ADVERTISEMENT

ബി ടൗണിൽ വിദ്യയെത്തിയിട്ട് 14 വർഷം പിന്നിടുന്നു. പ്രതിഛായ ഭയം മൂലം പൊതുവെ നടിമാർ ചെയ്യാൻ മടിക്കുന്ന കഥാപാത്രങ്ങൾ തിരഞ്ഞു പിടിച്ച് ചെയ്ത് വിജയിപ്പിക്കുന്ന വിദ്യയ്ക്ക് എന്നും ആരാധകർ ഏറെയാണ്. പക്ഷേ പ്രായഭേദമെന്യ തന്റെ ആരാധകർ ഉപദേശിക്കാൻ വരുന്നത് ഒരേയൊരു കാര്യത്തിലാണെന്ന് തുറന്നു പറയുകയാണ് വിദ്യ.

അത് തന്റെ തടിയുടെ കാര്യത്തിലാണെന്നും അത്തരക്കാരോട് താൻ കയർക്കാറുണ്ടെന്നും താരം തുറന്നു പറയുന്നു. 

സമൂഹം കൽപ്പിച്ചു നൽകുന്ന അഴകളവുകൾ ഇല്ലാതിരുന്നിട്ടും അഭിനയ പാടവം കൊണ്ടും വ്യക്തമായ നിലപാടുകൾ സിനിമാ മേഖലയിൽ സ്വന്തം സ്ഥാനമുറപ്പിച്ച വിദ്യയ്ക്ക് ഒരുപാടു തവണ ബോഡിഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരം ചോദ്യങ്ങളോടു താൻ പ്രതികരിക്കുന്ന രീതിയെക്കുറിച്ചും തന്റെ ശാരീരികാവസ്ഥയെക്കുറിച്ചും വിദ്യ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

'' എനിക്ക് കുട്ടിക്കാലത്ത് ഹോർമോൺ സംബന്ധമായ ചില പ്രശ്നങ്ങളുണ്ടായിരുന്നു. അതൊരു പക്ഷേ എന്റെ ശരീരത്തെക്കുറിച്ച് എനിക്കുണ്ടായ ചില മുൻവിധികളെ തുടർന്നാവാം. കൗമാരപ്രായത്തിൽ ആളുകൾ എന്നോട് ചോദിച്ചിട്ടുണ്ട്, 'നിനക്ക് നല്ല സുന്ദരമായ മുഖമുണ്ട്, എന്തുകൊണ്ടാണ് നീ തടി കുറയ്ക്കാത്തത്?'. അതുകേട്ട് ഞാൻ പട്ടിണി കിടക്കും.  ഭാരം കുറയ്ക്കാനായി കഠിനമായ വ്യായാമങ്ങൾ ചെയ്യും. അപ്പോൾ ഹോർമോൺ പ്രശ്നത്തിന് അൽ‌പ്പം ശമനം ലഭിക്കും വൈകാതെ രോഗം അതിന്റെ മൂർധന്യാവസ്ഥയിലെത്തും''. 

vidya-balan-856

'മെലിയുന്ന അവസരത്തിൽപ്പോലും തടികൂടുന്നതായി എനിക്കു തോന്നും. ഭാരം കുറഞ്ഞും കൂടിയും കുറഞ്ഞും കൂടിയുമിരുന്നു. ഏതാനും വർഷങ്ങൾ മുമ്പുവരെ ഷൂട്ടിന്റെ സമയത്ത് മോണിറ്ററിൽ എന്റെ സീൻ വരുമ്പോൾ ഞാനതിലേക്ക് നോക്കില്ലായിരുന്നു. എങ്ങാനും അബദ്ധത്തിൽ നോക്കിപ്പോയാൽ എന്റെ തടി കൂടി വരുന്നതായി എനിക്കു തോന്നുമായിരുന്നു'.

vidya-balan69

''എന്നെക്കാണുമ്പോൾ എന്തുകൊണ്ട് വ്യായാമം ചെയ്യുന്നില്ല എന്നൊക്കെ ചിലർ ചോദിക്കും. അങ്ങനെയുള്ളവരെ ഇംഗ്ലീഷിലുള്ള ഒരു ചീത്തവാക്കു വിളിക്കാനാണ് എനിക്ക് തോന്നുന്നത്. ഞാൻ വ്യായാമം ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അവർക്കറിയാം. ഞാൻ എത്ര കഠിനമായ വ്യായാമങ്ങൾ ചെയ്യുന്നുണ്ടെന്ന് അവർക്കറിയാമോ?, ഞാനെത്രമാത്രം വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ടെന്ന് അവർക്ക് ഊഹിക്കാനാകുമോ''?

''വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന ഹോർമോൺ പ്രശ്നം മൂലമാണ് എനിക്ക് ശരീരഭാരം കുറയ്ക്കാനാകാത്തത് എന്ന് ആർക്കെങ്കിലും അറിയാമോ? വർക്കൗട്ടുകൾ എത്രത്തോളം ചെയ്തിട്ടും അത്രത്തോളം ശരീരഭാരം വർധിച്ച സമയങ്ങളും ഇതിനിടയിലുണ്ടായിട്ടുണ്ട്. തടിയുള്ളവരെല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത, അലസൻമാരാണെന്ന മുൻധാരണയോടെയാണ് പലരുടെയും പെരുമാറ്റം. ഇത്തരം ചോദ്യങ്ങൾ എന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കാറുണ്ട്. അതുകൊണ്ടാണ് മുൻവിധിയോടെ എന്നെക്കുറിച്ച് സംസാരിക്കരുതെന്ന് ആളുകളോട് പറയാറുള്ളതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com