sections
MORE

അയാളുടെ തല്ലുകൊണ്ട് കേൾവി പോയി: തെളിവുകൾ ഹാജരാക്കി ആൻഡ്രിയ

Andria D'Souza, alman Khan, Manish Mandhana
ആന്‍ഡ്രിയ ഡിസൂസ, സല്‍മാന്‍ ഖാൻ, മനീഷ് മന്ഥാന
SHARE

നടന്‍ സല്‍മാന്‍ ഖാന്റെ ഉടമസ്ഥതയിലുള്ള ബീയിങ് ഹ്യൂമന്‍ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ മര്‍ദനത്തില്‍ പരുക്കേറ്റ് കേള്‍വിശക്തി നഷ്ടപ്പെട്ടെന്ന പരാതിയുമായി മോഡല്‍ രംഗത്ത്. ആന്‍ഡ്രിയ ഡിസൂസ എന്ന മോഡലാണ് ബീയിങ് ഹ്യുമന്‍ സിഇഒ മനീഷ് മന്ഥാന തന്നോട് ക്രൂരമായി പെരുമാറുകയും മര്‍ദിക്കുകയും ചെയ്തെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2017 നവംബറിലാണ് അടുത്ത സുഹൃത്തായിരുന്ന മന്ഥാന മര്‍ദിച്ചതായി ആന്‍ഡ്രിയ പരാതിപ്പെട്ടിരിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന ആന്‍ഡ്രിയയുടെ ഒരു ചെവിയുടെ കേള്‍വിശക്തി പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നും കഴിഞ്ഞദിവസം മുംബൈയിലെ ഗാംദേവി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അവര്‍ ആരോപിക്കുന്നു. 

2015-ല്‍ ദുബായില്‍വച്ചാണത്രേ ആന്‍ഡ്രിയ മന്ഥാനയെ പരിചയപ്പെടുന്നത്. ബീയിങ് ഹ്യുമന്‍ സ്റ്റോര്‍ ലോഞ്ചിങ് ചടങ്ങില്‍. ഒക്ടോബര്‍ മുതല്‍ പരസ്പരം ചാറ്റിങ് തുടങ്ങിയ അവര്‍ രണ്ടുമാസത്തിനുശേഷം നേരില്‍ കണ്ടു. മന്ഥാന വിവാഹിതനാണെന്ന് അറിയാമായിരുന്നെങ്കിലും അദ്ദേഹം തന്നോട് കള്ളം പറഞ്ഞുവെന്ന് ആന്‍ഡ്രിയ ആരോപിക്കുന്നു. കുട്ടികളുടെ ഭാവിക്കുവേണ്ടി മാത്രം താനും ഭാര്യയും ഒരുമിച്ചുജീവിക്കുകയാണെന്നും തങ്ങള്‍ക്കിടയില്‍ സ്നേഹബന്ധമില്ലെന്നുമാണ് മന്ഥാന പറഞ്ഞിരുന്നത്. 

ആന്‍ഡ്രിയയും മന്ഥാനയും തമ്മിലുള്ള ബന്ധം പുരോഗമിക്കുന്നതിനിടെ 2017 ഓഗസ്റ്റില്‍ ആദ്യത്തെ ശാരീരികാക്രമണമു ണ്ടായി. ആന്‍ഡ്രിയയുടെ ഒരു സുഹൃത്തിനോട് മന്ഥാന മോശമായി പെരുമാറി. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ആദ്യത്തെ മര്‍ദനം. ബിഗ് ബോസ് 11 ന്റെ ഓഡിഷന്‍ നടക്കുന്ന സമയമായിരുന്നു. മന്ഥാനയുടെ മര്‍ദനത്തില്‍ പരുക്കേറ്റ് മുഖം വീങ്ങിയിരുന്നതിനാല്‍ അന്ന് ആന്‍ഡ്രിയയ്ക്ക് ഓഡിഷനില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. 

നവംബര്‍ ആയപ്പോഴേക്കും മന്ഥാനയുടെ മോശം പെരുമാറ്റത്തിന്റെയും വഞ്ചനയുടെയും കൂടുതല്‍ തെളിവുകള്‍ ആന്‍ഡ്രിയയ്ക്ക് കിട്ടി. ആന്‍ഡ്രിയയുമായി സ്നേഹബന്ധം തുടരുന്നതിനിടെത്തന്നെ മറ്റൊരു സ്ത്രീയുമായും മന്ഥാന അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടായിരുന്നു. ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യയോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ മന്ഥാന ആക്രമണം തുടങ്ങി. മര്‍ദനത്തില്‍ പരുക്കേറ്റ് അവശയായ ആന്‍ഡ്രിയയ്ക്ക് നാലുദിവസത്തിനുശേഷം മാത്രമാണ് ഒരു ഡോക്ടറെ കാണാന്‍ പോകാനുള്ള ശക്തിയെങ്കിലും തിരിച്ചുകിട്ടിയത്. വിഷാദരോഗത്തിന് അടിമയായ അവര്‍ക്ക് കേള്‍വിശക്തിയും നഷ്ടപ്പെട്ടുകൊണ്ടിരുന്നു. 

ആക്രമണം ഉണ്ടായി 15 മാസത്തിനുശേഷം ഇപ്പോഴാണ് മോഡല്‍ പരാതിയുമായി എത്തിയിരിക്കുന്നത്. മെഡിക്കല്‍ രേഖകളും ചിത്രങ്ങളും അവര്‍ തെളിവായി ഹാജരാക്കിയിട്ടുമുണ്ട്.പക്ഷേ, എന്തുകൊണ്ടാണ് പൊലീസില്‍ പരാതിപ്പെടാന്‍ ഇത്രയും വൈകിയതെന്ന ചോദ്യം ആന്‍ഡ്രിയയ്ക്ക് നേരിടേണ്ടിവന്നു. മന്ഥാന ഉന്നതങ്ങളില്‍ സ്വാധീനമുള്ള വ്യക്തിയാണെന്നും അയാള്‍ക്കെതിരെ പരാതിപ്പെടുന്നത്. കടുത്ത പ്രത്യാഘാതമുണ്ടാക്കുമെന്നും സുഹൃത്തുക്കള്‍ ഉപദേശിച്ചതുകൊണ്ടാണ് താന്‍ പരാതിപ്പെടാന്‍ വൈകിയതെന്നാണ് ആന്‍ഡ്രിയ പറയുന്നത്. കൂടാതെ അന്നത്തെ ആക്രമണത്തിന്റെ ആഘാതത്തില്‍നിന്നും ശാരീരിക വേദനയില്‍നിന്നും താന്‍ മുക്തയായി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. 

ആന്‍ഡ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍  ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 325 അടിസ്ഥാനത്തില്‍ പൊലീസ് മന്ഥാനയ്ക്കെതിരെ പരാതി രേഖപ്പെടുത്തി. പൊലീസ് അന്വേഷണം തുടങ്ങിയതിനാല്‍ സംഭവത്തെക്കുറിച്ച് താന്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നില്ല എന്നാണ് ആന്‍ഡ്രിയയുടെ നിലപാട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA