sections
MORE

സെയിൽസ് ഗേളിൽ നിന്ന് പ്രതിരോധ മന്ത്രിയിലേക്ക്; നിർമല സീതാരാമന്റെ കരിയർ വളർച്ച

Nirmala Sitharaman
നിർമല സീതാരാമൻ
SHARE

കോണ്‍ഗ്രസ് അനുഭാവികളുടെ കുടുംബത്തില്‍ ഉറച്ചുനിന്ന് ഉയര്‍ച്ചകളിലേക്കുള്ള വഴി സ്വാഭവികവും താരതമ്യേന എളുപ്പവുമായിരുന്നിട്ടും ആ യുവതി തിരഞ്ഞെടുത്തത് വ്യത്യസ്തമായ വഴി. സ്വന്തം ജീവതപങ്കാളിയുടെ രാഷ്ട്രീയ എതിരാളികളുടെ കൂടെയാണ് അവര്‍ കൂടിയത്. 

എതിര്‍പ്പും പ്രതിഷേധവും എല്ലാ ദിക്കില്‍നിന്നും ഒരുമിച്ചുവന്നപ്പോഴും തിരഞ്ഞെടുത്തവഴിയില്‍ത്തന്ന ഉറച്ചുനിന്ന് വിശ്വാസത്തിനും ആദര്‍ശത്തിനുംവേണ്ടി നിര്‍ഭയം പോരാടി. തിരഞ്ഞെടുത്തതു ശരിയായ വഴിതന്നെയെന്ന് ഉറച്ചുവിശ്വസിച്ചു. ആ വിശ്വാസദാര്‍ഡ്യത്തിന്റെയും ഇച്ഛാശക്തിയുടെയും ഔന്നത്യമാണ് പ്രതിരോധമന്ത്രിപദം അലങ്കരിക്കുന്ന നിര്‍മല സീതാരാമന്റെ കരുത്ത്. 

ഒരു വനിതാ ദിനം കൂടി ആചരിക്കുകയും ആഘോഷത്തില്‍ രാജ്യം അഭിരമിക്കുകയും ചെയ്യുമ്പോള്‍ പുതുതലമുറ മാതൃകയ്ക്കുവേണ്ടി ഉറ്റുനോക്കുന്നതും നിര്‍മലയെത്തന്നെ. അനുഭവങ്ങളിലേക്കു തിരിഞ്ഞുനോക്കി, കടന്നുവന്ന വഴികളില്‍നിന്ന് പഠിച്ച പാഠമായി പ്രതിരോധമന്ത്രിക്ക് ഒന്നേ പറയാനുള്ളൂ: എന്നും മധ്യമാര്‍ഗം സ്വീകരിക്കുക. 

ബാലന്‍സ് കീപ് ചെയ്യുക. ആത്മവിശ്വാസവും കൂടിയാല്‍ അപത്താണ്. ഭയവും അപകടകരം തന്നെ. രണ്ടിനും മധ്യേയുള്ള മാര്‍ഗമാണു വേണ്ടത്. അമിതവിനയം അന്തസ്സ് തന്നെ ഇല്ലാതാക്കും. അമിത ആക്രമണോല്‍സുകതയും ആപകടങ്ങളിലേക്കേ നയിക്കൂ. നിലപാടിലുറച്ചുനിന്നുകൊണ്ട് സധൈര്യം മുന്നോട്ടു പോകുക. 

nirmala-sitharaman-02
നിർമല സീതാരാമൻ

ഗവേഷണ പഠനകാലത്ത് ഒരു സെയില്‍സ് ഗേളായി ജോലിനോക്കി, സാമ്പത്തികവിദഗ്ധയായി അംഗീകാരം നേടി, പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിലെ ജീവനക്കാരിയായി കരിയര്‍ തുടങ്ങി പ്രതിരോധമന്ത്രിപദവിയില്‍ എത്തിനില്‍ക്കുന്ന നിര്‍മല സീതാരാമന്റെ ജീവിതം ഒരേസമയം ഒരു പാഠപുസ്തകവും പ്രചോദനത്തിന്റെ മഹത്തായ അധ്യായവുമാണ്. ആവര്‍ത്തിച്ച് ഉരുവിടുകയും മനസ്സിലാക്കുകയും ചെയ്യേണ്ട ജീവിതപാഠം. 

തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളജില്‍നിന്നു ബിരുദം. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനനന്തരബിരുദം. പ്രശസ്തമായ ജെന്‍യു ക്യാംപസില്‍വച്ച് സ്വന്തം പ്രണയവും അവര്‍ കണ്ടെത്തി. 1970-കളില്‍ ആന്ധ്രാപ്രദേശിയില്‍ മന്ത്രിപദവി വരെ അലങ്കരിച്ച വ്യക്തികളുള്ള കുടുംബത്തിലെ പറകാല പ്രഭാകര്‍. പറകാല–നിര്‍മലയുടെ ജീവിതത്തിന്റെ അടുത്ത ഘട്ടം ലണ്ടനില്‍. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഗവേഷണം. പഠനത്തിനുവേണ്ടി പണം കണ്ടെത്താന്‍ അക്കാലത്ത് റീജന്റ് സ്ട്രീറ്റിലെ ഒരു കടയില്‍ സെയില്‍സ് ഗേള്‍ ആയും ജോലി ചെയ്തിട്ടുണ്ട്. ബിബിസി റേഡിയോ തമിഴ് വിഭാഗത്തില്‍ വിവര്‍ത്തകയായി കുറച്ചുനാള്‍ ജോലിനോക്കി. പിന്നീടാണ് പ്രൈസ് വാട്ടര്‍ ഹൗസില്‍ അനലിസ്റ്റ് എന്ന പദവിയില്‍ എത്തുന്നത്. ഒരു സെയില്‍സ് ഗേളില്‍നിന്ന് ഒരു വലിയ രാജ്യത്തെ പ്രതിരോധമന്ത്രി പദവിയിലേക്കുള്ള യാത്രയാണ് നിര്‍മല സീതാരാമന്റെ ജീവിതം. 

1991- നിര്‍മലയും പ്രഭാകറും കുട്ടിയുമായി ഇന്ത്യയിലേക്കു തിരിച്ചുവരുന്നു. പ്രഭാകര്‍ ഹൈദരാബാദില്‍ മാര്‍ക്കറ്റിങ് റിസര്‍ച്ച് ഏജന്‍സി സ്ഥാപനം തുടങ്ങുന്നു. പരേതനായ പിതാവിന്റെ പേരിലുള്ള ഒരു ട്രസ്റ്റ് കൂടിയായിരുന്നു ആ സ്ഥാപനം. നിര്‍മലയും ട്രസ്റ്റിന്റെ ഭാഗമായി; ഒരു സ്കൂളും തുടങ്ങി. 

2003 മുതല്‍ 05 വരെയുള്ള കാലമാണ് നിര്‍മലയുടെ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയത്. ഹൈദരാബാദില്‍നിന്ന് രാജ്യതലസ്ഥാനത്തേക്ക്.  നിര്‍മല ദേശീയ വനിതാ കമ്മിഷനിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നു. മൂന്നുവര്‍ഷത്തിനുശേഷം, കോണ്‍ഗ്രസ് കുടുംബത്തിന്റെ വേരുകളെ പിന്നിലാക്കി അവര്‍ ഭാരതീയ ജനതാ പാര്‍ടി അംഗമാകുന്നു. ഭാര്‍ത്താവും കുടുംബവും അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. 

nirmala-sitaraman-03
നിർമല സീതാരാമൻ

പക്ഷേ, തന്റെ ഇഷ്ടത്തിന്റെ വഴിയില്‍ കുടുംബത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നിര്‍മല നോക്കിയതേയില്ല. 2010-ല്‍ പാര്‍ട്ടിയുടെ ദേശീയ വക്താവ് സ്ഥാനം. അന്നുമുതലാണ് ആ വാഗ്ധോരണി രാജ്യം ശ്രദ്ധിക്കുന്നത്. മാധ്യമങ്ങള്‍ക്കുവേണ്ടി പാര്‍ട്ടി നയങ്ങള്‍ വിശദീകരിച്ചും വിമര്‍ശനങ്ങളെ എതിരിട്ടും ബിജെപിയുടെ ഏറ്റവും കരുത്തുറ്റ മുഖമായി വളര്‍ന്നു നിര്‍മല. പാര്‍ട്ടിപ്രവര്‍ത്തകരും എതിരാളികളും എന്നും ശ്രദ്ധിച്ചത് അവരുടെ വാക്കുകള്‍. സുക്ഷ്മതയോടെ, എന്നാല്‍ അക്കമിട്ട് വാദങ്ങള്‍ നിരത്തിയും മറുവാദങ്ങളുടെ പരിചയുയര്‍ത്തിയും ഒരു യുദ്ധം തന്നെയാണ് ബിജെപിക്കുവേണ്ടി നിര്‍മല നടത്തിയത്. ഇന്ത്യയുടെ സമീപകാല രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ് ആ പോരാട്ടവും വാക്കുകളാകുന്ന ആയുധങ്ങളെടുത്തുനടത്തിയ യുദ്ധവും. 2014-ല്‍ തിളക്കമുള്ള വിജയത്തോടെ ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ നിര്‍മല മന്ത്രിസഭയിലുമെത്തുന്നു. പിന്നീടു സംഭവവിച്ചതെല്ലാം ഇക്കാലത്തിന്റെ ചരിത്രമല്ല, വര്‍ത്തമാനം. 

രാവിലെ ഏഴുമണിക്ക് വര്‍ത്തമാനപത്രങ്ങള്‍ വായിച്ചുകൊണ്ടു ദിവസം തുടങ്ങുന്ന നിര്‍മല ആറു മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്. അച്ചടക്കമുള്ള ജീവിതത്തിന്റെ ഉടമ. ഇന്നും തുടരുന്ന പഠനവും സൂക്ഷ്മനിരീക്ഷണവും.അതേ, കഠിനാധ്വാനത്തിലൂടെ, ഇഛാശക്തിയുപയോഗിച്ച്, വിശ്വാസത്തിലുറച്ചുനിന്നു പോരാടുന്നവര്‍ക്ക് ഭാവിയുടെ പ്രതീക്ഷയാണ് നമ്മുടെ പ്രതിരോധമന്ത്രി. വനിതാദിനത്തില്‍ മാത്രമല്ല, എന്നും മനസ്സിലാക്കേണ്ട ജീവിതവിജയത്തിന്റെ തിളങ്ങുന്ന മാതൃക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA