ADVERTISEMENT

രാജ്യാന്തര മാധ്യമമായ ബിബിസി ലോകത്തെ മികച്ച നൂറു സ്ത്രീകളെ തിരഞ്ഞെടുക്കുക, അതിലൊരാൾ കേരളത്തിലെ , അങ്ങ് കോഴിക്കോടുള്ള ഒരു തൊഴിലാളി സ്ത്രീ ആവുക, അതാണ് വിജി. വെറുതെ വിജി എന്ന് പറഞ്ഞാൽ ഒന്നുമാവില്ല, വിജി പെൺകൂട്ട് എന്ന് തന്നെ പറയണം. കാരണം വിജി ഇന്ന് ലോകം മുഴുവൻ അറിയപ്പെടുന്നത് ഇതേ പെൺകൂട്ട് എന്ന സംഘടനയിലൂടെയാണ്. അല്ലെങ്കിൽ വിജിയിലൂടെയാണ് പെൺകൂട്ട് അറിയപ്പെട്ടത് എന്നും പറയാം. എന്തായാലും രണ്ടു പേരുകളും പരസ്പരം വിട്ടു കളയാനാകാതെ ഒട്ടി ചേർന്നിരിക്കുന്നു.

സ്ത്രീകൾക്കു വേണ്ടിയാണ് വിജി സമരത്തിനിറങ്ങിയത് മുഴുവൻ. ഇരിക്കൽ സമരം, മൂത്രപ്പുര സമരം എന്നിങ്ങനെ കേരളം കണ്ട അടിസ്ഥാന തൊഴിലാളി വർഗ്ഗ സ്ത്രീകളുടെ പ്രധാനപ്പെട്ട ആവശ്യങ്ങൾക്ക് വേണ്ടി കോഴിക്കോട് പെൺകൂട്ട് തുടങ്ങി വച്ച സമരം പിന്നീട് കേരളം മുഴുവൻ വ്യാപിച്ചു. ഒടുവിൽ തൊഴിലാളിവർഗ്ഗ പാർട്ടിയുടെ ഭരണ കാലത്ത് തന്നെ ആ നിയമം ഭേദഗതി ചെയ്തു. ഇനി മുതൽ ജോലി സമയത്ത് സ്ത്രീകൾക്കും ഇരിക്കാം, അവർക്ക് വിശ്രമം നൽകണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നിയമങ്ങളാണെന്ന് തന്നെ സർക്കാർ ഭേദഗതി ചെയ്തു നൽകി. അടിസ്ഥാന തൊഴിലാളി സ്ത്രീ വർഗ്ഗത്തിന്റെ ശക്തമായ അത്തരമൊരു സമരത്തിന് നേതൃത്വം നൽകിയ വിജി പെൺകൂട്ടിനു അല്ലെങ്കിൽ മറ്റാർക്കാണ് ബിബിസി അന്താരാഷ്ട്ര അംഗീകാരം നൽകുക.

ഇരിക്കൽ സമരവും മൂത്രപ്പുര സമരവും കേരളം കണ്ട സ്ത്രീകളുടെ കരുത്തുറ്റ സമരമാർഗ്ഗമായിരുന്നു. പ്രധാനമായും വസ്ത്ര വിപണിയിൽ ജോലിയെടുക്കുന്ന തൊഴിലാളി സ്ത്രീകൾക്ക് ഇരിക്കാൻ കസേരയോ മൂത്രമൊഴിക്കാൻ തോന്നുന്ന സമയത്ത് അതിനു പോകാനുള്ള സൗകര്യമോ ഒന്നും ലഭിക്കാറുണ്ടായിരുന്നില്ല. ശാരീരികമായി ഏറെ ബുദ്ധിമുട്ടനുഭവിച്ച അത്തരം സ്ത്രീകളുടെ ആവശ്യങ്ങൾക്കു വേണ്ടിയാണ് പെൺകൂട്ട് ആദ്യമായി സമരവുമായി ഇറങ്ങിയത്. പക്ഷേ എത്രമാത്രം സമരം വിജയിച്ചു, വിജി പറയുന്നു.

"ഞങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു.നിയമം വരെ ഭേദഗതി ചെയ്തു. ആ ഉത്തരവ്  എത്രമാത്രം സ്ത്രീകളുടെ കാര്യത്തിൽ നടപ്പിൽ വരുന്നുണ്ടെന്ന് ഇപ്പോഴും അറിയില്ല. അതിനു വേണ്ടി ഞങ്ങളൊരു ക്യാംപെയിൻ ഈ മാർച്ച് എട്ടു മുതൽ തുടങ്ങുകയാണ്. മാർച്ച് എട്ട് മുതൽ മെയ് ഒന്ന് വരെ നീളുന്ന ഒരു വലിയ പരിപാടിയാണത്. ഓരോ കടകളിലും കയറിയിറങ്ങി ഇപ്പോൾ എങ്ങനെയാണ് കാര്യങ്ങളെന്ന് അവരോട് ചോദിച്ചു മനസ്സിലാക്കുക, അവർ  ഇപ്പോഴും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ അതിന് പരിഹാരം കാണുക. എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഞങ്ങൾ ചെയ്യാനുദ്ദേശിക്കുന്നത്. ഒരു സമരം ഔദ്യോഗികമായി വിജയിച്ചു എന്നു പറഞ്ഞാലും അത് പ്രായോഗികമായി നടപ്പിൽ വരുത്തി എന്ന ഉറപ്പാക്കാനാകാതെ അതിനെ യഥാർഥ വിജയം എന്ന് പറയാനാകില്ല. അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ ഒരു ഗൗരവമുള്ള പിന്തുടർച്ച വേണമെന്ന് തോന്നി. അതുകൊണ്ടാണ് അന്വേഷണത്തിനായി പെൺകൂട്ട് ഇറങ്ങുന്നത്. "

ഓരോ സമരങ്ങളും ഓരോ ആവശ്യങ്ങൾക്ക് വേണ്ടി തന്നെയാണ് തുടങ്ങുന്നത്. വിജിയ്ക്ക് പെൺകൂട്ടുമായി മുന്നോട്ടു നടക്കാൻ അതുകൊണ്ട് തന്നെ ഒരു പ്രചോദനത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല. വർഷങ്ങൾക്കു മുമ്പേ തൊഴിലാളിയായ, ഇപ്പോഴും ആ കഷ്ടപ്പാടിന്റെ ഫലമായി ശാരീരികമായി വേദന അനുഭവിക്കുന്ന സ്വന്തം അമ്മയുടെ അവസ്ഥയാണ് വിജിയെന്ന പോരാളിയെ വാർത്തെടുത്തത്.

പെൺകൂട്ടിന്റെ സ്ത്രീ ശക്തിയെ കുറിച്ച് വിജി 

"മൂത്രപ്പുരയ്ക്ക് വേണ്ടി 2009 -2010 നിർബന്ധമായി തുടങ്ങേണ്ടി വന്ന ഒരു പ്രസ്ഥാനമാണ് പെൺകൂട്ട്. സമരത്തിൽ ചെറിയ മാറ്റങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ അതൊന്നും പ്രയോഗത്തിൽ വരാതെ സമരം വിജയിച്ചു എന്ന പറയാനാകില്ലല്ലോ. ഇതിന്റെ ഭാഗമായി പല രീതിയിലും ഞങ്ങൾ സമരം നടത്തിയിരുന്നു, എൽ ഡി എഫ് സർക്കാർ വന്നതിനു ശേഷമാണ് ഞങ്ങളുടെ ആവശ്യം പരിഗണിക്കപ്പെട്ടത്. പക്ഷേ ഇപ്പോഴും പല കടകളിലും മുതലാളിമാർ ഉത്തരവ് നടപ്പിലാക്കാൻ തയാറായിട്ടില്ല, അവർ പറയുന്നത് തൊഴിലാളികൾക്ക് ഇരിക്കാൻ സമയം കിട്ടില്ല എപ്പോഴും കച്ചവടമായിരിക്കും എന്നൊക്കെയാണ്.

പക്ഷേ നാലു മണിക്കൂറിൽ ഒരു മണിക്കൂർ വിശ്രമം ഇപ്പോൾ നിയമപരമായി അനുവദിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അതും ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞപ്പോൾ കൗണ്ടറിൽ തന്നെ സ്ത്രീകൾക്ക് ഇരിപ്പിടം അനുവദിക്കണം എന്ന് മന്ത്രി ഉത്തരവിട്ടിരുന്നു, കാരണം കിട്ടുന്ന സമയം ഇരിക്കണം. ഇത് അത്ര ചെറിയ ഒരു പ്രശ്നമല്ല. നാളെ നട്ടെല്ലിന് തേയ്മാനം, വെരിക്കോസ് വെയിൻ പോലെയുള്ള രോഗങ്ങൾക്ക് സ്ത്രീകൾക്ക് വരാതെയിരിക്കാൻ കൂടെയാണ് ഇത് നടപ്പിലാക്കേണ്ടത്. എന്റെ മുന്നിൽ എന്റെ അമ്മയാണ് ഏറ്റവും വലിയ ഉദാഹരണം. ഞാനും എന്റെ അമ്മയും എല്ലാം അടിസ്ഥാന വർഗ്ഗ തൊഴിലാളി സ്ത്രീകളാണ്, പക്ഷേ അമ്മയ്ക്കൊന്നും യാതൊരുവിധ ശാരീരിക പരിഗണനകളും ലഭിച്ചിട്ടില്ല. അതുകൊണ്ട് വെരിക്കോസ് വെയിനിന്റെ വേദനയൊക്കെ അമ്മ ഇപ്പോഴും അനുഭവിക്കുന്നു. അങ്ങനെ എത്രയോ സ്ത്രീകൾ''.

തൊഴിലാളികൾ ഇരുന്നാൽ പണിയെങ്ങനെ നടക്കും എന്നു ചോദിച്ച മുതലാളിമാരുടെ നാടാണിത്. അവിടെ ശക്തമായി അവകാശങ്ങൾ ഉറക്കെ സംസാരിക്കണമെങ്കിൽ അവർക്ക് മികച്ചൊരു നേതാവിനെ കിട്ടിയേ തീരൂ. അതവരുടെ ഒപ്പമുള്ള ഒരു തൊഴിലാളി കൂടിയാണെങ്കിലത് അടിസ്ഥാന വർഗ്ഗ സ്ത്രീകളുടെ വിജയം തന്നെയാകും, അങ്ങനെ ഒരു നേതാവാണ് വിജി.

 മാറ്റങ്ങൾ കൊണ്ട് വരേണ്ടത് എവിടെ നിന്നാണ്?

"നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം രൂപ വരെ പിഴയുണ്ട്. പക്ഷേ അത് എങ്ങനെയാണ് നടപ്പിൽ വരുത്തുക എന്നാണ് ഇനി നോക്കാനുള്ളത്. ഏറ്റവും വലിയ പ്രശ്നം മുതലാളിമാർക്ക് അവരുടെ സംഘടനയുണ്ട്. അവർക്ക് രാഷ്ട്രീയ ശക്തിയുണ്ട്. എന്നാൽ തൊഴിലാളികൾ പ്രത്യേകിച്ച് സ്ത്രീകൾ അംഘടിതരാണ്. അവർക്ക് രാഷ്ട്രീയവും വളരെ കുറവാണ് അതിന്റെ ബുദ്ധിമുട്ടുണ്ട്. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം , ഇങ്ങനെയാണ് ഒരു മനുഷ്യന്റെ സമയം അനുവദിക്കപ്പെടേണ്ടത്. പക്ഷേ സ്ത്രീകളുടെ കാര്യത്തിൽ ഇത് എത്രമാത്രം പാലിക്കപ്പെടുന്നുണ്ട്. 

തൊഴിലാളികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ പോലെ ബുദ്ധിമുട്ടുകളുണ്ട്. പക്ഷേ അതുകഴിഞ്ഞു വീട്ടിൽ വരുന്ന പുരുഷൻ ബാക്കി പണി ഭാരം എല്ലാം സ്ത്രീകളെ ഏൽപ്പിച്ചു അവന്റേതായ വിനോദങ്ങളിലേയ്ക്ക് കടക്കും. പിന്നെ കുട്ടികളെ നോക്കുക, അടുക്കള പണി ചെയ്യുക, വീട് പണി നോക്കുക എല്ലാം സ്ത്രീകളുടെ  ജോലിയാണ്. അതും തൊഴിൽ ചെയ്തു വന്ന സ്ത്രീയുടെ കാര്യമാണ് പറയുന്നത്. അപ്പോൾ മാറ്റങ്ങൾ ഉണ്ടാകേണ്ടത് ഇപ്പോഴും അടുക്കളയിൽ നിന്നാണ് എന്നാണ് എന്റെ മുദ്രാവാക്യം. 

നമ്മുടെയൊക്കെ അടുക്കളയാണ് ആദ്യം ജനാധിപത്യവത്കരിക്കേണ്ടത്. സ്ത്രീ മുന്നേറ്റം യാഥാർഥ്യമാകണമെങ്കിൽ സ്ത്രീകൾക്ക് അടുക്കളയ്ക്കുള്ളിൽ നിന്ന് മാറ്റമുണ്ടാകണം. പെൺകൂട്ടിന്റെ ഏറ്റവും വലിയ മുദ്രാവാക്യവും അതാണ്. ഇപ്പോൾ എന്റെയും ഞങ്ങളുടെ പെൺകൂട്ടിലുള്ള സ്ത്രീകളുടേയുമൊക്കെ വീട്ടിൽ അതേ ജനാധിപത്യ രീതി നടപ്പിലായിക്കഴിഞ്ഞു. ഞങ്ങളെല്ലാം തൊഴിലെടുക്കുന്നവരാണ്. ഭാര്യയും ഭർത്താവും മക്കളും ഉണ്ടെങ്കിൽ എല്ലാവർക്കും തുല്യമായ ഉത്തരവാദിത്തം വീടുകളിലുണ്ട്.

എല്ലാവരുടെയും പഠനം നടക്കുന്നു. ജോലിക്കു പോകുന്നു എല്ലാമുണ്ട്. പക്ഷേ വീട് എല്ലാവരും ഒന്നിച്ചു കൊണ്ടുപോകുന്നു. കാര്യങ്ങളേറ്റവും കൂടുതൽ വീടിനുള്ളിൽ തീരുമാനിക്കുന്നത് മിക്കപ്പോഴും വീട്ടമ്മമാരായ സ്ത്രീകളാണ്. അത്രയും അറിയാറില്ല എന്നേയുള്ളൂ. അതുകൊണ്ട് സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങി ആ ജനാധിപത്യ ആശയം നടപ്പിലാക്കണം. അതൊരു സമര മാർഗം ആയിട്ട് ഞങ്ങൾ കാണുന്നത്. ഏതു തൊഴിലാളി സ്ത്രീകൾ ആയാലും അവർ എല്ലായ്പ്പോഴും അടുക്കളയിലാണ് നിൽക്കുന്നത്. തുല്യത നടപ്പിലാക്കണമെങ്കിൽ അത് അവിടെ നിന്ന് തന്നെ തുടങ്ങണം.

ഇപ്പോൾ എന്റെ വീട്ടിൽ മോൾ എൽ എൽ ബിക്ക് പഠിക്കുന്നു, മോൻ പ്ലസ് ടുവിന് പഠിക്കുന്നു. എനിക്കും ഭർത്താവിനും ജോലിയുണ്ട്. പക്ഷേ രാവിലെ എഴുന്നേറ്റാൽ അദ്ദേഹം രാവിലത്തെ ഭക്ഷണമുണ്ടാക്കും. ഞാൻ ഉച്ചയ്ക്കത്തെ ഉണ്ടാക്കും, കുട്ടികൾ അടിച്ചു വരും, തുടയ്ക്കും, തുണി അലക്കും. അങ്ങനെ ഞങ്ങളുടെ പണി ഏഴര ഒക്കെ ആവുമ്പോഴേക്കും തീരും പലയിടങ്ങളിലേയ്ക്കായി ഞങ്ങളൊന്നിച്ചു വീട്ടിൽ നിന്ന് ഇറങ്ങുകയും ചെയ്യും. 

ഞങ്ങൾ ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നതും. മിക്കപ്പോഴും തൊഴിലാളികളായ സ്ത്രീകൾ ഭക്ഷണം പോലും കഴിക്കാതെയാണ് വീട്ടിൽ നിന്ന് പണി തീർത്തിട്ട് ഇറങ്ങിയോടുന്നത്. അവളോട് ആരും അതേക്കുറിച്ച് ചോദിക്കാറുമില്ല. അങ്ങനെ സഹിച്ച് സഹിച്ച് അവൾ മരിച്ചു പോകുന്നു. ഇനിയും എന്തിനാണ് ഇങ്ങനെ അനുഭവിക്കുന്നത്, അടിച്ചമർത്തപ്പെടുന്നത്. നമ്മളും മനുഷ്യരല്ലേ, ആകെയുള്ള ജന്മം നമ്മൾക്കും ഇതുമാത്രമല്ലേ, സമാധാനത്തിൽ ജീവിച്ചു മരിക്കണ്ടേ, അതിനു തുല്യത വേണം. അതിനു നമ്മൾ തന്നെ ശ്രമിക്കണം. 

വയസ്സായി റിട്ടയർ ആയാൽ പോലും വിശ്രമിക്കാൻ കഴിയുന്ന സ്ത്രീകൾ എത്രപേരുണ്ട്? പുരുഷന്മാർക്ക് സാധിക്കുമായിരിക്കും, പക്ഷേ വയസ്സായാലും സ്ത്രീകൾക്ക് വിശ്രമം അനുവദിക്കപ്പെട്ടിട്ടില്ല. ഇതൊക്കെ സ്വയം മനസ്സിലാക്കി ആദ്യമേ തന്നെ വീടിനുള്ളിൽ ആ ജനാധിപത്യം കൊണ്ട് വരാൻ സ്ത്രീകൾക്ക് കഴിയണം."

വളരെ വലിയ ആശയമാണ് വിജി പെൺകൂട്ട് സംസാരിക്കുന്നത്. ഫെമിനിസം എന്ന് പറയുന്നത് പലർക്കും പലതായ ആ ആശയം തുല്യതയോടെ വരേണ്ടതാണ്. അത് ഒന്നിച്ചു നിന്നാൽ മാത്രം ആശയ പ്രചാരണം നടത്താനാകുന്നതുമാണ്. മിക്കപ്പോഴും ആംഘടിതരായ സ്ത്രീകൾ തന്നെയാണ് പുരുഷ കേന്ദ്രീകൃത ഇടങ്ങളെ നിർമ്മിച്ചെടുക്കുന്നത്, അതിനെതിരെയാണ് ആദ്യത്തെ നീക്കം പെൺകൂട്ട് നടത്തുന്നതും. ബിബിസി തിരഞ്ഞടുത്തത് അത്ര കരുത്തുള്ള ഒരു സ്ത്രീയെ തന്നെയെന്ന ബോധ്യപ്പെടലാണ് വിജി പെൺകൂട്ടിന്റെ ഓരോ വാക്കുകളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com