ADVERTISEMENT

കനലണയാതെ വീണ്ടും മീ ടൂ. ചെറിയൊരു ഇടവേളയ്ക്കുശേഷം ഇത്തവണ ലാറ്റിൻ അമേരിക്കയിൽനിന്നാണ് ഒരു പ്രമുഖനെതിരെ ലൈംഗികാക്രമണ ആരോപണം ഉയരുന്നത്. അധികാരവും പദവിയും ദുരുപയോഗം ചെയ്ത് സ്ത്രീയെ ആക്രമിച്ചെന്ന ഗുരുതര പരാതി. ആരോപണത്തെ അനുകൂലിച്ച് ജനങ്ങൾ തെരുവിലിറങ്ങുകയും തങ്ങൾ പരാതിക്കാരിയെ വിശ്വസിക്കുന്നു എന്നു പ്രഖ്യാപിക്കുകയും ചെയ്തതോടെ  പ്രതിസന്ധി കടുത്തിരിക്കുകയാണ്. 

സൗന്ദര്യമൽസര ജേതാവ് മുൻ മിസ് കോസ്റ്ററിക്ക യാസ്മിൻ മൊറെയ്ൽസ്‌യാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ മുൻപ്രസിഡന്റും സമാധാന നൊബേൽ ജേതാവുമായ ഓസ്കർ ഏരിയസിനെതിരെയാണ് ആരോപണം. നാലുവർഷം മുമ്പ് ഏരിയസ് തന്നെ അനുമതിയില്ലാതെ ലൈംഗികാക്രമണത്തിനു വിധേയയാക്കി എന്നാണ് മൊറെയ്ൽസിന്റെ പരാതി. ഇതിനുമുമ്പും ഏരിയസിനെതിരെ ആരോപണം ഉണ്ടായിട്ടുണ്ട്. ഇപ്പോൾ മുൻ സൗന്ദര്യറാണിയുടെ ആരോപണം കൂടിയായതോടെ പ്രതിക്കൂട്ടിലായിരിക്കുകയാണ് ഏരിയസ്. 

മുൻ പ്രസിഡന്റിന്റെ സാൻ ജോസിലെ വസതിയിൽവച്ചായിരുന്നു അപ്രതീക്ഷിത ആക്രമണം എന്നു പറയുന്നു മൊറെയ്ൽസ്. സമൂഹമാധ്യമം വഴി പരിചയപ്പെട്ടതിനുശേഷമായിരുന്നു ന്യായീകരിക്കാനാവാത്ത പ്രവൃത്തി ഉണ്ടായത്. ‘അയാൾ പെട്ടെന്ന് എന്നെ കടന്നുപടിച്ചു. ബലം പ്രയോഗിച്ച് ശരീരത്തിലേക്ക് ചേർത്തുനിർത്തി. അതിനുശേഷം എന്റെ മാറിടത്തിൽ സ്പർശിക്കുകയും അനുമതിയില്ലാതെ ചുംബിക്കുകയും ചെയ്തു’– മൊറെയ്ൽസിന്റെ പരാതിയിൽ പറയുന്നു. ആരോപണം ആദ്യം പുറത്തുവന്നത് മാധ്യമങ്ങളിലൂടെയാണ്. സംഭവം സത്യമാണെന്നുപറഞ്ഞുകൊണ്ട് കഴിഞ്ഞദിവസം മൊറെയ്ൽസ് തന്നെ രംഗത്തെത്തുകയും ചെയ്തു. 

‘ഞാൻ ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു. പ്രശസ്തനും എന്റെ ആരാധനാപാത്രവുമായ, സ്വാധീനശേഷിയുള്ള ഒരാളിൽനിന്ന് ഇത്തരമൊരു പെരുമാറ്റം എനിക്കു സങ്കൽപിക്കാൻ പോലുമായില്ല– മൊറെയ്ൽസ് കൂട്ടിച്ചേർത്തു. 

പരാതിയുടെ കോപ്പി ലഭിച്ചതായി ഏരിയസിന്റെ അഭിഭാഷകനും സമ്മതിച്ചു. പക്ഷേ, അന്വേഷണം നടക്കുന്നതിനാൽ 78 വയസ്സുകാരനായ മുൻ പ്രസിഡന്റ് സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ചു. വർഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാൻ നടത്തിയ ശ്രമങ്ങളുടെ പേരിലാണ് ഏരിയസിന് നൊബേൽ സമ്മാനം ലഭിച്ചത്. 

രണ്ടുതവണ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലെത്തിയ ഏരിയസിനെതിരെ ആദ്യമായി പീഡനാരോപണം ഉന്നയിക്കുന്നത് അണുവായുധ വിരുദ്ധ പ്രവർത്തക അലക്സാന്ദ്ര ആർസ്. ഇപ്പോൾ മൊറെയ്ൽസിൽനിന്നു ലഭിച്ചിരിക്കുന്ന പരാതി ലൈംഗിക പീഡനത്തെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിൽ ഉൾപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മീ ടൂവിന്റെ ഭാഗമായി പലരും പരാതി പറഞ്ഞിരുന്നെങ്കിലും തെളിവുകൾ നിരത്തി ഔദ്യോഗികമായി പരാതി നൽകിയത് രണ്ടുപേരാണ്. പുതിയ സംഭവം കൂടി ഉൾപ്പെടുത്തി  അന്വേഷണം സജീവമാക്കുമെന്നും അവർ പറയുന്നു. 

ഇതിനോടകം ആറോളം സ്ത്രീകൾ ഏരിയസിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ആദ്യത്തെ പരാതി വാർത്തയായപ്പോൾതന്നെ സംഭവം പൂർണമായും തെറ്റാണെന്ന് .മുൻ പ്രസിഡന്റ് പ്രസ്താവിച്ചിരുന്നു. സ്ത്രീകൾക്കുനേരെ താൻ ആക്രമണം നടത്തിയിട്ടില്ലെന്നും സ്ത്രീ–പുരുഷ സമത്വത്തിനുവേണ്ടിയാണ് തന്റെ നിലപാടുകളെന്നും അദ്ദേഹം പറയുന്നു. മൊറെയ്ൽസിന്റെ ആരോപണം പുറത്തുവന്നതിനെത്തുടർന്ന് നൂറുകണക്കിന് അനുയായികൾ തായാലൻ‍ഡിലെ തെരുവുകൾ കീഴടക്കി. നാണക്കേടുമൂലം നിങ്ങൾ തല ഉയർത്താതിരിക്കുകയാണെങ്കിൽ‌ , ‌പേടിച്ചിരിക്കുകയാണെങ്കിൽ ഞങ്ങൾ പറയുന്നു– ഞങ്ങൾ നിങ്ങൾക്കൊപ്പം. 

പഴയൊരു ക്രിമിനനൽ കേസിന്റെ വിധി വന്നതിനെത്തുടർന്ന് നാഷണൽ ലിബറേഷൻ പാർട്ടിയുമായി ഇപ്പോൾ ഏരിയസിന് 

ബന്ധമൊന്നുമില്ലെന്നു പറഞ്ഞ് മുൻ പ്രസിഡന്റുമായുള്ള ബന്ധം പാർട്ടിയും വിഛേദിച്ചിരിക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com