ADVERTISEMENT

മൈക്കൽ ജാക്‌സന്റെ  വിവാദ ലൈംഗിക ജീവിതത്തിന് ഒരു തിരുത്ത്. ഇതാദ്യമായി അദ്ദേഹത്തെ വെള്ളപൂശുകയാണ് ഒരു നടി. രണ്ട് ഓസ്കർ പുരസ്കാരങ്ങളുൾപ്പെടെ ഗ്രാമി ആജീവനാന്ത പുരസ്കാരം വരെ നേടിയിട്ടുള്ള അമേരിക്കൻ ഗായികയും നടിയുമായ ബാർബറ സ്ട്രെയ്‍സാൻഡ്. നടിയുടെ തിരുത്താകട്ടെ വഴിതുറന്നിരിക്കുന്നത് വ്യാപക വിവാദങ്ങൾക്കും. 

ജാക്സസന്റെ  പാട്ടിനും നൃത്തത്തിനുമെന്നപോലെ മരണമില്ല അദ്ദേഹം ഉൾപ്പെട്ട വിവാദങ്ങൾക്കും. പത്തുവർഷം മുമ്പ് വിടപറഞ്ഞെങ്കിലും ഒരു ദശകത്തിനുശേഷവും ദിവസേനയെന്നോണം വാർത്തകൾ സൃഷ്ടിക്കുന്നുണ്ട് അദ്ദേഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ. പല വിവാദങ്ങളും ഹോട്ട് ആണു താനും. ഏറ്റവുമൊടുവിലായി ജാക്സന്റെ വേർപാടിൽ വേദനിക്കവേ, അദ്ദേഹത്തിന്റെ ലൈംഗിക ഇരകളെക്കുറിച്ച് ബാർബറ സ്ട്രെയ്‍സാൻഡ് നടത്തിയ പരാമർശങ്ങളാണ് പുതിയ വിവാദത്തിനു തിരികൊളുത്തിയത്. വിവാദം ജാക്സനിൽ മാത്രം ഒതുങ്ങിനിൽക്കാതെ, ലൈംഗിക പീഡനത്തിന്റെ ഇരകളെ ഒട്ടാകെ ബാധിക്കുന്നതുമാണ്. 

ഏഴും പത്തും വയസ്സുള്ള രണ്ടു കുട്ടികളെ ജാക്‌സൻ  ലൈംഗികമായി ദുരുപയോഗം ചെയ്തതിനെക്കുറിച്ച് ഈ വർഷം ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു– ലീവിങ് നെവർലാൻഡ്. വെയ്‍ഡ് റോബ്‍സൻ,  ജെയിംസ് സെഫ്‍ചക് എന്നിവർ തങ്ങളെ ലോകപ്രശസ്ത ഗായകൻ ചൂഷണം ചെയ്തതിനെക്കുറിച്ച് ഡോക്യുമെന്ററിയിൽ തുറന്നുപറയുന്നുമുണ്ട്. ഇതു വിവാദമായിരുന്നു. മൈക്കൽ ജാക്സൻ ആൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്നത് സ്ട്രെയ്‍സാൻഡ് പൂർണമായും വിശ്വസിക്കുന്നു. അതിൽ അസത്യത്തിന്റെ തരി പോലുമില്ലെന്നും. 

അദ്ദേഹത്തിനു ലൈംഗികദാഹമുണ്ടായിരുന്നു. അവ അദ്ദേഹത്തിനു സംതൃപ്തപ്പെടുത്തേണ്ടിയിരുന്നു. അതൊരുപക്ഷേ അദ്ദേഹം വളർന്നുവന്ന സാഹചര്യങ്ങളുടേതാകാം. കുട്ടിക്കാലത്തിന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ടതായിരിക്കാം. ഡിഎഎൻഎ തകരാർ തന്നെയായിരിക്കാം. അദ്ദേഹം കുട്ടികളെ ‘പീഡിപ്പിച്ചു’വെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ, ഒരൂകാര്യം മറക്കരുത്: ജാക്സന്റെ  ഒപ്പമായിരുന്നതിൽ ആ കുട്ടികൾ ആഹ്ലാദിച്ചിരുന്നു. ആവേശഭരിതരായിരുന്നു. പീഡനം അവരെ കൊന്നില്ലല്ലോ ! പീഡനം അവരെ ഒരുതരത്തിലും ബാധിച്ചില്ല എന്നതും ഓർമിക്കണം. അവർ പിന്നീട് വിവാഹം കഴിച്ചു. അവർക്കു കുട്ടികളുണ്ടായി. അവർ സന്തോഷത്തോടെ ജീവിച്ചു– സ്ട്രെയ്‍സാൻഡ്  വിവാദത്തിനു തിരികൊളുത്തി. 

ജാക്സൻ ഉൾപ്പെട്ട വിവാദങ്ങളെക്കുറിച്ച് എനിക്ക് വ്യത്യസ്ത വികാരങ്ങളാണു തോന്നിയിട്ടുള്ളത്. ആരെയെങ്കിലും കുറ്റപ്പെടുത്തേണ്ടിവന്നാൽ ജാക്സന്റെ ഇരകളുടെ മാതാപിതാക്കളെ മാത്രമായിരിക്കും ഞാൻ കുറ്റപ്പെടുത്തുക. അദ്ദേഹത്തിന്റെ ഇരകളായ കുട്ടികളെക്കുറിച്ച് എനിക്ക് ദുഃഖമുണ്ട്. ജാക്സനെക്കുറിച്ച് ആലോചിക്കുമ്പോഴും ഞാൻ ദുഃഖിക്കുന്നു. എനിക്കു കുറ്റപ്പെടുത്താനുള്ളത് ജാക്സനൊപ്പം കിടക്കാൻ കുട്ടികളെ അനുവദിച്ച മാതാപിതാക്കളെ മാത്രം– ആറുദശകങ്ങൾ അമേരിക്കൻ സംഗീത ജീവിതത്തിൽ നിറഞ്ഞുനിന്ന സ്ട്രെയ്‍സാൻഡ്  നിലപാട് വ്യക്തമാക്കി. നടിയുടെ വിവാദപരാമർശങ്ങൾ ഉടൻതന്നെ വൈറലായി; സമൂഹമാധ്യമങ്ങളിൽ വൻചർച്ചയുമായി. 

പീഡനം അവരെ കൊന്നില്ലല്ലോ. സ്ട്രെയ്‍സാൻഡ് , നിങ്ങൾ അങ്ങനെതന്നെയാണോ പറഞ്ഞത് ? ‘ലീവിങ് നെവർലാൻഡ്’  ഡോക്യുമെന്ററിയുടെ സംവിധായകൻ  ഡാൻ റീഡ് ട്വിറ്ററിൽ കുറിച്ചത് ലോകത്തിന്റെ മുഴുവൻ ഞെട്ടലും അതിശയവും. 

സേഫ്‍ചകും റോബ്‍സനും ഡോക്യുമെന്ററിയിലൂടെ നടത്തിയ വെളിപ്പെടുത്തലുകൾ അസത്യമാണെന്നാണ് ജാക്സന്റെ കുടുംബവൃത്തങ്ങൾ ആരോപിച്ചിരുന്നു. രണ്ടുപേരും കള്ളം പറയുകയാണെന്നും അവർ പറഞ്ഞു. 

വിവാദങ്ങളെത്തുടർന്ന് പല റേഡിയോ സ്റ്റേഷനുകളും ജാക്സന്റെ പാട്ടുകൾ അവരുടെ ശേഖരത്തിൽനിന്ന് ഒഴിവാക്കി. ആരാധകർ ഇപ്പോഴും ജാക്സന്റെ  ഗാനങ്ങൾ കേൾക്കുന്നോ ഇല്ലയോ എന്നത് അവരുടെ ഇഷ്ടമാണെന്നാണ് ഇതേക്കുറിച്ച് റോബ്സൻ പ്രതികരിച്ചത്. ലോകമാകെ ആരാധിക്കുന്ന ഒരാളെ ചോദ്യം ചെയ്യേണ്ടതുണ്ടായിരുന്നു. ഞാനതാണ് ചെയ്തത്. അത്രമാത്രം – റോബ്‍സൻ  നിലപാട് വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com