sections

Manoramaonline

MORE

ആവേശമാണ് പൂവിതയുടെ ജീവിതം; സിവില്‍ സര്‍വീസ് സ്വപ്നം കണ്ട കർഷകന്റെ മകൾ

poovitha-ias
SHARE

വേഷപ്രച്ഛന്ന മല്‍സരത്തില്‍ പങ്കെടുക്കുമ്പോഴൊക്കെ പൂവിത എന്ന പെണ്‍കുട്ടി തിരഞ്ഞെടുത്തത് െഎഎഎസ് ഓഫിസറുടെ വേഷം. മല്‍സരം കഴിഞ്ഞു വേഷം അഴിച്ചുവെച്ചാലും മനസ്സില്‍നിന്നു മാഞ്ഞുപോയില്ല ആ മോഹം. സിവില്‍ സര്‍വീസ് പരീക്ഷയുടെ കടമ്പ കടന്ന് ഭാവിയില്‍ രാജ്യത്തെ ഭരണ സംവിധാനത്തിന്റെ ഭാഗമാകുന്നത് ആ പെണ്‍കുട്ടി സ്വപ്നം കണ്ടു.

തമിഴ്നാട്ടിലെ കരൂര്‍ ജില്ലയില്‍ ക്ഷീരകര്‍ഷകരുടെ മകളായി പിന്നാക്ക വിഭാഗത്തിലാണ് പൂവിത ജനിച്ചത്. സാഹചര്യങ്ങൾ മോശമായിരുന്നെങ്കിലും തന്റെ സ്വപ്നം ഉപേക്ഷിക്കാനോ പാതിവഴിയില്‍ മറക്കാനോ അവൾ തയാറായില്ല. ജാതിവിവേചനത്തെയും സ്ത്രീവിരുദ്ധ മനോഭാവത്തെയും എതിരിട്ട്, കുടുംബത്തിന്റെയും ബന്ധുക്കളുടെയും ആശയാഭിലാഷങ്ങള്‍ക്കുപോലും വിരുദ്ധമായി പ്രവര്‍ത്തിച്ച് ഒടുവില്‍ സ്വപ്നം യാഥാര്‍ഥ്യമാക്കി പൂവിത സുബ്രഹ്മണ്യന്‍. നിരന്തരമായ കഠിനാധ്വാനവും തളരാത്ത നിശ്ചയദാർഢ്യവും ഇച്ഛാശക്തിയുമായിരുന്നു പൂവിതയുടെ കരുത്ത്. ഒരു കെട്ടുകഥയേക്കാള്‍ അവിശ്വസനീയവും പ്രചോദനാത്മക പ്രസംഗത്തെക്കാള്‍ ആവേശകരവുമാണ് പൂവിതയുടെ ജീവിതം; തലമുറകള്‍ക്കു പാഠപുസ്തകം.

വിവേചനങ്ങൾ തടസമായില്ല

ജാതിവിവേചനത്തിന്റെ ക്രൂരത പൂവിത മനസ്സിലാക്കുന്നത് അനുഭവത്തില്‍നിന്ന്. സമൂഹത്തിലെ ഒരു വിഭാഗത്തിനു കഷ്ടപ്പാടുകള്‍ മാത്രമായിരുന്നു ജീവിതം. രാവിലെ മുതല്‍ വൈകിട്ടു വരെ അധ്വാനിക്കുക. തുച്ഛമായ കൂലികൊണ്ട് ജീവിതാവശ്യങ്ങള്‍ നിറവേറ്റുക. അവര്‍ അധ്വാനിച്ചുണ്ടാക്കുന്ന വിളവ് അനുഭവിക്കുന്നവരാകട്ടെ, കഷ്ടപ്പെടുന്നവരെ കാണുന്നതു പോലും അപശകുനമായി കരുതുന്നവർ.

സ്ത്രീവിവേചനവും വളരെ പ്രകടമായിരുന്നു. വലിയ തുക സ്ത്രീധനം കൊണ്ടുവരാഞ്ഞതിന്റെ പേരില്‍ അമ്മയെ അച്ഛന്റെ അമ്മ കുറ്റപ്പെടുത്തുന്നത് കുട്ടിക്കാലത്തു പൂവിത കേട്ടിട്ടുണ്ട്. മേല്‍ജാതിക്കാര്‍ പിന്നാക്കക്കാരെ പേരെടുത്തു വിളിക്കുന്ന പതിവുപോലുമില്ലായിരുന്നു. ജാതിപ്പേരു പറഞ്ഞ് എല്ലാവരെയും വിളിക്കും. ഉന്നതവിഭാഗങ്ങള്‍ക്ക് താഴ്ന്നവരെല്ലാം ഒരേ പേരുകാര്‍ മാത്രം. സ്വന്തം കുടുംബത്തില്‍ ബിരുദം നേടിയ ആദ്യത്തെ ആളായിരുന്നു പൂവിത. 12-ാം ക്ലാസിനുശേഷം ചരിത്രത്തില്‍ ബിരുദമെടുത്ത് ഐഎഎസിനു പഠിക്കുക എന്നതായിരുന്നു ആഗ്രഹം. പക്ഷേ, കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് കോയമ്പത്തൂര്‍ കുമാരഗുരു കോളജില്‍ ടെക്സ്റ്റൈല്‍ ടെക്നോളജിയില്‍ ബിടെക്കിനു ചേര്‍ന്നു.

ഇന്‍ഫോസിസില്‍ ജോലി, വീണ്ടും ഐഎഎസ് മോഹം

ബിടെക് കഴിഞ്ഞ് െഎഎഎസിനു പഠിക്കാന്‍ ആഗ്രഹിച്ചെങ്കിലും കുടുംബത്തിന്റെ മോശം സാമ്പത്തികനിലയെ തുടർന്ന് ഇന്‍ഫോസിസില്‍ ജോലിക്കു ചേര്‍ന്നു. മൂന്നു വര്‍ഷം ജോലി ചെയ്തപ്പോഴേക്കും െഎഎഎസ് മോഹം വീണ്ടും തലപൊക്കി.. ജോലി രാജിവച്ചു പൂവിത. ബന്ധുക്കള്‍ എതിരു നിന്നു. ഒരു പെണ്‍കുട്ടിയെ ഇത്രയധികം പഠിപ്പിക്കേണ്ടതുണ്ടോ എന്നായിരുന്നു അവരുടെ ചോദ്യം. പഠിച്ചു ജോലി കിട്ടി മറ്റൊരു സമുദായത്തില്‍നിന്നു വിവാഹവും കഴിച്ച് കുട്ടി പോകുമെന്നും അങ്ങനെയൊരാള്‍ക്കുവേണ്ടി വലിയ തുക മുടക്കുന്നതു മണ്ടത്തരമാണെന്നും അവര്‍ അച്ഛനമ്മമാരെ ഉപദേശിച്ചു.

കല്യാണം കഴിച്ചയയ്ക്കാനും കുടുംബനാഥയാകാനും വേണ്ടിമാത്രമാണ് പെണ്‍കുട്ടികളെ വളര്‍ത്തുന്നത് എന്ന ധാരണ തെറ്റാണെന്ന് സ്വന്തം ജീവിതം കൊണ്ടു തെളിയിക്കേണ്ടിവന്നു പൂവിതയ്ക്ക്. ഡല്‍ഹിയിലേക്കു താമസം മാറ്റി. െഎഎഎസ് പരീക്ഷയ്ക്കു പഠനം തുടങ്ങി. പക്ഷേ, ആദ്യശ്രമത്തില്‍ പ്രിലിമിനറി പോലും കടന്നില്ല. അടുത്ത വര്‍ഷം വിവാഹം കഴിക്കാന്‍ വീട്ടില്‍നിന്നു സമ്മര്‍ദം കൂടിയതിനാല്‍ പരീക്ഷ എഴുതാനും കഴിഞ്ഞില്ല.

പിന്നെ ഇന്ത്യന്‍ റെയില്‍വേ പേഴ്സണല്‍ സര്‍വീസിലേക്കു തിര‍ഞ്ഞെടുക്കപ്പെട്ടു. വീണ്ടും ശ്രമങ്ങള്‍ തുടര്‍ന്നു. കടുകട്ടിയായിരുന്നു അഭിമുഖം. പരാജയപ്പെടുമെന്നുതന്നെ പൂവിത ഉറപ്പിച്ചു. പക്ഷേ, അച്ഛനും അമ്മയും കൂടെനിന്നു. വഡോദരയില്‍വച്ചാണ് താന്‍ െഎഎഎസ് മല്‍സര പരീക്ഷ വിജയിച്ച വിവരം പൂവിത അറിയുന്നത്. വാര്‍ത്ത ഫോണില്‍ വിളിച്ചറിയപ്പോള്‍ സന്തോഷത്താല്‍ പൊട്ടിക്കരഞ്ഞുപോയി അച്ഛനുമമ്മയും. അവര്‍ എന്തൊക്കെയോ വിളിച്ചുകൂവുന്നുണ്ടായിരുന്നു. അത്രയ്ക്കായിരുന്നു ആഹ്ലാദവും ആവേശവും.

ദിവസം10 മണിക്കൂര്‍ പഠനം

ദിവസം10 മണിക്കൂര്‍ മാത്രമായിരുന്നു പഠനം. കൂടാതെ, ഒരേ മോഹം താലോലിക്കുന്നവരുടെ ഒരു ഗ്രൂപ്പുമുണ്ടായിരുന്നു. കൂട്ടായ പഠനം മികച്ച ഫലം തരുമെന്നാണു പൂവിതയുടെ അനുഭവം. മൂന്നുവര്‍ഷം മുമ്പ് 2015-ല്‍ ദേശീയതലത്തില്‍ 175-ാം റാങ്ക് നേടി വിജയം. പരിശീലനത്തിനുശേഷം കര്‍ണാടകയിലെ ഉ‍ഡുപ്പി ജില്ലയില്‍ നിയമനം.

സ്വയം വിശ്വസിക്കുക, സ്വന്തം കഴിവുകള്‍ തിരിച്ചറിയുക

‘സ്വയം വിശ്വസിക്കുക, സ്വന്തം കഴിവുകള്‍ തിരിച്ചറിയുക. തളര്‍ത്താനും പിന്തിരിപ്പിക്കാനും കാരണങ്ങള്‍ ഏറെയുണ്ടാകും. പരീക്ഷയില്‍ ആദ്യശ്രമത്തില്‍ പരാജയപ്പെട്ടേക്കാം. രണ്ടാമതു വിജയം തേടിവരും. സ്ഥിരമായി അധ്വാനിക്കുക. ഒരിക്കലും പ്രതീക്ഷ കൈവെടിയാതിരിക്കുക. ഒടുവില്‍ വിജയം നിങ്ങള്‍ക്കുതന്നെയായിരിക്കും’- പൂവിത പുതിയ തലമുറയോടു പറയുന്നു. ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍ ഡിപ്പാർട്ട്മെന്റില്‍ അസിസ്റ്റന്റ് സെക്രട്ടറിയായി ജോലി ചെയ്യുന്ന പൂവിതയുടെ അടുത്ത നിയമനം കര്‍ണാടക കേഡറില്‍ സബ് ഡിവിഷനല്‍ ജില്ലാ മജിസ്ട്രേറ്റായി.

ഒന്നുകില്‍ െഎഎഎസ് ഓഫിസര്‍ അല്ലെങ്കില്‍ ഒരു പ്രൈമറി സ്കൂള്‍ അധ്യാപിക. ഇതായിരുന്നു പൂവിതയുടെ ആഗ്രഹം. സമൂഹത്തില്‍ മാറ്റം ആഗ്രഹിക്കുന്നുവെങ്കില്‍ കുട്ടികളുടെ മനസ്സിലാണു മാറ്റം വരുത്തേണ്ടത് എന്നാണു പൂവിതയുടെ അഭിപ്രായം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA