ADVERTISEMENT

സെലിബ്രിറ്റികളെ ട്രോളാൻ ഒരു കാരണം തേടിനടക്കുന്നവർക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകിക്കൊണ്ടാണ് ഇപ്പോൾ തെന്നിന്ത്യൻ താരം സമീറ റെഡ്ഢി വാർത്തകളിൽ നിറയുന്നത്. രണ്ടാമതും അമ്മയാകാൻ തയാറെടുക്കുകയാണ് താരമിപ്പോൾ. ഗർഭകാലത്ത് സ്ത്രീകൾ നേരിടുന്ന ബോഡിഷെയിമിങ്ങിനെപ്പറ്റി ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് സമീറ ഈ വിഷയത്തിൽ ശക്തമായി പ്രതികരിച്ചത്.

ബോഡിഷെയിമിങ് നടത്തുന്നവരോട് തനിക്കൊരു ചോദ്യം ചോദിക്കാനുണ്ടെന്നു പറഞ്ഞുകൊണ്ട് താരം സംസാരിച്ചതിങ്ങനെ :- '' നിങ്ങളും ഒരമ്മയുടെ ശരീരത്തിൽ നിന്നല്ലേ പിറന്നു വീണത്. നിങ്ങളെ പ്രസവിച്ചയുടൻ അമ്മയോട് അമ്മ ഇപ്പോഴും ഹോട്ട് ആണോയെന്ന് എപ്പോഴെങ്കിലും നിങ്ങൾ ചോദിച്ചിട്ടുണ്ടോ?. ബോഡിഷെയിമിങ് തികച്ചും തെറ്റാണ്. നിരുൽസാഹപ്പെടുത്തേണ്ടതുമാണ്

.

പ്രസവം ഒരു സ്വാഭാവിക പ്രക്രിയയാണ്. കുഞ്ഞിനു ജന്മം നൽകിയ ശേഷവും കരീന കപൂറിനെപ്പോലെ ഹോട്ട് ആയിരിക്കുന്നവരും ഇവിടെയുണ്ട്. പ്രസവശേഷം രൂപഭംഗിയിലേക്ക് തിരിച്ചു വരാൻ ഏറെ സമയമെടുക്കുന്ന എന്നെപ്പോലെയുള്ളവരും ഇവിടെയുണ്ട്.എന്റെ ഫിഗറിൽ ഞാൻ സന്തോഷവതിയാണ്, എന്റെ ഗർഭാവസ്ഥ ‍ഞാൻ ആസ്വദിക്കുകയാണ്.'' വ്യവസായിയായ അക്ഷയ് വർധെയാണ് സമീറയുടെ ഭർത്താവ്. 2015 ലാണ് ഇവർക്കൊരു ആൺകുഞ്ഞു പിറന്നത്.

'' ആദ്യത്തെ കുഞ്ഞു പിറന്നതിനു ശേഷം ഒരുപാട് സമയമെടുത്താണ് ഞാൻ ആകാരഭംഗി വീണ്ടെടുത്തത്. രണ്ടാമത്തെ കുഞ്ഞിന്റെ പിറവിക്കു ശേഷം വീണ്ടും പഴയ രൂപത്തിലേക്കെത്താൻ കുറേക്കൂടി കൂടുതൽ സമയമെടുത്തേക്കാം. നമ്മളതിനെ എങ്ങനെ സ്വീകരിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനം. 'ട്രോളന്മാരോട് എനിക്ക് പറയാനുള്ളതിതാണ്. എനിക്കൊരു സൂപ്പർ പവറുണ്ട്. എനിക്കൊരു കുഞ്ഞിന് ജന്മം നൽകാൻ കഴിയും'.

അമ്മയാകാൻ പോകുന്നതിനു മുന്നോടിയായുള്ള ശാരീരിക മാറ്റങ്ങൾ തന്റെ ആത്മവിശ്വാസം കൂട്ടിയെന്നു പറഞ്ഞുകൊണ്ട് സമീറ പറയുന്നതിങ്ങനെ :- '' പണ്ടൊക്കെ ആളുകളുടെ പ്രതീക്ഷയ്ക്കൊത്ത് ശരീരഭാരം നിയന്ത്രിക്കാൻ ഞാനേറെ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇപ്പോൾ ‍ഞാൻ ചിന്തിക്കുന്നത് വളരെ വ്യത്യസ്തമായിട്ടാണ്. വളരെ കൂളാണ്, വളരെ ആകർഷണീയതയുണ്ട്. ആദ്യത്തെ കുഞ്ഞുണ്ടായപ്പോൾ വളരെ പൊതിഞ്ഞുപിടിച്ചാണ് നടന്നിരുന്നത്. ഇപ്പോൾ അങ്ങനെയല്ല. ഗർഭാവസ്ഥയിലും ഹോട്ട് ആവാൻ കഴിയും. നമ്മുടെ സംസ്കാരം ഗർഭിണികളായ യുവതികളെ നന്നായാണ് സ്വീകരിക്കുന്നത്'. – സമീറ പറയുന്നു.

aishwarya-rai-looks-like-a-new-bride-in-latest-pics-from-qatar
ഐശ്വര്യ റായ്

പലപ്പോഴും ബോഡിഷെയിമിങ്ങിന് ഇരയാകാറുണ്ടെങ്കിലും അത്തരം പരിഹാസങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ് പല സെലിബ്രിറ്റികളുടെയും പതിവ്. ആ പതിവ് തെറ്റിച്ചുകൊണ്ട് ട്രോളുകളോട് ശക്തമായ ഭാഷയിൽ പ്രതികരിച്ച സമീറ റെഡ്ഢിക്ക് കൈയടിക്കുകയാണ് വെർച്വൽ ലോകം.

kareena-kapoor-01
കരീന കപൂർ

ബോളിവുഡിൽ ഐശ്യര്യ റായ് ബച്ചനും കരീന കപൂറുമാണ് ഇത്തരം ബോഡിഷെയ്മിങ്ങിന് ഏറെ ഇരയായത്. വിമർശനങ്ങളെ വകവെയ്ക്കാതെ മകളുടെ വളർച്ചയിൽ മാത്രം ശ്രദ്ധയർപ്പിച്ച ഐശ്വര്യ പരസ്യങ്ങളിലൂടെ തന്റെ സാന്നിധ്യം നിലനിർത്തുകയും പിന്നീട് മകൾ സ്കൂളിൽ പോകാൻ തുടങ്ങിയതിനു ശേഷം മാത്രം സിനിമയിലേക്ക് മടങ്ങി വരുകയും ചെയ്തു. മകളാണ് തന്റെ ആദ്യ പ്രയോറിറ്റിയെന്ന് ഇടയ്ക്കിടെ ഓർമ്മപ്പെടുത്തിക്കൊണ്ടാണ് താരം ജീവിതവും കരിയറും ബാലൻസ് ചെയ്തത്.

എന്നാൽ ഗർഭകാലത്തു പോലും ഫാഷൻ റാംപിൽ നിന്ന് മാറിനിൽക്കാതിരുന്ന തന്നെ പരിഹസിച്ചവരോട് വാക്കുകൊണ്ട് മറുപടി നൽകാനൊന്നും കരീന മിനക്കെട്ടില്ല. കുഞ്ഞിന്റെ ജനനശേഷം അധികം വൈകാതെ പാർട്ടികളും മറ്റും പങ്കെടുത്തു കൊണ്ടും വർക്കൗട്ടുകളിലൂടെ തന്റെ അഴകളവുകൾ അതിവേഗം തിരികെപ്പിടിച്ചുകൊണ്ടും കരീന വളരെവേഗം തന്നെ ബി ടൗണിൽ മടങ്ങിയെത്തി. മകനെ നോക്കാത്ത അമ്മയെന്ന പഴി കേൾക്കുമ്പോഴും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കരീനയിപ്പോഴും.

അമ്മയായ ശേഷം വസ്ത്രധാരണത്തിന്റെ പേരിൽപ്പോലും താരം വിമർശനത്തിന് ഇരയായിട്ടുണ്ട്. അപ്പോഴൊക്കെയും ഒരു സ്ത്രീ അവർക്കിഷ്ടമുള്ള ജീവിതമാണ് നയിക്കേണ്ടത് എന്നുറക്കെ പറഞ്ഞുകൊണ്ട് ആത്മവിശ്വാസത്തോടെ കരീന നിന്നു. പ്രസവത്തിനു ശേഷം രൂപഭംഗി വീണ്ടെടുക്കാനും വീണ്ടും സിനിമയിൽ സജീവമാകാനും തനിക്ക് കരുത്തു പകർന്നത് തന്റെ ഭർത്താവ് സെയ്ഫ് ആണെന്ന് ധൈര്യമായി ലോകത്തോട് അവർ വിളിച്ചു പറഞ്ഞു. അങ്ങനെ പരിഹാസങ്ങളോട് തന്റെ ജീവിതം കൊണ്ട് അവർ മറുപടി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com