sections
MORE

ഹേമമാലിനി കോടീശ്വരി, കാറുകളോട് പ്രണയം; സത്യവാങ്മൂലത്തിലെ വെളിപ്പെടുത്തലിങ്ങനെ

Hema Malini
ഹേമമാലിനി
SHARE

ബോളിവുഡിന്റെ മുന്‍ സ്വപ്നസുന്ദരി ഹേമമാലിനിക്ക് എടുത്തുപറയാന്‍ മറ്റൊരു നേട്ടം കൂടി. ഇന്ത്യയിലെ ശതകോടീശ്വരരില്‍ ഒരാള്‍ കൂടിയാണ് ജനലക്ഷങ്ങള്‍ ഇപ്പോഴും അരാധകരായുള്ള നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഹേമമാലിനി. മഥുര ലോക്സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായി വീണ്ടും മല്‍സരിക്കുന്ന നടി നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സ്വത്തിനെക്കുറിച്ചുള്ള സത്യവാങ്മൂലത്തിലാണ് ശതകോടികളുടെ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തനിടെ 30 കോടിയിലധികം സ്വത്തിന്റെ വര്‍ധനവാണ് നടി സമര്‍പ്പിച്ച കണക്കുകളില്‍നിന്നു വ്യക്തമാകുന്നത്. 

ബംഗ്ലാവുകള്‍, കാറുകള്‍, സ്വര്‍ണം, പണം, നിക്ഷേപം എന്നിവയിലായി 101 കോടിരൂപയുടെ സ്വത്തുണ്ടെന്നാണ് പുതുതായി സമര്‍പ്പിച്ച രേഖകള്‍ പ്രകാരം ഹേമമാലിനി സമ്മതിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് 2014-ല്‍ മല്‍സരിക്കുമ്പോള്‍ 64 കോടിയുടെ സ്വത്തിന്റെ രേഖകള്‍ നടി ഹാജരാക്കിയിരുന്നു. അഞ്ചു വര്‍ഷത്തിനിടെ വര്‍ധിച്ചത് 30 കോടിയുടെ സ്വത്ത്. ഇക്കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഭര്‍ത്താവ് ധര്‍മേന്ദ്രയുടെ സ്വത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 12. 30 കോടിയാണ് അദ്ദേഹത്തിന്റെ സ്വത്തെന്നും ഹേമമാലിനി സത്യവാങ്മൂലത്തില്‍ പറയുന്നു. 

2011-ല്‍ 30 ലക്ഷത്തിലധികം രൂപയ്ക്ക് വാങ്ങിയ ഒരു മെഴ്സിഡസ് അടക്കം രണ്ടു കാറുകളാണ് ഹേമമാലിനിക്ക് സ്വന്തമായുള്ളത്. 2005-ല്‍ അഞ്ചുലക്ഷത്തോളം രൂപയ്ക്കു വാങ്ങിച്ച ടൊയോട്ടയുടെ കാറാണ് മറ്റൊന്ന്. ഹേമമാലിനിക്ക് പുതിയ കാറുകളോടാണ് താല്‍പര്യമെങ്കില്‍ ധര്‍മേന്ദ്രയ്ക്ക് വിന്റേജ് കാറുകളാണ് താല്‍പര്യം. റേഞ്ച് റോവറും മാരുതി 800 നും പുറമെ ഒരു മോട്ടോര്‍ സൈക്കിളും അദ്ദേഹത്തിനു സ്വന്തമായുണ്ട്. 

ശതകോടിശ്വരിയാണെങ്കിലും ഹേമമാലിക്കും ധര്‍മേന്ദ്രയ്ക്കും കടങ്ങളുമുണ്ട്. നടിക്ക് ആറേമുക്കാല്‍ കോടിയുടെ കടമുണ്ടെങ്കില്‍ ധര്‍മേന്ദ്രയ്ക്ക് ഏഴരക്കോടിയുടെ കടമാണുള്ളത്. മുംബൈയിലെ ജൂഹുവില്‍ ബംഗ്ലാവ് നിര്‍മിക്കാന്‍ വേണ്ടി ലോണ്‍ എടുത്ത വകയിലാണ് പ്രധാനമായും കടം വന്നിരിക്കുന്നത്. 58 കോടിക്ക് നടനും നടിയും കൂടി വാങ്ങിച്ച ജൂഹുവിലെ സ്ഥലത്തിനും വീടിനും ഇപ്പോള്‍ 100 കോടിയിലധികം വിലമതിക്കും. 

നടിയുടെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്. നൃത്തപരിശീലനത്തിനുവേണ്ടി 9-ാം വയസ്സില്‍ അവര്‍ പഠനം ഉപേക്ഷിച്ചു. പക്ഷേ, പിന്നീട് മെട്രിക്കുലേഷന്‍ പരീക്ഷ ജയിക്കുകയും ഉന്നതവിദ്യാഭ്യാസം നേടുകയും ചെയ്തിട്ടുണ്ടെന്നാണ് അവകാശവാദം. ഉദയ്പൂരിലെ ഒരു സര്‍വകലാശാലയില്‍നിന്ന് 2012-ല്‍ ഡോക്ടറേറ്റും നേടിയ ഹേമമാലിനിക്ക് പത്മശ്രീ ബഹുമതിയും ലഭിച്ചിട്ടുണ്ട്. മഥുരയില്‍നിന്ന് കഴിഞ്ഞതവണ തിരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് രണ്ടുതവണ അവര്‍ രാജ്യസഭാ എംപിയും ആയിരുന്നിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA