sections
MORE

പുൽവാമ ആക്രമണം; ട്രോളുകൾക്കെതിരെ ആഞ്ഞടിച്ച് സാനിയ

Sania Mirza
സാനിയ മിർസ
SHARE

പാക്ക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിനെ വിവാഹം ചെയ്തതു മുതൽ പല അനാവശ്യ വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെട്ട സാനിയ ഇക്കുറി ശക്തമായ ഭാഷയിലാണ് ട്രോളുകളോട് പ്രതികരിച്ചിരിക്കുന്നത്. പുൽവാമ ആക്രമണവിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ പരസ്യമായി അഭിപ്രായപ്രകടനം നടത്താതിരുന്ന സെലിബ്രിറ്റികളെ അധിക്ഷേപിക്കുന്ന ട്രോളുകൾക്ക് ദൈർഘ്യമേറിയ ഒരു കുറിപ്പിലൂടെയാണ് സാനിയ മറുപടി നൽകിയിരിക്കുന്നത്.

40 ധീരജവാന്മാരുടെ വീരമൃത്യുവിന് കാരണമായ പുൽവാമ ആക്രമണം നടന്ന ദിവസത്തെ ഇന്ത്യയുടെ കരിദിനം എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് സാനിയ രോഷം പ്രകടിപ്പിച്ചത്. പുൽവാമ ആക്രമണത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാതിരുന്ന സെലിബ്രിറ്റികളെ ട്രോളുകളിലൂടെ അപമാനിക്കുന്ന പ്രവണതയേയും സാനിയ ചോദ്യം ചെയ്തു.

''സമൂഹമാധ്യമങ്ങളിൽ വരുന്ന ചില ട്രോളുകളെ നേരിടുകയെന്നു വച്ചാൽ അതത്ര ചെറിയ കാര്യമല്ല'- സാനിയ പറയുന്നു. കശ്മീരിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാനിലെ ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് ഏറ്റെടുക്കുക കൂടി ചെയ്തതോടെയാണ് സാനിയയ്ക്ക് നേരെയുള്ള സൈബർ ആക്രമണം കടുത്തത്.

'' സമൂഹമാധ്യമങ്ങളിലൂടെ പുൽവാമ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാതിരുന്നു എന്നു വിധിച്ച് സെലിബ്രിറ്റികളെ ട്രോളുന്നവർക്കു വേണ്ടിയാണ് ഈ കുറിപ്പ്. ലോകമെമ്പാടുമുള്ള സമൂഹമാധ്യമവേദികളിലൂടെ നടത്തുന്ന പ്രതികരണത്തിലൂടെ വേണോ സെലിബ്രിറ്റികൾ അവരുടെ ദേശഭക്തിയും രാജ്യസ്നേഹവും വെളിപ്പെടുത്താൻ?. എന്തുകൊണ്ടാണിങ്ങനെ?. ഞങ്ങൾ സെലിബ്രിറ്റികളും നിങ്ങളിൽ ചിലർ ഇച്ഛാഭംഗവും ദേഷ്യവുമുള്ള ആളുകളും ആയതുകൊണ്ടോ?. നിങ്ങളുടെ രോഷം പ്രകടിപ്പിക്കാൻ വേറൊരിടമില്ലാത്തതുകൊണ്ടാണോ നിങ്ങൾക്കു മുന്നിലുള്ള അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി, ചിലരെയൊക്കെ ടാർഗറ്റ് ചെയ്ത് ഇങ്ങനെ വെറുപ്പു പ്രചരിപ്പിക്കുന്നത്''.

Sania Mirza
സാനിയ മിർസ

'തീവ്രവാദത്തിന് എതിരാണെന്ന് വിശ്വസിപ്പിക്കാൻ അതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറയണമെന്നു ഞാൻ ചിന്തിക്കുന്നില്ല. തീർച്ചയായും തീവ്രവാദത്തിനും അത് പ്രചരിപ്പിക്കുന്നവർക്കും എതിരാണ് ഞങ്ങൾ. മനസ്സിന് സമനിലയുള്ളവരെല്ലാം തന്നെ തീവ്രവാദത്തിനെതിരാണ്. അങ്ങനെയല്ലാതിരുന്നിട്ടും തീവ്രവാദത്തെ പിന്തുണക്കുന്നവർക്കൊക്കെ എന്തൊക്കെയോ പ്രശ്നമുണ്ട്'. 

സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാത്തതിന്റെ പേരിൽ പല സെലിബ്രിറ്റികളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്റെ രാജ്യത്തിനുവേണ്ടിയാണ് ഞാൻ ടെന്നീസ് കളിക്കുന്നത്. അങ്ങനെയാണ് ഞാന്‍ എന്റെ ദേശത്തെ സേവിക്കുന്നത്. എത്ര ദുഖം രേഖപ്പെടുത്തിയാലും രാജ്യത്തിനു സംഭവിച്ച നഷ്ടത്തിന് ശമനമുണ്ടാകില്ല'.

'ഞാൻ എന്റെ രാജ്യത്തിനു വേണ്ടി കളിക്കുന്നു, കളിച്ച് വിയർക്കുന്നു... അങ്ങനെയാണ് ഞാൻ എന്റെ രാജ്യത്തെ സേവിക്കുന്നത്. ഞാൻ സിആർപിഎഫ് ജവാന്മാർക്കും അവരുടെ കുടുംബത്തിനുമൊപ്പമാണ്. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന യഥാർഥ നായകർ അവരാണ്. ഫെബ്രുവരി 14 ഇന്ത്യയ്ക്ക് കരിദിനമാണ്. ഇനിയൊരിക്കലും ഇങ്ങനെയൊരു ദിനം ആവർത്തിക്കാതിരിക്കട്ടെ. ഒരിക്കലും മറക്കാനാവില്ല ഈ ദിവസം. വെറുപ്പു പരത്തുന്നവരോട് പറയാനുള്ളതിതാണ് രാജ്യത്തിന്റെ സമാധാനത്തിനു വേണ്ടി പ്രാർഥിക്കൂ.

'എന്തെങ്കിലും നല്ലകാര്യത്തിനു വേണ്ടിയാണ് ദേഷ്യമെങ്കിൽ അതു നല്ലതാണ്. മറ്റുള്ള ആളുകളെ ട്രോളിയതുകൊണ്ട് നിങ്ങൾക്കൊന്നും തന്നെ ലഭിക്കാൻ പോകുന്നില്ല. ഈ ലോകത്തിൽ തീവ്രവാദത്തിന് സ്ഥാനമില്ല. സെലിബ്രിറ്റികൾ സമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ പ്രതികരിച്ചുകൊണ്ട് എത്രപോസ്റ്റ് ഇട്ടുവെന്നതിനെക്കുറിച്ച് തലപുകയ്ക്കാതെ, മറ്റുള്ളവരെ മുൻവിധിയോടെ വിലയിരുത്താതെ രാജ്യത്തെ തങ്ങളാൽ കഴിയുന്നവിധം സേവിക്കാനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കൂ. നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ രാജ്യത്തിനു വേണ്ടി ചെയ്യൂ... ഞങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു കൊണ്ടല്ല ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങൾ ചെയ്യുന്നതെന്നുപറഞ്ഞു കൊണ്ടാണ് സാനിയ കുറിപ്പ് അവസാനിപ്പിച്ചത്. പ്രാർഥനയും സമാധാനവും അതാണ് വേണ്ടത്... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA