ADVERTISEMENT

അമേരിക്കയിലെ ഒരു നഗരം ഒരു മാധ്യമപ്രവർത്തകയോട് ക്ഷമാപണം നടത്തിയിരിക്കുന്നു. വാർത്തയിലെന്തു പുതുമ എന്നാണെങ്കിൽ മാധ്യമപ്രവർത്തകയുടെ പ്രായം കൂടി കേട്ടോളൂ–12 വയസ്സ്. ഹിൽഡെ കേറ്റ് ലിസിയക് എന്നാണ് ഈ കൊച്ചുമാധ്യമപ്രവർത്തകയുടെ പേര്. പെനിസിൽവാനിയ നഗരത്തിലാണ് സംഭവം. സെലിൻസ്ഗ്രോവ് എന്ന സ്ഥലത്താണ് ലിസിയക് താമസിക്കുന്നത്. താൻ താമസിക്കുന്ന നഗരത്തിലെ വാർത്തകൾ ലോകത്തെ അറിയിക്കാൻ ലിസിയക് സ്വന്തമായി ഒരു പത്രം തുടങ്ങുകയായിരുന്നു; ഇന്റർനെറ്റിൽ. പത്രത്തിന്റെ വെബ്സൈറ്റിൽ ഒരു വിഡിയോ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞദിവസം നഗര അധികൃതർക്ക് ലിസിയക്കിനോട് മാപ്പു ചോദിക്കേണ്ടിവന്നത്. 

അമേരിക്കയുടെ മെക്സിക്കൻ അതിർത്തിയിൽനിന്ന് 32 കിലോമീറ്റർ അകലെ പാറ്റഗോണിയ എന്ന സ്ഥലം. ലഭിച്ച ഒരു വിവരത്തിന്റെ സത്യാവസ്ഥ അറിയാൻ ലിസിയക് സൈക്കിളിൽ പുറപ്പെട്ടു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സ്വന്തം പത്രത്തിനുവേണ്ടി ലിസിയക് റിപോർട്ട് ചെയ്യുന്നത്. അതിർത്തി കാവൽക്കാരൻ ലിസിയക്കിനെ തടഞ്ഞു. ജോസഫ് പാറ്റേഴ്സൺ എന്നാണു അയാളുടെ പേര്.

താൻ മാധ്യമപ്രവർത്തകയാണെന്നു പരിചയപ്പെടുത്തിയ ലിസിയക് പേരും ഫോൺ നമ്പരും അയാൾക്കു നൽകി. പക്ഷേ തനിക്കു മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് കേൾക്കേണ്ടെന്നും വേണ്ടിവന്നാൽ ലിസിയക്കിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുമെന്നും പാറ്റേഴ്സൺ ഭീഷണിപ്പെടുത്തി. സംസാരിക്കുന്നതിനിടെ ലിസിയക് സംഭാഷണം വിഡിയോയിൽ പകർത്തുന്നുമുണ്ടായിരുന്നു ഇത് പാറ്റേഴ്സണെ പ്രകോപിപ്പിച്ചു. അനുവാദമില്ലാതെ സംഭാഷണം ചിത്രീകരിക്കുന്നതും ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുന്നതും അനുവദിക്കാനാവില്ലെന്നും അയാൾ ലിസിയക്കിനോടു പറഞ്ഞു. 

ലിസിയക് ചിത്രീകരിച്ച വിഡിയോ ആരംഭിക്കുന്നത് ഒരു സംഭാഷണത്തോടെയാണ്. പട്രോളിങ് വാഹനത്തിൽ ആരാണ് ഇരിക്കുന്നതെന്ന് ലിസിയക് ചോദിക്കുന്നു. ചോദ്യം ഇഷ്ടപ്പെടാത്ത പാറ്റേഴ്സൺ അധികം ചോദ്യം ചോദിച്ചാൽ കുട്ടികൾക്കുള്ള ദുർഗുണ പരിഹാര പാഠശാലയിൽ അടയ്ക്കുമെന്ന് പറയുന്നു. അനധികൃതമായി ഞാൻ ഇവിടെ എന്താണ് ചെയ്യുന്നത് ? ലിസിയക് ചോദിക്കുന്നു. ഇതിനിടെ ലിസിയക് ചിത്രീകരണം തുടങ്ങിയ വിവരമറിഞ്ഞ പാറ്റേഴ്സൺ ക്ഷുഭിതനാകുന്നു. സംഭാഷണം പകർത്തുന്നത് കുഴപ്പമില്ല. പക്ഷേ ദൃശ്യങ്ങൾ പകർത്തി ഇന്റർനെറ്റിൽ ഇടുന്നത് അരിസോണ സംസ്ഥാനത്തെ നിയമമനുസരിച്ച് തെറ്റാണ്– അദ്ദേഹം വിശദീകരിച്ചു. 

ലിസിയക് വാർത്തയ്ക്കൊപ്പം വിഡിയോ പത്രത്തിൽ പ്രസിദ്ധീകരിക്കുക തന്നെ ചെയ്തു. ഇതിനുശേഷം അനേകം പേർ പാറ്റേഴ്സണിന്റെ ഓഫിസിലേക്ക് വിളിച്ച് ലിസിയക്കിനെ ഭീഷണിപ്പെടുത്തിയത് തെറ്റായിപ്പോയെന്നു പറഞ്ഞു. വർഷങ്ങളായി താൻ ഈ ജോലി ചെയ്യുന്നുണ്ടെന്നും തനിക്ക് ഒരു പന്ത്രണ്ടുകാരിയുടെ സഹായം വേണ്ടെന്നുമാണ് പാറ്റേഴ്സണിന്റെ നിലപാട്. സംഭവം പരസ്യമായതിനെത്തുടർന്ന് ലിസിയക്കിന്റെ കുടുംബത്തിനു ഭയമായി. മകളെ ആരെങ്കിലും ഉപദ്രവിക്കുകയോ പൊലീസുകാർ ജയിലിൽ അടയ്ക്കുകയോ ചെയ്യുമോ എന്നാണ് അവരുടെ ഭീതി. നഗരത്തിന്റെ മേയറെ നേരിട്ടുകണ്ട് അവർ സംഭവം വിശദീകരിച്ചു. ബുധനാഴ്ച രാത്രി കൂടിയ കൗൺസിൽ മീറ്റിങ്ങിൽ സംഭവം ഒച്ചപാടാകുകയും മേയർ ലിസിയക്കിനോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള കുറിപ്പ് വായിക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com