sections
MORE

6–ാം ക്ലാസിൽ പഠിപ്പ് നിർത്തി, 17ൽ വിവാഹം; ഇപ്പോൾ നാടറിയുന്ന കൗൺസിലർ

Life Story Of Manika Majumdar
സിഐഐ ഫൗണ്ടേഷന്‍ വുമണ്‍ എക്സംപ്ലര്‍ പുരസ്കാരം സ്വീകരിക്കുന്ന മണിക
SHARE

താമസിച്ചുകൊണ്ടിരുന്ന ചെറിയ വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങാന്‍ പോലും അനുവാദമില്ലാതിരുന്ന ഒരു പെണ്‍കുട്ടി. വീട്ടിലുള്ളവരോടല്ലാതെ മറ്റാരോടും സംസാരിക്കാനും അനുവാദമില്ല. വിദ്യാഭ്യാസവും നിഷേധിക്കപ്പെട്ടു. ഇരുട്ടു നിറഞ്ഞ ജീവിതം അനുവദിക്കപ്പെട്ടു കിട്ടിയെങ്കിലും പ്രകാശത്തിലേക്കു നടക്കുകയും ആയിരക്കണക്കിനു പേരുടെ ജീവിതത്തില്‍ വെളിച്ചം നിറയ്ക്കുകയും ചെയ്ത കഥയാണ് മണിക മജുംദാറിന്റെ ജീവിതം. ഒന്നുമില്ലായ്മയില്‍നിന്ന് രക്ഷകയുടെ വേഷത്തിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കപ്പെട്ട സാഹസിക കഥ. നിരാശ ബാധിച്ച് ജീവിതം അവസാനിച്ചു എന്നുതന്നെ കരുതിയിടത്തുനിന്ന് സാമൂഹിക പ്രവര്‍ത്തകയിലേക്കും കൗണ്‍സിലറായും മാറ്റപ്പെട്ടതിന്റെ അദ്ഭുതകഥ. 

ബംഗ്ലാദേശില്‍നിന്ന് അച്ഛനമ്മമാര്‍ക്കൊപ്പം മണിക കൊല്‍ക്കത്തയില്‍ എത്തുന്നത് നാലര വയസ്സുള്ളപ്പോള്‍. അച്ഛന്‍ ഒരു ജോലിക്കും പോകാതെ അയല്‍ക്കാരുമായി നിരന്തരം വഴക്കടിക്കുന്ന ആള്‍. അമ്മയാകട്ടെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പല ജോലികള്‍ക്കുപോയി കുടുംബം പുലര്‍ത്തുന്നു. മണിക ആറാം ക്ലാസിലെത്തിയപ്പോള്‍ ഒരു സഹോദരന്‍ ജനിച്ചു. കൊച്ചുകുട്ടിയെ അടുത്തവീട്ടിലെ ദീദിയെ ഏല്‍പിച്ചിട്ടായിരുന്നു അമ്മ ജോലിക്കുപോയിരുന്നത്. പക്ഷേ മണിക ആറാം ക്ലാസിലെ അവസാന പരീക്ഷ എഴുതിക്കഴിഞ്ഞപ്പോള്‍ തനിക്കിനി കുട്ടിയെ നോക്കാനാവില്ലെന്ന് അടുത്ത വീട്ടിലെ ദീദി പറഞ്ഞു. അതോടെ സഹോദരനെ വളര്‍ത്തുന്ന ചുമതല മണികയ്ക്കായി. പുറംലോകത്തിന്റെ വാതിലുകള്‍ ആ കുട്ടിക്കു മുന്നില്‍ അടയ്ക്കപ്പെട്ടു. ആറാം ക്ലാസില്‍ താന്‍ വിജയിച്ചോ പരാജയപ്പെട്ടോ എന്നുപോലും മണിക അറിഞ്ഞില്ല. വീടിനു പുറത്തേക്കിറങ്ങാന്‍പോലും അച്ഛന്‍ അനുവാദം തരില്ല. ആരോടും സംസാരിക്കാനും അനുവദിച്ചിരുന്നില്ല. എന്തെങ്കിലും പരാതി പറഞ്ഞാല്‍ ക്രൂരമര്‍ദനവും. ഇനി തന്റെ ജീവിതം അടുക്കളയ്ക്കുള്ളില്‍ എന്നുതന്നെ തീരുമാനിച്ച് മണിക വീട്ടുജോലിയില്‍ ഏര്‍പ്പെട്ടു. 

17 വയസ്സായപ്പോള്‍ അമ്മ ഒരു വിവാഹാലോചനയുമായി വന്നു. സ്വന്തം വീട്ടിലെ ക്രൂരതകളില്‍നിന്ന് രക്ഷപ്പെടാനുള്ള അവസരമായിരുന്നു അത് മണികയ്ക്ക്. ഒരു വലിയ വീട്ടിലേക്കാണ് വിവാഹം കഴിച്ചയച്ചത്. പക്ഷേ, സാഹചര്യം ഒട്ടും വ്യത്യസ്തമായിരുന്നില്ല. ആ വീട്ടിലും മണികയ്ക്ക് വിധിച്ചത് ഏകാന്തത്തടവ്. തന്റെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒരു സ്ഥാനവുമില്ലെന്ന് മണികയ്ക്ക് ബോധ്യമായി. കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു: എനിക്കു കിട്ടുന്ന വരുമാനം തീരെ കറവ്. നീ കൂടി ജോലി ചെയ്താലെ കുടുംബം പുലരൂ... അത് രക്ഷയുടെ വാതില്‍ തുറക്കുന്നതായി തോന്നി മണികയ്ക്ക്. ഒടുവില്‍ ഒരു അവസരം ലഭിക്കുകയാണ്. പുറത്തുപോകാന്‍. മറ്റു മനുഷ്യരോട് സംസാരിക്കാന്‍. ജീവിതം എന്താണെന്ന് അറിയാന്‍.

കൊല്‍ക്കത്ത നഗരത്തിലെ ഒരു സ്വയം സന്നദ്ധ സംഘത്തില്‍ മണിക ചേര്‍ന്നു. ഇരുപതോളം സ്ത്രീകളുടെ കൂട്ടായ്മ. എല്ലാവരും അവരവര്‍ക്കു കഴിയുന്ന പണം മിച്ചംവച്ച് ഒരു ഫണ്ട് ഉണ്ടാക്കുന്നു. സംഘത്തിലെ ഒരോരുത്തരുടെയും ആവശ്യത്തിനനുസരിച്ച് ആ പണം ചെലവാക്കും.

ആയിടെയാണ് അഞ്ജലി എന്ന സംഘടനെയെക്കുറിച്ച് മണിക അറിയുന്നത്. ബംഗാള്‍ സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന. സമൂഹത്തില്‍ ആരുമില്ലാതെ കഷ്ടപ്പെടുന്ന, വിഷാദവും നിരാശയും അനുഭവിക്കുന്നവരെ സഹായിക്കുന്ന സംഘടനയാണ് അഞ്ജലി. അവര്‍ സ്വയം തയാറായി മുന്നോട്ടുവരുന്ന സ്ത്രീകള്‍ക്ക് നേതൃപദവിയിലെത്താനും കൗണ്‍സലിങ്ങിന് നേതൃത്വം കൊടുക്കാനുമെല്ലാം ക്ലാസ് കൊടുക്കുന്നുണ്ടായിരുന്നു. പത്താം ക്ലാസ് പോലും ജയിച്ചിട്ടില്ലാത്തയാളാണ് മണികയെങ്കിലും അവരുടെ ആവേശത്തില്‍ ആകൃഷ്ടയായ ‘ അഞ്ജലി’  ഒരവസരം കൊടുക്കാന്‍ തീരുമാനിച്ചു.

മണിക ഉള്‍പ്പെടെ 108 സ്ത്രീകള്‍ക്ക് ഏഴുമാസത്തെ ക്ലാസ്. തീവ്രപരിശീലനത്തിനുശേഷം മണിക ക്ലാസ് പാസ്സായി. കൗണ്‍സലിങ്ങിനു നേതൃത്വം കൊടുക്കാനുള്ള യോഗ്യതയായി. വീടുവീടാന്തരം കയറിയിറങ്ങി അവര്‍ മാനസികമായി കഷ്ടപ്പെടുന്നവരെ കണ്ടെത്തും. ഉപദേശം വേണ്ടവര്‍ക്ക് അതു നല്‍കും. വിദഗ്ധ ചികില്‍സ വേണ്ടവരെ മികച്ച ഡോക്ടര്‍മാരുടെ അടുത്തേക്ക് വിടും. 

തെരുവുനാടകങ്ങള്‍ അവതരിപ്പിച്ചും ജനങ്ങള്‍ക്കിടയില്‍ ലഘുലേഖകള്‍ വിതരണം ചെയ്തുമെല്ലാം മണികയുടെ നേതൃത്വത്തില്‍ ‘അഞ്ജലി’ എന്ന സംഘടന മാനസികാരോഗ്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കിക്കൊണ്ടിരുന്നു. ഇതുവരെ കൊല്‍ക്കത്തിയിലുള്ള 3500 പേര്‍ക്ക് മണിക വിജയകരമായി കൗണ്‍സലിങ് നടത്തിയിട്ടുണ്ട്. ജീവിതത്തില്‍ പ്രതീക്ഷ നശിച്ച് നിരാശയില്‍ മുങ്ങിയവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.

2017 - മണികയുടെ ജീവിതത്തില്‍ അദ്ഭുതം സംഭവിക്കുന്നു. ആറാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള, വിദ്യാഭ്യാസമില്ലാത്ത യുവതിക്ക് സിഐഐ ഫൗണ്ടേഷന്‍ വുമണ്‍ എക്സംപ്ലര്‍ എന്ന പുരസ്കാരം ലഭിക്കുന്നു. ഓരോ മേഖലയിലെയും മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് നല്‍കുന്ന ഉന്നതമായ പുരസ്കാരം. അന്ന് പൊട്ടിക്കരഞ്ഞെങ്കിലും പെട്ടെന്നുതന്നെ സന്തോഷത്തിലേക്ക് മണിക തിരിച്ചുവന്നു. തന്നെ കാത്തിരിക്കുന്ന ആര്‍ക്കും വേണ്ടാത്ത ആയിരങ്ങളിലേക്കും. അവര്‍ക്ക് അഭയം നല്‍കിയും അവരെ സാന്ത്വനിപ്പിച്ചും വിശ്രമമില്ലാതെ പണിയെടുക്കേണ്ടതുണ്ട്. നിസ്വാര്‍ഥവും വിരോചിതവുമായ പ്രവര്‍ത്തനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA