ADVERTISEMENT

‘നല്ല നാളേയ്ക്കുവേണ്ടി അവസരസമത്വം’ എന്നത് ഈ വർഷത്തെ വനിതാദിനത്തിന്റെ മുദ്രാവാക്യമാകുന്നതിനും മുമ്പുതന്നെ തുല്യാവകാശങ്ങൾക്കുവേണ്ടി പോരാട്ടം തുടങ്ങിക്കഴിഞ്ഞിരുന്നു കേരളത്തിലെ ഒരുകൂട്ടം വിദ്യാർഥിനികൾ. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ വിദ്യാർഥിനികളാണ് സഹപാഠികളായ ആൺകുട്ടികൾക്കു നൽകുന്ന സ്വാതന്ത്ര്യവും അവകാശവും തങ്ങൾക്കും ലഭിക്കണമമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തത്. നിവേദനം നൽകിയിട്ടും ചർച്ച ചെയ്തിട്ടുമൊന്നും ഫലമില്ലാതെവന്നപ്പോൾ നിയമം ലംഘിച്ച്, രാത്രിയിലും സമരം ചെയ്ത്, ഭാവി വിദ്യാർഥികൾക്കുകൂടി വെളിച്ചം പകർന്നവർ. അർധരാത്രിയിലെ സമരത്തിന് പകൽവെളിച്ചത്തിൽ ശുഭാന്ത്യമൊരുക്കിയതിലൂടെ കേരളത്തിന്റെ പെൺകൂട്ടായ്മ ഉറക്കെപ്പറഞ്ഞു: ബാലൻസ് ഫോർ ബെറ്റർ ! 

അസമയത്തിന്റെ തുടക്കം ; കൃത്യം 6.30 

trivandrum-girls-celebration
സമരം വിജയിച്ചതിനെത്തുടർന്ന് ആഹ്ലാദം പങ്കിടുന്ന വിദ്യാർഥിനികൾ

കേരളത്തിന്റെ തലസ്ഥാന നഗരത്തിൽ ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളജിലെ മെൻസ് ഹോസ്റ്റലിന്റെ ഗേറ്റ് അടയ്ക്കുന്നത് രാത്രി 9.30ന്. അതുവരെ ആൺകുട്ടികൾക്ക് എവിടെയും പോകാം. കറങ്ങി നടക്കാം. പഠിത്തമോ കളിയോ ചിരിയോ സിനിമയോ എന്തുമാകാം. പക്ഷേ, ലേഡീസ് ഹോസ്റ്റലിന്റെ ഗേറ്റ് കൃത്യം 6.30 ന് തന്നെ അടയ്ക്കും. അതിനുശേഷം അസമയം (പെൺകുട്ടികൾക്കു മാത്രം). വർഷങ്ങളായി നിലനിൽക്കുന്ന ഈ നിയമം ഭേദഗതി ചെയ്യാൻ സമരം പലതു നടന്നു. പോരടിച്ചു. ഓരോ തവണയും തോറ്റു പിൻമാറാനായിരുന്നു വിദ്യാർഥിനികളുടെ വിധി. ഇത്തവണ വിജയത്തിലെത്താതെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന വാശിയിലായിരുന്നു വിദ്യാർഥിനികൾ. അവസരം ഒത്തുവന്നത് ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ ഒരു ബുധനാഴ്ച. 

ladies-hostel-time-restriction-02

കരിയട്ടെ കരിനിയമം ! 

വനിതാ ഹോസ്റ്റലിലെ പ്രവേശന സമയം രാത്രി  9.30 ആക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച നിവേദനത്തിൽ തീരുമാനം ആകാതെ വന്നതോടെ നൂറോളം വിദ്യാർഥിനികൾ സമരം തുടങ്ങി. രാത്രി 9 ന് ഹോസ്റ്റലിൽ എത്തിയപ്പോൾ അടഞ്ഞുകിടക്കുന്നു ഗേറ്റ്. ഉടൻ സമരവും തുടങ്ങി.  വൈകിയെത്തിയതിനു കാരണം എഴുതിനൽകിയാൽ പരിഗണിക്കാമെന്നായി ആധികൃതർ, വിദ്യാർഥിനികൾ വഴങ്ങിയില്ല. ആൺകുട്ടികൾക്കു നൽകുന്ന അതേ സ്വാതന്ത്ര്യം തങ്ങൾക്കും വേണമെന്ന വാശിയിലായിരുന്നു അവർ. നിയമം അനുസരിച്ച് നേരത്തെ ഹോസ്റ്റലിൽ കടന്നിരുന്ന വിദ്യാർഥിനികളും കൂടി. സമരം ആളിപ്പടർന്നു. തുല്യനീതിക്കുവേണ്ടി,സമത്വത്തിനുവേണ്ടി. സമൂഹത്തിന്റെ ആധാരശിലയാകേണ്ട അവസര സമത്വത്തിനുവേണ്ടി.  അർധരാത്രി പൊലീസെത്തി ചർച്ച നടത്തി. ഒത്തുതീർപ്പിനു വഴങ്ങാൻ തയാറായില്ല അപ്പോഴും വിദ്യാർഥികൾ. സമരം നീണ്ടു. രാത്രി തുടങ്ങിയ മുദ്രാവാക്യം വിളി രാവിലെയും കടന്ന് പിറ്റേന്നും. ഉച്ചയ്ക്കും പ്രശ്നം തീരാതെവന്നപ്പോൾ വൈസ് ചാൻസ്‍ലർ ഇടപെട്ടു. കരിനിയമം പുറത്ത്. ഇനി മെൻസ് ഹോസ്റ്റലിലെ അതേ നിയമം ലേഡീസ് ഹോസ്റ്റലിനും ബാധകം. അസമയം അർധരാത്രി മാത്രം. എൻജിനീയറിങ് വിദ്യാർഥിനികളുടെ സമരം തുടങ്ങുന്നത് 2015ൽ. ‘ബ്രേക്ക് ദ് കർഫ്യൂ’ എന്ന പേരിൽ. കരിനിയമത്തിനെതിരെ നാലു വർഷം സമരം നടത്തേണ്ടിവന്നു വിജയത്തിലെത്താൻ. 

171321212
പ്രതീകാത്മക ചിത്രം

അസമയം പടിക്കുപുറത്ത്; ലോ കോളജിലും 

kalady-university.jpg.image.784.410
കാലടി ശ്രീശങ്കരാ സംസ്കൃത സർവകലാശാല

ലേഡീസ് ഹോസ്റ്റലിന്റെ മതിൽക്കെട്ടിൽ മാത്രം ഒതുങ്ങിനിൽക്കുന്നതായിരുന്നില്ല എൻജിനീയറിങ് കോളജിലെ പെൺമുന്നേറ്റം. സമരത്തിന്റെ വിജയം തീരുമാനമെടുക്കാതെ വച്ച ഒരു നിവേദനത്തെക്കുറിച്ച് സർക്കാരിനെ ഓർമിപ്പിച്ചു. ഉടൻ പുതിയ ഉത്തരവിറങ്ങി: തിരുവനന്തപുരം ഗവ.ലോ കോളജ് ലേഡീസ് ഹോസ്റ്റലിലെ സമയവും ദീർഘിപ്പിച്ചുകൊണ്ട്. വൈകിട്ട് അഞ്ച് വരെഎന്നത് ഇനി ഒൻപത് വരെ. സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ  നിവേദനം നൽകിയിരുന്നു. ഹോസ്റ്റലിലെ സമയം ദീർഘിപ്പിച്ചെങ്കിലും ലൈബ്രറിയുടെ വാതിൽ ഇപ്പോഴും വൈകിട്ട് നാലിന് അടയും. ലൈബ്രറി സമയം ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് പുതിയ സമരം വരാനിരിക്കുന്നു. ഒപ്പം എൻജിനീയറിങ് കോളജിലെ രാത്രി 9.30 എന്ന നിയന്ത്രണം എടുത്തുകളയണമെന്ന ആവശ്യവുമുണ്ട്. കർഫ്യൂവിൽ ഇളവല്ല, പൂർണമായ ഒഴിവാക്കലാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്. അതുതന്നെയല്ലേ ബാലൻസ് ഫോർ ബെറ്റർ. 

സമരം മാത്രമല്ല, വഴങ്ങും ഭരണവും

തിരുവനന്തപുരത്ത് വിദ്യാർഥിനികൾ നടത്തിയ സമരം ഫലപ്രാപ്തിയിലെത്തിയതിനൊപ്പം കേരളത്തിലെ ഒരു സർവകലാശാലയിൽ രണ്ടു വർഷമായി യൂണിയന്റെ എല്ലാം സ്ഥാനങ്ങളും പെൺകുട്ടികൾ പിടിച്ചടക്കിയും കാണാതിരുന്നുകൂടാ. കാലടി ശ്രീശങ്കരാ സംസ്കൃത സർവകലാശാലയിലാണ് പൂർണ പെൺഭരണം. കഴിഞ്ഞ വർഷവും എല്ലാ സ്ഥാനങ്ങളും വഹിച്ചിരുന്നത് പെൺകുട്ടികൾ. ഇത്തവണ സംഭവിച്ചത് പെൺമുന്നേറ്റത്തിന്റെ തനിയാവർത്തനം. അതേ, സമരം ചെയ്യാനും അവസരസമത്വം എന്ന അർഹമായ ആവശ്യം യാഥാർഥ്യമാക്കാനും മാത്രമല്ല വേണ്ടിവന്നാൽ ഒറ്റയ്ക്കൊരു ഭരണത്തിനും തയാർ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ദൈവത്തിനു പ്രിയപ്പെട്ട പെൺകുട്ടികൾ. ബാലൻസ് ഫോർ ബെറ്റർ അവരുടെ രക്തത്തിലലിഞ്ഞ മുദ്രാവാക്യം. നീതി നിഷേധിക്കപ്പെടുമ്പോൾ, അവസരം ഇല്ലാതാകുമ്പോൾ, തുല്യത പരിഗണിക്കാതെവരുമ്പോൾ അവർ മുഷ്ടി ചുരുട്ടും. മുദ്രാവാക്യം വിളിക്കും. മുന്നോട്ടു നടക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com