുതന്നെ പറയുന്നു. രാജസ്ഥാനിലെ ജയ്പൂരില്‍നിന്നുവരുന്ന കന്‍വര്‍ സൈന്യത്തിന്റെ ഭാഗമാകുന്നത് 2012-ല്‍. ഡെപ്യൂട്ടേഷനില്‍ ഇപ്പോള്‍ അസം റൈഫിള്‍സില്‍. രാജ്യത്തെ സ്ത്രീകളോട്, പെണ്‍കുട്ടികളോട് എനിക്ക് ഒരു അഭ്യര്‍ഥനയുണ്ട്. സേനയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്. അഭിമാനത്തോടെ സേനയുടെ ഭാഗമാകൂ. 1972- മുതല്‍ സ്ത്രീകള്‍ സൈന്യത്തിന്റെ ഭാഗമാണ്. ഇനിയും മടിച്ചുനില്‍ക്കേണ്ടതില്ല- കന്‍വര്‍ രാജ്യത്തോട് അഭ്യര്‍ഥിക്കുന്നു. കഷ്ടപ്പെടുന്നവര്‍ക്ക് വിജയം സുനിശ്ചിതമാണെന്ന ഓര്‍മപ്പെടുത്തലും കൻവർ തരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA