ADVERTISEMENT

ഒരു രാജകുമാരിയുടെ കഥയാണിത്; രാജകൊട്ടാരത്തില്‍നിന്നു പുറത്തുപോയിട്ടും ജനങ്ങളുടെ മനസ്സില്‍ രാജകുമാരിയായിത്തന്നെ നിലനിന്ന സൗന്ദര്യത്തിന്റെയും ഐശ്വര്യത്തിന്റെയും ഉറച്ച വ്യക്തിത്വത്തിന്റെയും ജീവനുള്ള കഥ. ജീവിതത്തിന്റെ യഥാര്‍ഥ്യം തേടിയും  എന്നെന്നും നിലനില്‍ക്കുന്ന സന്തോഷം തേടിയും ഒരു സമ്പന്നയുവതി നടത്തുന്ന അന്വേഷണത്തിന്റെ കഥയാണ് ‘വേര്‍ ദ് മിറക്കിള്‍സ് ഹാപ്പന്‍സ്’  എന്ന തായ്‍ലന്‍ഡ് സിനിമ. 

സമ്പത്തും പദവിയും പ്രതാപവും ഉപേക്ഷിച്ച് യുവതി ഒരു വിദൂരഗ്രാമത്തില്‍ അധ്യാപികയാകുന്നു. കുട്ടികളുമായും പ്രദേശവാസികളുമായുള്ള അധ്യാപികയുടെ ഇടപെടലുകളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. ഒരു നോവലിനെ ആസ്പദമാക്കിയാണ് വേര്‍ ദ് മിറക്കിള്‍സ് ഹാപ്പന്‍സ് എന്ന ചലച്ചിത്രം നിര്‍മിച്ചിരിക്കുന്നത്. എഴുത്തുകാരി തന്നെയാണ് സിനിമയിലെ നായികയും. പിമാഡോ എന്ന അധ്യാപിക. ചിത്രീകരണ സമയത്തുതന്നെ സിനിമ ശ്രദ്ധപിടിച്ചുപറ്റാന്‍ കാരണം നായികയുടെ റോളിലെത്തിയ രാജകുമാരിയുടെ സാന്നിധ്യം. 

തായ്‌ലൻഡ് രാജാവ് മഹാവജിരലോങ്‌കോണിന്റെ മൂത്തസഹോദരിയും ഭൂമിബോൽ അതുല്യതേജ് രാജാവിന്റെ മൂത്തപുത്രിയുമായ ഉബോൽരത്തന രാജകന്യ സിരിവധന ബർനാവദിയുടെ സാന്നിധ്യം. എഴുത്തുകാരിക്കു പുറമെ ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഗായിക കൂടിയാണ് രാജകുമാരി. അരനൂറ്റാണ്ടു മുമ്പ് ഉപരിപഠനാര്‍ഥം അമേരിക്കയിലേക്കു പോയ പുരോഗമനവാദി. പഠനവും അമേരിക്കന്‍ ജീവിതവും ഉബോൽരത്തനയുടെ വ്യക്തിത്വം മാത്രമല്ല രൂപപ്പെടുത്തിയത്, വ്യത്യസ്തമായ ജീവിതവും കൂടിയാണ്.

princess-ubolratana-04

മാസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഗണിതശാസ്ത്രവിദ്യാര്‍ഥിയായിരിക്കെ സഹപാഠി പീറ്റര്‍  ജെന്‍സണ്‍ രാജകുമാരിയുടെ കാമുകനായി; പിന്നീട് ജീവിതപങ്കാളിയും. രാജപദവികള്‍ ഉപേക്ഷിച്ചതിനുശേഷമായിരുന്നു വിദേശ യുവാവുമായുള്ള വിവാഹം. എങ്കിലും തായ്‍ലന്‍ഡിന്റെ മനസ്സില്‍ ഉബോല്‍രത്തന രാജകുമാരിയായിത്തന്നെ നിലനിന്നു. 

വിവാഹശേഷം അമേരിക്കയിലെ സാന്‍ഡിയാഗോയില്‍ താമസം. പുതിയ പേര് ജൂലി ജെന്‍സണ്‍. 1998-ല്‍ വിവാചമോചനം നേടിയ ശേഷം ജൂലി കുട്ടികളുമായി തായ്‍ലന്‍ഡില്‍ തിരിച്ചെത്തി; രാജ്യത്തിന്റെ പ്രിയങ്കരിയായ, പ്രിയപ്പെട്ട രാജകുമാരി ഉബോൽരത്തനയായി. രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തിനുള്ള എല്ലാ പരിഗണനയും ലഭിച്ച ഉബോല്‍രത്തന പ്രായത്തിനു വഴങ്ങാത്ത രാജകീയ സൗന്ദര്യത്തിന്റെ ഉടമ കൂടിയാണ്. ഒരിക്കല്‍ വിമതയുടെ വേഷം കെട്ടി കൊട്ടാരത്തിനു പുറത്തുപോയ ഉബോല്‍രത്തനയ്ക്ക് സ്വന്തമായ അഭിപ്രായങ്ങളുണ്ട് ആശയങ്ങളും. അതുകൊണ്ടുതന്നെയാണ് രാജകൊട്ടാരത്തെ എതിര്‍ക്കുന്ന ഒരു ഭരണകൂടത്തിനെതിരെ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്ത് ജനങ്ങളുടെ ഇഷ്ടം നേടാന്‍ അവര്‍ ആഗ്രഹിച്ചതും. 

പക്ഷേ, രാജകൊട്ടാരത്തിലെ അംഗങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങരുതെന്ന നിലപാടില്‍ കൊട്ടാരം ഉറച്ചുനിന്നപ്പോള്‍ പിന്‍വാങ്ങുകയാണ് ഉബോല്‍രത്തന. പരാജിതയായി തലകുനിച്ചല്ല; താന്‍ നിശ്ശബ്ദയല്ലെന്ന് ജനങ്ങളെയും കൊട്ടാരത്തെയും ബോധ്യപ്പെടുത്തിയതിനുശേഷം. രാജ്യത്തിന്റെ പുരോഗതിയാണ് തന്റെ ലക്ഷ്യമെന്നും സ്വാര്‍ഥതാല്‍പര്യങ്ങളല്ലെന്നും ഉറച്ചു പ്രഖ്യാപിച്ചശേഷം. എന്നുമെന്നും തന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ജനങ്ങളുടെ സ്നേഹത്തില്‍ നന്ദി പറഞ്ഞുകൊണ്ട്.

തായാലന്‍‍ഡ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാനുമുള്ള ഉബോല്‍രത്തനയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. അഞ്ചുവര്‍ഷമായി തിര‍‍ഞ്ഞെടുപ്പ് നടത്താതെ ഭരണത്തിലിരിക്കുന്ന, വീണ്ടും ഭരണം തുടരാമെന്നും മോഹിച്ചവരുടെ ചങ്കിടിപ്പു കൂട്ടുന്ന തീരുമാനം. രാജകുമാരി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഉടന്‍ തന്നെ തായ് രക്ഷാ ചാര്‍ട്ട് പാര്‍ട്ടിയുടെയും പിന്തുണ കിട്ടിയെങ്കിലും രാജകുടുംബാംഗങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്ന വിലയിരുത്തല്‍ എത്തിയതോടെ അന്തസ്സോടെ അപ്രതീക്ഷിതമായിത്തന്നെ പിന്‍മാറിയിരിക്കുകയാണ് രാജകുമാരി; ഒരു പക്ഷേ കഥ ഇനിയും തുടരാമെന്ന സൂചനയോടെ. 

princess-ubolratana-03

മുന്‍ പ്രധാനമന്ത്രിയും ശതകോടീശ്വരനുമായ താക്സിന്‍ ഷിനവ്രതയുടെ നേതൃത്വത്തിലാണ് തായ് രക്ഷാ ചാര്‍ട്ട് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. വിദേശത്തു കഴിയുകയും തായ്‍ലന്‍ഡിലേക്ക് തിരിച്ചുപോകാന്‍ ഒരവസരത്തിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന ഷിനവ്രതയ്ക്കു ലഭിച്ച സുവര്‍ണാവസരമായിരുന്നു ഉബോല്‍രത്തനയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം. സൈന്യത്തിന്റെയും സമ്പന്നരുടെയും കണ്ണിലെ കരടായ ഷിനവ്രതയ്ക്ക് ഇപ്പോഴും  രാജ്യത്തെ സാധാരണക്കാരുടെ പിന്തുണയുമുണ്ട്. 

2006-ല്‍ സൈനിക അട്ടിമറിയിലൂടെ അധികാരം നഷ്ടപ്പെട്ട ഷിനവത്ര സഹോദരി യങ്‍ലക്കിനെ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിച്ച് വീണ്ടും അധികാരത്തില്‍ പിടിമുറുക്കിയെങ്കിലും 2014- ല്‍ അതും നഷ്ടപ്പെട്ടു. വീണ്ടുമൊരു അട്ടിമറിയില്‍ യങ്‍ലക്കും രാജ്യം വിടാന്‍ നിര്‍ബന്ധിതയായി. ഈ നാടകങ്ങളൊക്കെ നടക്കുമ്പോഴും നിശ്ശബ്ദസാക്ഷിയായിരുന്നു ഉബോല്‍രത്തന. ജനങ്ങളുടെ മനസ്സില്‍ തനിക്കുള്ള സ്ഥാനത്തെക്കുറിച്ചും അവര്‍ക്കു ബോധ്യമുണ്ട്. 

ജനാധിപത്യം തിരിച്ചുകൊണ്ടുവരാനും ജനാധിപത്യ പ്രക്രിയ പുനഃസ്ഥാപിക്കാനും ലഭിക്കുന്ന അവസരമായാണ് മാര്‍ച്ച് 24 നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ അവര്‍ കണ്ടതും. മോഹം പാതിവഴിയില്‍ പൊലിഞ്ഞെങ്കിലും രാജകൊട്ടാരത്തിന്റെ സാന്നിധ്യവും സ്വാധീനവും തായ്‍ലന്‍ഡില്‍ ഇല്ലാതാകുന്നില്ല; ഉബോല്‍രത്തനയുടെ ഭാവിപ്രതീക്ഷകളും. സൈന്യത്തിന്റെ പിന്തുണയോടെ പ്രധാനമന്ത്രി പ്രയുത് ചാന്‍ ഒചയ്ക്ക് ഒരിക്കല്‍ക്കൂടി വിജയവുമായി തുടരാന്‍ കഴിഞ്ഞേക്കുമെങ്കിലും അപ്രതീക്ഷിതമായ കഥാഗതികളെ തീര്‍ത്തും അവഗണിക്കാനുമാവില്ല.അല്ലെങ്കിലും അദ്ഭുതങ്ങള്‍ സംഭവിക്കാനുള്ള സാധ്യതകളെക്കുറിച്ചും അദ്ഭുതങ്ങള്‍ സംഭവിക്കുമെന്ന ഉറച്ച പ്രതീക്ഷയുമാണല്ലോ ഉബോല്‍രത്തനയുടെ നോവലും സിനിമയും (വേര്‍ ദ് മിറക്കിള്‍സ് ഹാപ്പന്‍സ്) പറയുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com