sections
MORE

ചരിത്രത്തിലാദ്യം; ഒരു സര്‍വകലാശാലയ്ക്കെതിരെ മൂന്ന് യുവതികളുടെ പോരാട്ടം

Yale University
യേല്‍ സര്‍വകലാശാല
SHARE

ഇതു ചരിത്രത്തിലാദ്യം- ഒരു സര്‍വകലാശാലയ്ക്കെതിരെ മൂന്നു യുവതികളുടെ നിയമനപടി. അമേരിക്കയിലെ പ്രശസ്തമായ യേല്‍ സര്‍വകലാശാലയ്ക്കെതിരെയാണ് മൂന്നു യുവതികൾ നിയമനടപടിക്കൊരുങ്ങുന്നത്. മൂന്നു പേരുടെ മാത്രം പ്രശ്നമല്ല അവര്‍ ഉയര്‍ത്തുന്നത്, സര്‍വകലാശാലയില്‍ പഠിച്ചിറങ്ങിയ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കുംവേണ്ടിയും ഇനി പഠിക്കാനിരിക്കുന്നവര്‍ക്കുവേണ്ടിയും ഭാവി തലമുറയ്ക്കുവേണ്ടിയുമാണ് അവരുടെ പോരാട്ടം.

സര്‍വകലാശാലകളില്‍ ഫ്രറ്റേണിറ്റികള്‍ എന്നറിയപ്പെടുന്ന വിവിധ കൂട്ടായ്മകള്‍ ഉണ്ടായിരിക്കും. അമേരിക്കയില്‍ ഇത്തരം ഫ്രറ്റേണിറ്റികള്‍ സാധാരണമാണ്.  യേല്‍ സര്‍വകലാശലാ ഫ്രറ്റേണിറ്റികളില്‍ യുവതികളെയും പെണ്‍കുട്ടികളെയും ഉള്‍പ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ നിയമനടപടി കൊണ്ടു ലക്ഷ്യമാക്കുന്നത്. എല്ലാ അര്‍ഥത്തിലുമുള്ള വിവേചനമാണ് ഇപ്പോള്‍ നിലനിൽക്കുന്നതെന്നും ഇതു അനുവദിക്കാനാവില്ലെന്നുമാണ് നിയമനടപടിയുമായി മുന്നോട്ടുപോകുന്നവരുടെ നിലപാട്.

കണക്റ്റികട്ടിലെ ഫെഡറല്‍ കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥികളുടെ വിവിധ കൂട്ടായ്മകളില്‍ പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തണം എന്ന ആവശ്യത്തിനൊപ്പം ഒരു തരത്തിലുമുള്ള ആക്രമണമോ പീഡനമോ വിവേചനമോ വേര്‍തിരിവോ ഉണ്ടാകാന്‍ പാടില്ലെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഫ്രറ്റേണിറ്റികളില്‍ മാത്രമല്ല, പൂര്‍വ വിദ്യാര്‍ഥി സംഘടനകളിലും ഇപ്പോള്‍ വിവേചനം നിലവിലുണ്ടത്രേ. ഇത്തരം ഗ്രൂപ്പുകളുടെ നിയന്ത്രണം ആണ്‍കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കും മാത്രമാണ്. അതും തടയണം. വിവേചനത്തിന്റെ മാത്രം പ്രശ്നമല്ല കോടതി കയറിയ യുവതികള്‍ ചൂണ്ടിക്കാട്ടുന്നത്. മികച്ച ജോലി അവസരങ്ങളും ഈ ഫ്രറ്റേണിറ്റികളുടെ സഹായത്തോടെ ആണ്‍കൂട്ടം തട്ടിയെടുക്കുകയാണ്. ഫ്രറ്റേണിറ്റികളില്‍ യുവതികള്‍ അംഗങ്ങളല്ലാത്തതിനാല്‍ അവര്‍ ജോലി അവസരങ്ങളെക്കുറിച്ച് അറിയാറില്ല. അറിഞ്ഞെത്തുമ്പോഴേക്കും അവ പുരുഷന്‍മാര്‍ കയ്യടിക്കിയിരിക്കും. ഇത് ഇനിയും അനുവദിച്ചുകൂടാ എന്നും യുവതികള്‍ പറയുന്നു.

വേര്‍തിരിവില്‍ അടിസ്ഥാനമായ, അനാരോഗ്യകരമായ ഒരു ലൈംഗിക സംസ്കാരം രൂപപ്പെടുത്തുന്നു എന്നതിനുപുറമെ സാമ്പത്തിക, സാമൂഹിക, പ്രഫഷണല്‍ മേല്‍ക്കോയ്മയും പുരുഷന്‍മാര്‍ക്കു നല്‍കുന്നതാണ് ഫ്രറ്റേണിറ്റികളുടെ പൊതുസ്വഭാവം. അസ്ട്രോഫിസിക്സില്‍ യേല്‍ സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയ ഇരുപതുകാരിയായ റെ വാക്കര്‍ എന്ന യുവതി പറയുന്നു. മറ്റുരണ്ടുപേര്‍ക്കൊപ്പം വാക്കര്‍ കൂടിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. അന്നാ മക് നീല്‍, എലിയാന സിങ്ങര്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍. വിവേചനം ഒഴിവാക്കി എല്ലാവരെയും ഫ്രറ്റേണിറ്റികളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു സര്‍വകലാശാലയ്ക്കെതിരെ വിദ്യാര്‍ഥികള്‍ നിയമനടപടിക്കു മുതിരുന്നത് ലോകചരിത്രത്തില്‍തന്നെ ഇതാദ്യമാണെന്ന് യുവതികളുടെ അഭിഭാഷകര്‍ പറയുന്നു. സംഭവത്തെക്കുറിച്ച് സര്‍വകലാശാല അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA