sections
MORE

ആ ഇമേജിനെ ഭയമില്ല, ‍ഞാൻ ജീവിക്കുന്നത് ജോലിചെയ്ത്: റിച്ച ഛദ്ദ

Richa Chadha
റിച്ച ഛദ്ദ
SHARE

സ്വന്തം സ്വഭാവത്തോടും വിശ്വാസപ്രമാണങ്ങളോടും അടുത്തുനില്‍ക്കുന്ന വേഷങ്ങള്‍ ലഭിക്കുന്നത് ഒരു ഭാഗ്യമാണ്. അപൂര്‍വം നടീനടന്‍മാര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം. റിച്ച ഛദ്ദ എന്ന നടി ഭാഗ്യവതിയാകുന്നതും സ്വന്തം വിശ്വാസത്തോടു നീതിപുലര്‍ത്തുന്ന വേഷങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചതുകൊണ്ടാണ്.

സ്വന്തം ആശയഗതികള്‍ക്കനുസരിച്ച് സഞ്ചരിക്കുകയും പ്രവര്‍ത്തിക്കുകയും ധൈര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ വേഷങ്ങള്‍. ഓയേ ലക്കി ലക്കി ഓയേ, മസാന്‍, ഗാങ്സ് ഓഫ് വാസേപൂര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടുകയും റിച്ചയുടെ വേഷങ്ങള്‍ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു. അതോടെ, പ്രത്യേകതരം വേഷങ്ങള്‍ മാത്രം ചെയ്യുന്ന നടിയെന്ന ഇമേജും റിച്ചയ്ക്കു ലഭിച്ചു. ഒരേസമയം നല്ലതും ചീത്തയുമാണ് ആ ഇമേജ് എന്നു പറയുന്നു റിച്ച. സ്റ്റീരിയോ ടൈപ് ആകുന്നു എന്നതാണ് ചീത്തവശം. ഇഷ്ടമുള്ള വേഷങ്ങളില്‍ അഭിനയിക്കുന്നതിന്റെ സന്തോഷം നല്ലവശവും. 

ഈ ലോകം ഇപ്പോഴും പുരുഷന്‍മാരുടേതാണ്. മിക്ക മേഖലകളും നിയന്ത്രിക്കുന്നതും മേധാവിത്വം പുലര്‍ത്തുന്നതും പുരുഷന്‍മാര്‍ തന്നെ. അങ്ങനെയൊരു ലോകത്താണ് ജീവിക്കുന്നതെന്ന് എനിക്കറിയാം. എങ്കിലും സ്വാതന്ത്ര്യവും ഇച്ഛാശക്തിയും പുലര്‍ത്തി ശാക്തീകരിക്കപ്പെട്ട സ്ത്രീയായി ജീവിക്കാനാണ് ഞാനും ശ്രമിക്കുന്നത്.

ഏതു ജോലിയെടുത്താലും പ്രശ്നങ്ങളുണ്ട്. ജോലി ചെയ്യുന്ന മണിക്കൂറുകള്‍. ലഭിക്കുന്ന ശമ്പളം. ഇവയിലെല്ലാം കാര്യമായ വ്യത്യാസങ്ങളുണ്ട്. ഞാനൊരു നടിയാണ്. അതാണ് എന്റെ ജോലി. സ്റ്റീരിയോ ടൈപ് എന്നാക്ഷേപിച്ചാലും ഒരാശ്വസമുണ്ട്. എനിക്കു ലഭിക്കുന്നതെല്ലാം കരഞ്ഞുകൊണ്ട് വിധിയെ പഴിച്ചുകഴിയുന്ന സ്ത്രീകളുടെ വേഷങ്ങളല്ലല്ലോ. പുരുഷനെ ചോദ്യം ചെയ്യുന്ന, സ്വതന്ത്രയായി സഞ്ചരിക്കുന്ന സ്ത്രീകളുടെ വേഷങ്ങളാണല്ലോ. അവ ഞാന്‍ ഇഷ്ടപ്പെട്ടുതന്നെ ചെയ്തതാണ്- റിച്ച പറയുന്നു.

ഏഴു വര്‍ഷം മുമ്പാണ് റിച്ചയുടെ കരിയര്‍ മാറ്റിമറിച്ച ഗാങ്സ് ഓഫ് വാസേപൂര്‍ എന്ന സിനിമ ചെയ്യുന്നത്. ആ ചിത്രം ക്ലിക്ക് ആകുകയും റിച്ചയുടെ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തതിനുശേഷം വേഷങ്ങള്‍ സെലക്റ്റ് ചെയ്യുന്നതില്‍ അവര്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തു. കിട്ടുന്ന വേഷങ്ങളെല്ലാം സ്വീകരിക്കുന്ന നടി എന്ന ഇമേജിനപ്പുറം വേഷങ്ങള്‍ സെലക്റ്റ് ചെയ്യുന്ന നടി എന്ന ഇമേജ് റിച്ച സ്വന്തമാക്കി.

അതുകൊണ്ടുകൂടിയായിരിക്കാം പ്രദീപ് സര്‍ക്കാര്‍ ആന്‍ഡമാനിലെ ഗോത്രവിഭാഗക്കാരുടെ കഥ പറയുന്ന സംഗീതചിത്രം ചെയ്തപ്പോള്‍ റിച്ചയെ പ്രധാനവേഷത്തിലേക്ക് വിളിച്ചതും. നീല്‍ സമന്ദര്‍...ഒരു ദ്വീപിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകേന്ദ്രീകൃതമായ വേഷം..അതൊരു വെല്ലുവിളിയാണ്. സന്തോഷത്തോടെ ഏറ്റെടുക്കുന്ന വെല്ലുവിളി- റിച്ച പറയുന്നു. 

ഇനി ചെയ്യാനിരിക്കുന്ന ചിത്രങ്ങളും സാമൂഹിക പ്രാധാന്യമുള്ളതാണെന്നും റിച്ച ആശ്വസിക്കുന്നു. കേരളത്തെ ഒരുകാലത്ത് ഇളക്കിമറിച്ച സെക്സ് സിനിമകളിലെ നായിക ഷക്കീലയെക്കുറിച്ചുള്ള ചിത്രമാണ് ഒന്ന്. ഇന്ദ്രജിത്ത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ അയ്യര്‍ തിവാരിയുടെ പങ്ക, അനുഭവ് സിന്‍ഹയുടെ സിനിമ, അഭിഭാഷകയുടേ വേഷം ചെയ്യുന്ന സെക്‌ഷന്‍ 375 എന്നിവയും റിച്ചയ്ക്ക് പ്രതീക്ഷ പകരുന്ന ചിത്രങ്ങളാണ്. 

ഓസ്കര്‍ പുരസ്കാരം നേടിയ ചിത്രങ്ങള്‍ കാണുമ്പോള്‍ എനിക്കുതോന്നും എന്തുകൊണ്ട് ഇവിടെയും സ്വന്തം വിശ്വാസത്തോട് അടുത്തുനില്‍ക്കുന്ന ചിത്രങ്ങള്‍ ഉണ്ടാകുന്നില്ലെന്ന്. പൂര്‍ണമായും സമര്‍പ്പിച്ചുചെയ്യാവുന്ന സിനിമകളും വേഷങ്ങളും..എന്തായാലും സാമൂഹിക പ്രാധാന്യമുള്ള, ലോകത്തെക്കുറിച്ചുള്ള ആകാംക്ഷകള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെ വേറിട്ട നടി എന്ന പ്രതിഛായയിലേക്കാണ് റിച്ചയുടെ അഭിനയ യാത്ര. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA