ADVERTISEMENT

ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും രണ്ടാം സെറ്റ് തിരിച്ചുപിടിച്ച് മൂന്നാം സെറ്റിൽ 3–2 ന് മുന്നിട്ടുനിൽക്കുന്ന ഒരുതാരം വിജയം സ്വപ്നം കാണുന്നതു സ്വാഭാവികം. കഴിഞ്ഞദിവസം അമേരിക്കയിലെ തെക്കൻ കലിഫോർണിയയിൽ നടന്ന ഇന്ത്യാന വെൽസ് ടെന്നീസ് ടൂർണമെന്റിന്റെ ഫൈനലിൽ മൂന്നുവട്ടം ചാംപ്യനായിരുന്ന നാലാംറാങ്കുകാരി ജെർമനിയുടെ ആഞ്ജലീന കെർബറും വിജയത്തിലേക്കു ചുവടുവയ്ക്കുകയായിരുന്നു. 

നിർണായകമായ മൂന്നാം സെറ്റിൽ കെർബർ മുന്നിട്ടുനിൽക്കുമ്പോൾ എതിരാളിക്കു പരുക്ക് . വലത്തേ തോളെല്ലിൽ വേദന. കാലിലെ വേദനയ്ക്കൊപ്പം തോളിനും വേദന കൂടിയതോടെ അവർ ഫിസിക്കൽ ട്രെയിനറുടെ സഹായം തേടി. കെർബർ കാത്തുനിന്നു. ഇതുവരെ കേട്ടിട്ടേയില്ലാത്തയാളാണ് എതിരാളി. കാനഡയിൽനിന്നുള്ള 18 വയസ്സുകാരി. ബിബി എന്നു വിളിക്കപ്പെടുന്ന ബിയാൻക വനേസ അഡ്രിസ്കു. വേദന പൂർണമായും മാറാതെ തിരിച്ചുവന്ന ബിയാൻക നടത്തിയ അട്ടിമറിയിൽ തകർന്നുവീണത് കെർബറിന്റെ പ്രതീക്ഷകൾ. 7–5 ന് സെറ്റ് ബിയാങ്കയ്ക്കു സ്വന്തം. ചാംപ്യൻഷിപ് വിജയവും. കെർബറുടെ ബാക്ക് ഹാൻഡ് ഷോട്ട് നെറ്റിൽ പതിച്ച നിമിഷത്തിൽ അവിശ്വാസത്തോടെ റാക്കറ്റ് വലിച്ചെറിഞ്ഞ് ഗ്രൗണ്ടിലേക്കു വീണു ബിയാൻക; തരിച്ചുനിൽക്കുകയായിരുന്നു അപ്പോഴും കെർബർ, കാണികളും. 

സമീപകാല ടെന്നിസിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ് ഇന്ത്യാന വെൽസ് ടൂർണമെന്റ്  സാക്ഷ്യം വഹിച്ചത്. വിജയത്തോടെ 178–ാം റാങ്കിൽനിന്ന് 24–ാം റാങ്കിലേക്കു കുതിച്ച കനേഡിയൻ സുന്ദരി ഉദിച്ചുയർന്നതാകട്ടെ ടെന്നിസിലെ പുതിയ താരമായി; വീര, താര പരിവേഷത്തോടെ. ജപ്പാന്റെ നവോമി ഒസാക്കയ്ക്കു ശേഷം  പുതിയ തലമുറയ്ക്ക് നെഞ്ചേറ്റാൻ ഒരു താരം കൂടി. 

ഒട്ടും എളുപ്പമായിരുന്നില്ല എനിക്ക് ഈ ഫൈനൽ. ഞാൻ നേരിട്ട കടുത്ത പരീക്ഷണങ്ങളിലൊന്ന്. അവിശ്വസനീയം എന്നല്ലാതെ എന്തുപറയാൻ– ബിയാൻക അഡ്രിസ്കുവിന്റെ വാക്കുകളിൽ തെളിഞ്ഞത് കൗമാരതാരത്തിന്റെ അതിശയം. 

ഇന്ത്യാന വെൽസ് ടൂർണമെന്റിന് എത്തുമ്പോൾ സീഡിങ്ങില്ലാത്ത താരമായിരുന്നു ബിയാൻക. വൈൽ‌ഡ് കാർഡ് എൻട്രിയിലൂടെയാണ് മൽസരിക്കാൻ യോഗ്യത നേടിയത്. തിരിച്ചുപോകുന്നകതാകട്ടെ കിരീടവുമായി. ഇതാദ്യമായാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ ഒരു താരം കിരീടം സ്വന്തമാക്കുന്നത്. അട്ടിമറികൾ ഒന്നിലേറെ നടത്തിയാണ് ബിയാൻക ഫൈനലിൽ എത്തുന്നതും. ക്വാർട്ടറിൽ പരാജയപ്പെടുത്തിയത് രണ്ട് ഗ്രാൻഡ് സ്‍ലാം കിരീടം നേടിയിട്ടുള്ള സ്പെയിനിന്റെ മുരുഗസയെ. സെമിയിൽ എതിരാളിയായത് ആറാം റാങ്കുകാരി യുക്രെയ്നിന്റെ എലീന സ്വിറ്റോലിന. പ്രമുഖരെ ഒന്നൊന്നായി പരാജയപ്പെടുത്തി ഫൈനലിലേക്കു മാർച്ചു നടത്തിയതാകട്ടെ പരുക്ക് വകവയ്ക്കാതെ. 

കഴിഞ്ഞ ഒക്ടോബറിൽ 243–ാം റാങ്കുകാരിയായിരുന്നു ബിയാൻക അൻഡ്രിസ്കു. ഈ കലണ്ടർ വർഷം തുടങ്ങിയതാകട്ടെ 118–ാം റാങ്കിലും. ജനുവരിയിൽ 68–ാം സ്ഥാനത്തേക്ക്. ഇപ്പോഴിതാ കിരീടവുമായി ആദ്യ ഇരുപത്തഞ്ചിൽ. നവോമി ഒസാക്കയാണ് അൻഡ്രിസ്കൂവിന്റെ മാതൃക. ഒസാക്കയെപ്പോലെ ഗ്രാൻഡ് സ്‍ലാം കിരീടം നേടുകയാണ് അടുത്ത ലക്ഷ്യം. 

നമുക്ക് കാണാം അടുത്ത ടൂർണമെന്റിൽ.... വാക്കുകളിൽ ആത്മവിശ്വാസം നിറച്ച്, കുതിപ്പ് ഒളിപ്പിച്ചുവച്ച റാക്കറ്റുമായി ആൻഡ്രിസ്കൂ വരികയാണ്; എതിരാളികൾക്ക് ചങ്കിടിപ്പ് സമ്മാനിച്ച്. 

ഈ വിജയം എല്ലാ യുവകായികതാരങ്ങൾക്കും സമർപ്പിക്കുന്നു. സ്വന്തം കഴിവിൽ വിശ്വസിച്ചാൽ വിജയം സുനിശ്ചിതം. അസാധ്യമായി ഒന്നുമില്ല– ബിബിയുടെ വാക്കുകൾക്ക് കിട്ടയത് നിറഞ്ഞ കയ്യടി. അസാധ്യമായി ഒന്നുമില്ലെന്നു തെളിയിച്ച ഈ കനേഡിയൻ സുന്ദരിക്കൊപ്പമാണ് ഇനി ടെന്നിസ്, ഫാഷൻ ലോകം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com