ADVERTISEMENT

ഇതിഹാസങ്ങളുടെ നാടായ ഇന്ത്യ ഒരു അദ്ഭുതപുഷ്പം പോലെ വിരിയുകയാണ് ആ മനസ്സിൽ. വേദങ്ങളുടെ നാട്. ആത്മീയതയുടെ നാട്. ക്ഷേത്രങ്ങളുടെയും പൗരാണിക സംസ്കൃതിയുടെയും നാട്. മന്ത്രങ്ങളുടെയും തപസ്സിന്റെയും പ്രാർഥനയുടെയും യോഗയുടെയും നാട്. ഇന്ത്യയിലെത്തുക എന്നതാണ് ഏറ്റവും വലിയ ആഗഹം. വായിച്ചുമാത്രം അറിഞ്ഞ, കേട്ട, സ്വപ്നത്തിന്റെ നാട്ടിൽ. ഇന്ത്യൻ സന്ദർശനം ഒരു സ്വപ്നം പോലെ സൂക്ഷിക്കുന്നത് സാധാരണക്കാരിയല്ല, അഞ്ചുവട്ടം ഒളിംപിക് ചാംപ്യനായ 23 വയസ്സുകാരി യുവതി. അമേരിക്കൻ നീന്തൽത്താരം മിസി ഫ്രാങ്ക്ളിൻ. 

വിസ്മയങ്ങളുടെ ആകെത്തുകയാണ് മിസിയുടെ ജീവിതം. അഞ്ച് ഒളിംപിക് മെഡലുകളുടെ അതിശയനേട്ടത്തിനുടമ. ലോകത്തിന്റെ ആരാധന നേടിയ നീന്തൽക്കുളത്തിലെ മിന്നുംതാരം. ഒളിംപിക്സ് ഉൾപ്പെടെയുള്ള വേദികൾ കീഴടക്കിയശേഷം ലോകവേദികൾ മാടിവിളിക്കുന്നതിനിടെ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച താരം. കഴിഞ്ഞവർഷം അവസാനമായിരുന്നു മിസിയുടെ വിരമിക്കൽ അവിശ്വസനീയതയോടെ ലോകം കേട്ടത്. നിരന്തരമായ തോൾവേദനയാണ് മിസിയെ നീന്തൽക്കുളങ്ങളിൽനിന്ന് അകാലത്തിൽ അകറ്റിയത്. അതോടെ ലോകത്തിന്റെ ശ്രദ്ധയിൽനിന്നകന്ന്, താരപ്പകിട്ടും ബഹളുവുമില്ലാത്ത ഒരു ലോകത്തേക്ക് പിൻവലിഞ്ഞു മിസി. ലോകം അവരെ മറന്നുതുടങ്ങുകയായിരുന്നു; മിസി ലോകത്തെ അറിയുകയും. തിരക്കിനിടെ മാറ്റിവച്ച ഇഷ്ടമുള്ള നൂറു കൂട്ടം കാര്യങ്ങളിലേക്ക് അവർ കടന്നു. അതിലൊന്നായിരുന്നു യോഗയും മതപഠനവും.

ആദ്യമൊക്കെ തമാശയ്ക്ക്. പിന്നെയത് ഗൗരവത്തിലായി. അതോടെ ആത്മീയ പുസ്തകങ്ങളും യോഗയുടെ ശാസ്ത്രീയഗ്രന്ഥങ്ങളും വായിക്കാൻ തുടങ്ങി. ഹന്ദുമതത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞു. അറിയുന്തോറും വായനയും ധ്യാനവും പഠനവും കൂടുതൽ ആഴത്തിലായി. ഭാരതത്തിന്റെ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവുമാണ് ഇപ്പോൾ മിസി വായിക്കുന്നത്. മനസ്സിലെ ഏറ്റവും വലിയ മോഹം ഇതിഹാസങ്ങൾ ജനിച്ച നാട് എത്രയും വേഗം സന്ദർശിക്കുക എന്നതും. 

ഒരു വർഷമായി ഞാൻ മതഗ്രന്ഥങ്ങളാണു വായിക്കുന്നത്. വായിക്കന്തോറും എന്റെ താൽപര്യവും വർധിച്ചു. കണ്ണു തുറപ്പിക്കുന്ന അനുഭവം. വ്യത്യസ്ത സംസ്കാരങ്ങളും വിശ്വാസവും പഠിക്കുന്നത് രസകരവും വിജ്ഞാനപ്രദവുമാണ്. ഞാൻ ജനിച്ചത് ക്രിസ്ത്യൻ മതത്തിലാണ്. പക്ഷേ, ഇപ്പോൾ പഠിക്കുന്നതു ഹന്ദു, മുസ്ലിം മതങ്ങളും. – മിസി തന്റെ പുതിയ സ്നേഹത്തെക്കുറിച്ച് പറയുന്നു. ഓരോ പുതിയ സന്ദർശകനെയും സ്നേഹിച്ചു സ്വീകരിക്കുന്ന, കഥകളുറങ്ങുന്ന ആർഷസംസ്കാരത്തിന്റെ നാട് കാത്തിരിക്കുകയാണ് നീന്തൽക്കുളത്തിൽ വിജയഗാഥ രചിച്ച പ്രതിഭാശാലിയായ താരത്തിന്റെ സന്ദർശനത്തിനുവേണ്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com