ADVERTISEMENT

ടെന്നിസിന്റെ ലോക ഭൂപടത്തില്‍ ജപ്പാന്‍ എന്ന രാജ്യത്തെ അടയാളപ്പെടുത്തിയ താരങ്ങളിലൊരാളാണ് കെയ് നിഷികോരി. ലോകത്തെ ആദ്യ അഞ്ച് പുരുഷതാരങ്ങളിലൊരാളായി മാറിയ പ്രതിഭ. മൂന്നുവര്‍ഷം മുമ്പ് നേട്ടത്തിന്റെ ഉന്നതിയിലെത്തുകയും ഇപ്പോഴും ആദ്യപത്തില്‍ സ്ഥാനം നിലനിര്‍ത്തുകയും ചെയ്യുന്നുണ്ടെങ്കിലും ടെന്നിസില്‍ ജപ്പാന്റെ ലോകതാരം നിഷികോരി അല്ല. അദ്ദേഹം തന്നെയാണ് അതു സമ്മതിക്കുന്നത്. പുതുതലമുറ ആരാധനയോടെ മന്ത്രിക്കുന്നത് പുതിയൊരു താരത്തിന്റെ പേര്. ന്യൂയോര്‍ക്കിലും മെല്‍ബണിലും കിരീടങ്ങള്‍ നേടി പെട്ടെന്നൊരു സുപ്രഭാതത്തില്‍ ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ വനിതാ താരം നവോമി ഒസാക്ക. 

ജപ്പാന്‍ ഇപ്പോള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ഒസാക്കയെ.  21 വയസ്സ് മാത്രമുള്ള നാണംകുണുങ്ങിയായ ഒസാക്കയ്ക്കു ചുറ്റുമാണ് ഇപ്പോള്‍ വനിതാ ടെന്നിസ് കറങ്ങുന്നത്. തിങ്കളാഴ്ച ആരംഭിക്കാന്‍ പോകുന്ന ദുബായ് ചാംപ്യന്‍ഷിപ്പില്‍ ഒസാക്ക മല്‍സരിക്കുന്നുണ്ട്, നിഷികോരിയും. പുരുഷ താരങ്ങളില്‍ നിഷികോരിയാണ് ദുബായില്‍ ആദ്യറാങ്കുകാരന്‍. പക്ഷേ, എല്ലാ കണ്ണുകളും തേടുന്നത് ഒസാക്കയെയായിരിക്കുമെന്നു തുറന്നുപറയുന്നു നിഷികോരി. ആരാധനയുടെ സമ്മര്‍ദവും തുടര്‍ച്ചയായ രണ്ടു കിരീടങ്ങളുടെ പ്രതീക്ഷയും അതിജീവിക്കാനും മറികടക്കാനും ഒസാക്കയ്ക്ക് കഴിയട്ടെ എന്നു പ്രാര്‍ഥിക്കുന്നു നിഷികോരി,  ആഗ്രഹിക്കുന്നു. 

എന്റെ നേട്ടത്തിലും ഉയരെയാണ് ഒസാക്കയുടെ കിരീടവിജയങ്ങള്‍. ഒരുവര്‍ഷം മുമ്പ് ആദ്യ പത്തു വനിതാതാരങ്ങളില്‍ ഒരാള്‍പോലുമായിരുന്നില്ല ഒസാക്ക എന്നോര്‍ക്കുക. എത്ര പെട്ടെന്നാണ് എല്ലാം മാറിയത്. ഇപ്പോഴവര്‍ ലോക ഒന്നാം നമ്പര്‍. ഞാന്‍ ജീവിതത്തില്‍ ഒരിക്കലും എത്തിപ്പിടിച്ചിട്ടില്ലാത്ത നേട്ടം -രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ ഒസാക്കയെക്കുറിച്ച് നിഷികോരി വാചാലനാകുന്നു. 

സമ്മര്‍ദത്തെ അതിജീവിക്കുക എന്നതുതന്നെയാണ് പ്രധാനം. ഒന്നാം നമ്പര്‍ എന്ന വലിയൊരു ഭാരമാണ്. പക്ഷേ, നാണംകുണുങ്ങിയായ താരത്തില്‍നിന്ന് ലോകത്തെ കഴിവുറ്റ താരങ്ങളിലൊരാളായി ഒസാക്ക വേഗം മാറുമെന്നാണ് 28 വയസ്സുകാരനായ നിഷികോരി പ്രത്യാശിക്കുന്നത്. 

അദ്ഭുതങ്ങളാണ് ജപ്പാനും ലോകവും ഇപ്പോള്‍ ഒസാക്കയില്‍നിന്ന് പ്രതീക്ഷിക്കുന്നത്. തുടരെയുള്ള കിരീടനേട്ടങ്ങള്‍. അവര്‍ക്കു കുറച്ചു സമയം കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. മാനസികമായി കരുത്തുള്ളവളാണ് ഒസാക്ക. അതേസമയം സംഘര്‍ഷങ്ങളില്ലാതെ ശാന്തമായി കളിക്കുന്ന താരവും. ഒസാക്കയ്ക്ക് ഇപ്പോഴത്തെ പ്രതീക്ഷയുടെ ഭാരം അതിജീവിക്കാന്‍ തീര്‍ച്ചയായും കഴിയും. 

പേടിക്കരുതെന്നാണ് എനിക്ക് ഒസാക്കയോടു പറയാനുള്ളത്. അടുത്തിടെ ഒന്നാംറൗണ്ടില്‍ തന്നെ അവര്‍ പരാജയപ്പെട്ടിരുന്നു. അതു ദൗര്‍ഭാഗ്യം മാത്രം. അതു തുടരില്ല- ദുബായില്‍ ആദ്യമായി മല്‍സരിക്കാനെത്തിയ പുരുഷ ഏഷ്യന്‍ താരങ്ങളിലെ ഒന്നാമനായ നിഷികോരി പറയുന്നു. ഈ മാസം റോട്ടര്‍ഡാം ടൂര്‍ണമെന്റില്‍ സെമിഫൈനല്‍ വരെയെത്തിയിരുന്നു നിഷികോരി. കഴിഞ്ഞനാളുകളിലെ പരാജയവും പരുക്കുകളും പിന്നിലാക്കി പുതിയൊരു തുടക്കത്തിനാണ് ദുബായില്‍ താരം ശ്രമിക്കുന്നത്. ഒപ്പം, സഹതാരവും ജപ്പാന്റെ അഭിമാനവുമായ ഒസാക്കയുടെ കിരീടനേട്ടത്തിനും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com