sections
MORE

‘ചീത്തപ്പെണ്ണു'ങ്ങളെന്ന് ആക്ഷേപം കേട്ടു, നുണ പറഞ്ഞ് ജോലിക്കു പോയി; ഇന്ന് ഓസ്കർ നിറവിൽ

women behind period end of sentence receives Oscar
പീരീഡ് എൻഡ് ഓഫ് സെന്റൻസ് എന്ന ഡോക്യുമെന്ററിക്കു പിന്നിൽ പ്രവർത്തിച്ചവർ ഓസ്കർ പുരസ്കാരം സ്വീകരിക്കുന്നു
SHARE

നോർത്ത് ഹോളിവുഡിൽ ഓക്‌വുഡ് സ്കൂളിലെ കൗമാരക്കാരായ പെൺകുട്ടികൾ അദ്ഭുതത്തെടെയാണ് ആ വാർത്ത കേട്ടത്. ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഹൈസ്കൂളിലെത്തുമ്പോഴേക്കും പഠനം പാതിവഴിയിൽ നിർത്തുന്ന പെൺകുട്ടികളെക്കുറിച്ച്. ദാരിദ്ര്യത്തേക്കാളും പിന്നാക്കാവസ്ഥയെക്കാളും അവരെ സ്കൂളിൽനിന്നകറ്റുന്നത് ആർത്തവം. ശുചിത്വം പാലിക്കാൻ വൃത്തിയുള്ള തുണിപോലുമില്ലാതെ ആർത്തവകാലത്ത് സ്കൂളിൽ പോകാനാകാതെ അവർ വീടുകളിൽ ഒതുങ്ങിക്കൂടുന്നു. എല്ലാ മാസവും ഒരാഴ്ചയിലധികം പഠനം മുടങ്ങുന്നതോടെ സ്വാഭാവികമായി വിദ്യാഭ്യാസം നിലയ്ക്കുന്നു.

ഈ വാർത്ത അറിഞ്ഞ 10 പെൺകുട്ടികൾ അധ്യാപിക മെലീസ്സ ബർട്ടനുമായി ആലോചിച്ചു. ശുചിത്വത്തിന്റെ അഭാവത്താൽ ദുരിതം അനുഭവിക്കുന്ന മുഴുവൻപേരെയും സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരു ഗ്രാമത്തിലെ കുറച്ചു കുട്ടികളെയെങ്കിലും സഹായിക്കണം. അവർ രണ്ടുലക്ഷത്തോളം രൂപ സമാഹരിച്ചു. ഗേൾസ് ലേൺ ഇന്റർനാഷണൽ എന്ന ലൊസാഞ്ചൽസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെയും ഡൽഹിയിലെ ആക്‌ഷൻ ഇന്ത്യയുടെയും സഹകരണത്തോടെ ഒരു ഗ്രാമം കണ്ടെത്തി. 

ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ കതിഖേര ഗ്രാമം. രാജ്യതലസ്ഥാനത്തുനിന്ന് 120 കിലോമീറ്റർ അകലെയാണ് കതിഖേര. അമേരിക്കൻ കുട്ടികൾ സമാഹരിച്ച തുകകൊണ്ട് ഒരു സാനിറ്ററി പാഡ് വെൻഡിങ് മെഷീൻ കതിഖേരയിൽ സ്ഥാപിച്ചു. സുമൻ എന്ന യുവതിയുടെ വീട്ടിലാണ് പാഡ് മെഷീൻ സ്ഥാപിച്ചത്. സ്നേഹ ഉൾപ്പെടെ ഏഴു പെൺകുട്ടികൾ യന്ത്രത്തിന്റെ പ്രവർത്തനം ഏറ്റെടുത്തു. ‘ഫ്ലൈ’ എന്ന പേരിലാണ് അവർ പാഡുകൾ നിർമ്മിച്ചത്. പെൺകുട്ടായ്മ ഉത്പാദിപ്പിച്ച പാഡുകൾ അവർ തന്നെ വീടുവീടാന്തരം കയറി വിതരണം ചെയ്തു. കടകളിലും ലഭ്യമാക്കി. ആറു പാഡുകളുടെ പാക്കറ്റിന് 20 രൂപ നിരക്കിൽ.

സുമന്റെ വീട്ടിൽ പാഡ് മെഷീൻ സ്ഥാപിച്ചത് സ്ത്രീകൾക്ക് സൗകര്യപ്രദമായെങ്കിലും പുരുഷൻമാർ സംശയത്തോടെയാണ് പെൺകൂട്ടായ്മയെ കണ്ടത്. ചിലർ കളിയാക്കി. അസംബന്ധമെന്ന് പരിഹസിച്ചു. നാണക്കേടാണെന്ന് ആക്ഷേപിച്ചു. കൂട്ടായ്മയിൽ പങ്കെടുത്ത യുവതികളെയും പെൺകുട്ടികളെയും ‘ചീത്ത’ യെന്നു മുദ്രകുത്താനും ശ്രമങ്ങളുണ്ടായി. പക്ഷേ, സുമനും സ്നേഹയും കൂട്ടരും കീഴടങ്ങാൻ തയാറായില്ല. കുട്ടികൾക്കുള്ള ഡയപറുകൾ നിർമിക്കുന്ന മെഷീനാണ് സുമന്റെ വീട്ടിൽ സ്ഥാപിച്ചതെന്നും അവിടെയാണ് ജോലി ചെയ്യാൻ പോകുന്നതെന്നുമാണ് പല പെൺകുട്ടികളും സ്വന്തം വീടുകളിൽ പറഞ്ഞിരുന്നത്. 

സാനിറ്ററി പാഡ് നിർമിക്കുന്നതാണ് ജോലിയെന്നു പറഞ്ഞിരുന്നെങ്കിൽ വീട്ടുകാർ അനുവാദം നൽകില്ലെന്ന് അവർക്ക് അറിയാമായിരുന്നു. ഫ്ലൈ പാഡുകൾ ആർത്തവകാലത്ത് അനുഗ്രഹമായതോടെ സ്കൂളിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് നിന്നു. കുറേയധികം യുവതികൾക്ക് കൃത്യമായ മാസവരുമാനം ഉണ്ടായി. പാഡ് മെഷീൻ യൂണിറ്റിൽ ജോലിചെയ്യുന്നവർക്ക് ആദ്യകാലത്തു നൽകിയിരുന്നത് മാസം 2000 രൂപ വീതം. കതിഖേര മാറുകയായിരുന്നു; ഗ്രാമവാസികളുടെ മനസ്സും. ആ മാറ്റത്തിന്റെ സമ്പൂർണമായ സാക്ഷാത്കാരമാണ് ഇക്കഴിഞ്ഞദിവസം ഓസ്കർ വേദിയിൽ ലോകം കണ്ടത്. കതിഖേരയുടെ മാറ്റത്തെക്കുറിച്ചറിഞ്ഞ ഇറാനിയൻ–അമേരിക്കൻ സംവിധായിക റയ്ക, അധ്യാപിക  മെലീസ്സ ബർടന്റെയും ഇന്ത്യക്കാരി ഗുനീത് മോംഗയുടെയും സഹായത്തോടെ ഒരു ചലച്ചിത്രം സാക്ഷാത്കരിച്ചു.

26 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം – പിരീഡ് എൻഡ് ഓഫ് സെന്റൻസ്. ഇക്കഴിഞ്ഞ ദിസവം ഓസ്കർ നിശയിൽ പിരീഡ് പുരസ്കാരം നേടിയപ്പോൾ സംവിധായിക റയ്കയ്ക്കൊപ്പം മെലീസ്സ ബർട്ടൻ എന്ന അധ്യാപികയും ഉണ്ടായിരുന്നു. അവർക്കൊപ്പം പിരീഡിൽ അഭിനയിച്ചു തകർത്ത കതിഖേരയിൽനിന്നുള്ള സുമനും സ്നേഹയും. പിന്നെ ഗുനീത് മോംഗയും. ആ യുവതികൾ ഉയർത്തിപ്പിടിച്ച ഓസ്കർ ശിൽപം അഭിമാനത്തോടെ ലോകത്തോടു പറഞ്ഞു: ആർത്തവം അപമാനമല്ലെന്ന്. അഭിമാനമാണെന്ന്. ഗുനീത് മോംഗ മനോഹരമായ ഭാഷയിൽ അത് ഒന്നുകൂടി ഉറക്കെ പ്രഖ്യാപിച്ചു: ഓരോ പെൺകുട്ടിയും അറിയണം താനൊരു ദേവതയാണെന്ന്...

ഗുനീത് മോംഗ എന്ന ഗുനീത് അമൃത്പൂർ കൗർ മോംഗയുടെ വാക്കുകളിൽ നാണക്കേടും ലജ്ജയും അനുഭവിച്ച ലോകത്തെ മുഴുവൻ സ്ത്രീമനസ്സുമുണ്ട്. ആർത്തവവുമായി ബന്ധപ്പെട്ട അന്ധവിശ്വാസത്തിൽ വീടിനു പുറത്തിറങ്ങാൻപോലും അനുവാദമില്ലായിരുന്ന ഇന്ത്യയിലെ കോടിക്കണക്കിനു സ്ത്രീകളുണ്ട്. അവർക്കാണ് ഇത്തവണത്തെ മികച്ച ഹ്രസ്വചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം ലഭിച്ചിരിക്കുന്നത്. 

18 വയസ്സുകാരി റുക്സാനയ്ക്ക് ഒരു സ്വപ്നമുണ്ട്– എന്നെങ്കിലും ഒരു ഗായികയാകുക. പണമില്ലാത്തതിനാൽ 9–ാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്നു. പിന്നെ മുറിക്കകത്തുതന്നെയായിരുന്നു ജീവിതം. സുമന്റെ വീട്ടിൽ പാഡ്മെഷീൻ എത്തിയതോടെ റുക്സാന അവിടെ ജോലിക്കെത്തിത്തുടങ്ങി. ഇപ്പോൾ 2,500 രൂപ മാസവരുമാനമുണ്ട്. ഗായികയാകുക എന്ന സ്വപ്നം വീണ്ടും റുക്സാനയുടെ മനസ്സിൽ ജീവൻവയ്ക്കുകയാണ്. ആ പെൺകുട്ടി നന്ദി പറയുന്നത് പിരീഡിന്, പാഡ് മെഷീനിനും.

രാഖിയാണ് പാഡ് മേക്കിങ് യൂണിറ്റിന്റെ മാനേജർ. ബിഎ വരെ പഠിച്ചിട്ടുള്ള രാഖി ബിരുദാനന്തര ബിരുദം നേടി അധ്യാപികയാകാൻ ആഗ്രഹിക്കുന്നു. പാഡ് മെഷീൻ വന്നതോടെ രാഖിയുടെ സ്വപ്നത്തിനും ജീവൻവച്ചിരിക്കുന്നു. സുഷമ, പ്രീതി, നീഷു, ആർഷി എന്നിവരും കൂടിയാകുമ്പോൾ പെൺകൂട്ടായ്മ പൂർണം. ഗ്രാമത്തെ മാറ്റിയെടുക്കാനുള്ള ഇവരുടെ ശ്രമങ്ങളാണ് പിരീഡ് എന്ന ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. സുമനും സ്നേഹയും ഓസ്കർ നിശയിൽ പങ്കെടുക്കാൻ പോയെങ്കിലും ബാക്കിയുള്ളവർ കതിഖേരയിൽ ആഹ്ലാദനൃത്തം ചവിട്ടുകയാണ്; തങ്ങളുടെ ചെറിയ പരിശ്രമം ലോകം അറിഞ്ഞതിൽ, അംഗീകരിച്ചതിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA