ADVERTISEMENT

സഹജീവിയെ സഹായിക്കാന്‍ പണത്തേക്കാള്‍ വേണ്ടത് മനസ്സാണ്. മറ്റൊരാളുടെ കഷ്ടപ്പാട് ഏറ്റെടുക്കാനുള്ള മനസ്സ്. സ്വന്തം ഭാവിയെക്കുറിച്ച് ചിന്തിച്ച് അസ്വസ്ഥയാകുന്നതിനുപകരം ദുരിതത്തിലായവരെ കഴിയാവുന്ന സഹായം ചെയ്ത് രക്ഷപ്പെടുത്താനുള്ള ആഗ്രഹം. അമേരിക്കയിലെ ചിക്കാഗോ സ്വദേശിനിയായ കാന്‍ഡിസ് പെയ്ന്‍ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച ആശയങ്ങളാണിവ. കാലാവസ്ഥ പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെയാകുകയും മരം കോച്ചുന്ന തണുപ്പില്‍ ഒരു മേല്‍ക്കൂര പോലുമില്ലാതെ ഒരു കൂട്ടമാളുകള്‍ കഷ്ടപ്പെടുകയും ചെയ്തപ്പോള്‍ സ്വന്തം ക്രെഡിറ്റ് കാര്‍ഡില്‍നിന്ന് പണം മുടക്കി അവര്‍ക്ക് ഹോട്ടലില്‍ താമസസൗകര്യം ശരിയാക്കിക്കൊടുത്ത കാരുണ്യത്തിന്റെ ആള്‍രൂപം.

അമേരിക്കയുടെ സമാധാനജീവിതം തകര്‍ത്തെറിഞ്ഞ്, സാധാരണ ജീവിതം താറുമാറാക്കിയ ശീതകാലം കടന്നുപോകുമ്പോഴും തലയുയര്‍ത്തിത്തന്നെ നില്‍ക്കുകയാണ് കാന്‍ഡിസ് പെയ്ന്‍; അവരുടെ സന്‍മനസ്സിനാല്‍ ഇക്കഴിഞ്ഞ തണുപ്പുകാലം അതിജീവിച്ച ഒരു കൂട്ടമാളുകളും. പരസ്പരം അറിയില്ലെങ്കിലും അവര്‍ ഇപ്പോള്‍ വാഴ്ത്തിപ്പാടുന്നുണ്ട് കാന്‍ഡിസ് പെയ്ന്‍ എന്ന യുവതിയുടെ മഹാമനസ്കതയെക്കുറിച്ച്. കടുത്ത ശീതകാലത്തെ അതിജീവിക്കാന്‍ സ്വന്തമായി വീടില്ലാത്ത 70 പേര്‍ക്ക് കാരുണ്യത്തിന്റെ കരം നീട്ടിയ കനിവിനെക്കുറിച്ച്.

ചിക്കാഗോ യൂണിവേഴ്സിറ്റി വില്ലേജിന് അടുത്ത് എഴുപതോളം പേര്‍ തണുത്തുവിറച്ചിരിക്കുന്നു എന്ന വാര്‍ത്തയാണ് കാന്‍ഡിസ് പെയ്ന്‍ ആദ്യം അറിഞ്ഞത്. വീടില്ലാത്തവരാണവര്‍. മേല്‍ക്കൂരയുടെയോ ചുമരുകളുടെയോ സൗകര്യമോ സുഖമോ ഇല്ലാത്തവര്‍. അപ്പോഴത്തെ കാത്തുനില്‍പ് തുടരുകയാണെങ്കില്‍ അവര്‍ ഓരോരുത്തരായി അവസാനത്തെ ഉറക്കത്തിലേക്ക് വഴുതിവീണേക്കും. ഒരു നിമിഷം പോലും സംശയിച്ചില്ല. കാന്‍ഡിസ് പെയ്ന്‍ തന്റെ അമേരിക്കന്‍ എക്സ്പ്രസ് കാര്‍ഡ് ഉപയോഗിച്ച് 20 ഹോട്ടല്‍ മുറികള്‍ ഉടന്‍തന്നെ ബുക്കുചെയ്തു.

അക്കൗണ്ടിലുണ്ടായിരുന്ന പണം തീര്‍ന്നെങ്കിലും കാന്‍ഡിസ് നിരാശയായില്ല; ഫെയ്സ്ബുക്ക് വഴി സംഭാവനകള്‍ക്ക് ആഹ്വാനം ചെയ്തു. സഹായം പ്രവഹിക്കാന്‍ തുടങ്ങി. ഒട്ടാകെ 60 മുറികള്‍ ആ കൂട്ടായ്മയുടെ ഫലമായി ബുക്കുചെയ്യുകയും തണുത്തുവിറച്ച് മരണത്തെ മുഖാമുഖം കണ്ടവര്‍ക്ക് ആശ്വാസപ്രദമായ താമസസൗകര്യം ലഭിക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരമാണ് കാന്‍ഡിസ് ആദ്യത്തെ 20 മുറികള്‍ ബുക്ക് ചെയ്തത്. സഹായം പ്രവഹിക്കാന്‍ തുടങ്ങിയതോടെ മറ്റു മുറികളും ബുക്ക് ചെയ്തു. ആഴ്ചാവസാനമായപ്പോഴേക്കും എല്ലാ മുറികളുടെയും പണം ഹോട്ടലുകളില്‍ അടയ്ക്കാനും കഴിഞ്ഞു.

സഹായം തന്നവരെയൊന്നും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. അവരെയൊന്നും എനിക്കറിയില്ല. സഹായിക്കാന്‍ മനസ്സുള്ളവരാണെങ്കില്‍ ആരെ എപ്പോള്‍ എവിടെവച്ച് സഹായിക്കണമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. അപ്പോഴാണ് എന്റെ അഭ്യര്‍ഥന എത്തുന്നതും അവര്‍ കയ്യയച്ച് എന്നെ സഹായിക്കുന്നതും: മഞ്ഞുപാളികള്‍ക്കും മീതെ ഉയര്‍ന്നുനില്‍ക്കുന്ന സ്നേഹത്തിന്റെ കൂട്ടായ്മയെക്കുറിച്ച് കാന്‍ഡിസ് പറയുന്നു.

ഹോട്ടല്‍ മുറി ലഭിച്ചതിനാല്‍ ജീവിതത്തിലേക്കു തിരിച്ചുനടന്ന രണ്ടു പുരുഷന്‍മാര്‍ കാന്‍ഡിസിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞു. ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയൊരു സഹായം ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് അപ്പോള്‍ അടിയന്തിരമായി മുറികള്‍ വേണ്ടിയിരുന്നു. കൃത്യ സമയത്തുതന്നെ ആഗ്രഹിച്ചതു ലഭിക്കുകയും ചെയ്തു: അവര്‍ ആഹ്ലാദത്തോടെ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com