sections
MORE

വില്ലൻ പ്ലാസ്റ്റിക്കിനെ സുന്ദരൻ ബാഗുകളും മാറ്റുകളുമാക്കി: ജീവിതത്തിലെ ട്വിസ്റ്റിനെക്കുറിച്ച് റിത

Rita Maker. Photo Credit: Facebook, YouTube
ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകൾ കൊണ്ട് റിത നിർമ്മിച്ച മാറ്റുകളും ബാഗുകളും
SHARE

പ്രകൃതിക്കു ദോഷകരമാകുന്ന പ്ലാസ്റ്റിക് വസ്തുക്കളായിരുന്നു മുംബൈ സ്വദേശിനിയായ അറുപത്തിയാറുകാരി റിതയുടെ ഏറ്റവും വലിയ ആശങ്ക. ഓരോ ഷോപ്പിങ്ങിനൊപ്പവും വീട്ടിൽ കുന്നുകൂടുന്ന കവറുകൾ അവരുടെ ഉറക്കം കെടുത്തി. പാൽ കൊണ്ടുവരുന്ന കവർ മുതൽ, വീട്ടിലേക്കാവശ്യമുള്ള വിവിധ വസ്തുക്കൾ‌ കൊണ്ടുവരുന്ന കവറുകളും ടൂത്ത് ബ്രഷ് ഉൾപ്പെടെ ഉപയോഗം കഴിഞ്ഞ എണ്ണമറ്റ പ്ലാസ്റ്റിക് ഉൽപന്നങ്ങളും വീട്ടിൽ നിറഞ്ഞു.

ഉപേക്ഷിക്കപ്പെടുന്ന ഓരോ പ്ലാസ്റ്റിക് ഉൽപന്നവും ഏതെങ്കിലുമൊക്കെ വിധത്തിൽ പ്രകൃതിക്കു ദോഷകരമാണ്. പക്ഷേ, ഇവ മനുഷ്യന് ഹാനികരമല്ലാത്ത രീതിയിൽ എങ്ങനെ ഒഴിവാക്കും. അല്ലെങ്കിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതായി അവരുടെ ചിന്ത.മൂന്നുവർഷം മുമ്പ് ഇന്റർനെറ്റിൽ കണ്ട ഒരു വിഡിയോയിൽ നിന്ന് ഒടുവിൽ റിതയ്ക്ക് കൃത്യമായ  ഒരു പദ്ധതി ലഭിച്ചു.

ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് ബാഗുകളിൽനിന്ന് സ്ത്രീകൾ മാറ്റുകൾ നിർമിക്കുന്നതായിരുന്നു വിഡിയോ. തനിക്കും ഇതുപോലെ എന്തെങ്കിലും ചെയ്തുകൂടേ എന്നായി റിതയുടെ ചിന്ത. അഭിരുചിയുണ്ട്, കഴിവും സമയവുമുണ്ട്, അസംസ്കൃത വസ്തുക്കൾ പ്ലാസ്റ്റിക് ബാഗുകളുടെ രൂപത്തിൽ എല്ലാ ദിവസവും എത്തുന്നുമുണ്ട്. എന്തുകൊണ്ട് പുതിയൊരു ആശയം തുടങ്ങിക്കൂടാ– റിത ചിന്തിച്ചു. വെറുതെ ചിന്തിച്ചിരിക്കുക മാത്രമല്ല, ആശയം അവർ പ്രായോഗികമാക്കി. 

പ്രകൃതിക്കു ഹാനികരമായ പ്ലാസ്റ്റിക്കിൽനിന്നു റിത മെനഞ്ഞെടുത്തത് നൂറുകണക്കിന് ഉപയോഗപ്രദമായ വസ്തുക്കൾ. മാറ്റുകൾ,ബാഗുകൾ ടേബിളുകളിലും മറ്റും ഉപയോഗിക്കുന്ന ചെറുതും വലുതുമായ മാറ്റുകൾ. താമസിക്കുന്ന റസിഡൻഷ്യൽ കോംപ്ലക്സിലെ സർവീസ് സ്റ്റാഫിനാണ് ആദ്യം പ്ലാസ്റ്റിക്കിൽനിന്നുണ്ടാക്കിയ വസ്തുക്കൾ വിതരണം ചെയ്തത്. പിന്നീട് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ സമ്മാനങ്ങളായി കൊടുത്തുതുടങ്ങി. ആവശ്യം ഏറിയതോടെ ഒറ്റയ്ക്ക് നിർമാണം മുന്നോട്ടുപോകാതെ വന്നു. വീട്ടിൽ ജോലിക്കു സഹായിക്കാൻ വന്നിരുന്ന ഒരു യുവതിയെക്കൂടെ കൂടെകൂട്ടി. അവരുടെ ജോലിക്കു പ്രതിഫലവും കൊടുത്തു. അതോടെ റിതയുടെ മേൽനോട്ടത്തിൽ മനോഹരമായ കരകൗശല ഉൽപന്നങ്ങൾ പ്രവഹിക്കാൻ തുടങ്ങി. പക്ഷേ, താൻ നിർമിക്കുന്ന ഉൽപന്നങ്ങളിൽനിന്ന് ലാഭം കൊയ്യണം എന്നവർ ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ല. ഒരിക്കൽ ഒരു മേളയിൽ ഉൽപന്നങ്ങൾ പ്രദർശിപ്പിച്ചു. നന്നായി വിറ്റുപോയി. കിട്ടിയ ലാഭം സേവന പ്രവർത്തനങ്ങൾക്കുവേണ്ടിയാണ് അവർ ഉപയോഗിച്ചത്. 

അവധിക്കാലത്ത് വീട്ടിലിരുന്ന് സമയം കൊല്ലുന്ന കുട്ടികളിൽ ചിലരെ റിത തനിക്കറിയാവുന്ന നിർമാണവിദ്യ പരിശീലിപ്പിച്ചു. റസിഡൻഷ്യൽ കോംപ്ലക്സിലെതന്നെ മറ്റു സ്ത്രീകളിൽ ചിലർക്കും പരിശീലനം കൊടുത്തു. അവരൊക്കെ ഇപ്പോൾ ഗംഭീര ഉൽപന്നങ്ങൾ പ്ലാസ്റ്റിക്കിൽനിന്നു നിർമിക്കുന്നു. ലാഭവും നേടുന്നു. ഒരു വിഡിയോ ഒരിക്കൽ തനിക്കു പ്രചോദനമായതുപോലെ തന്റെ കഥയും മറ്റുള്ളവർക്ക് പ്രയോജനപ്പെടണം എന്നേ റിത ആഗ്രഹിക്കുന്നുള്ളൂ. അല്ലാതെ പ്രശസ്തിയോ പണമോ അവരുടെ ചിന്തകളിലില്ല. 

പാലുകൊണ്ടുവരുന്ന കറവിൽനിന്ന് ഒരു ബാഗ് ഉണ്ടാക്കി നാനൂറോ അഞ്ഞൂറോ രൂപയ്ക്ക് വിൽക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു ? റിതയുടെ ചോദ്യം ഒരു ആശയമാണ്. ആയിരങ്ങൾക്ക് പ്രയോജനപ്രദമാകുന്ന ആശയം. പ്രകൃതിക്ക് ഏറ്റവും ഹാനികരമായ പ്ലാസ്റ്റിക്ക് ഒഴിവാക്കാനുള്ള മികച്ച മാർഗ്ഗവും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA