ADVERTISEMENT

പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് സ്റ്റെർലൈറ്റ് പ്ലാന്റിനെതിരെ സമരം നടത്തിയ സമരസമിതി നേതാക്കൾ ഉൾപ്പെടെ 13 പേർ വെടിവയ്പിൽ കൊല്ലപ്പെട്ടതിന്റെ ആഘാതത്തിൽനിന്ന് പൂർണമായും മുക്തമായിട്ടില്ല തമിഴ്നാടിന്റെ തെക്കൻപ്രദേശത്തെ തൂത്തുക്കുടി. കനത്ത കാവലിൽ അടഞ്ഞുകിടക്കുന്ന പ്ലാന്റും സുരക്ഷാ ഉദ്യോഗസ്ഥരും ഇപ്പോഴും ജനങ്ങളിൽ ഭീതി വിതയ്ക്കുന്നു. സമരവും വെടിവയ്പും അതിനെത്തുടർന്നു സംസ്ഥാനമെങ്ങും വ്യാപിച്ച പ്രക്ഷോഭങ്ങളും സൃഷ്ടിച്ച ഞെട്ടലും നടുക്കവും പലർക്കും ഇപ്പോഴും പിന്തുടരുന്ന പേടിസ്വപ്നമാണ്. 

സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടുന്ന വിഷയത്തിൽ രാഷ്ട്രീയപാർട്ടികൾ നിലപാട് വ്യക്തമാക്കാതെ ഒളിച്ചുകളി തുടരുമ്പോഴാണ് 17–ാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയർന്നത്. പ്രക്ഷോഭത്തിന്റെ അലയൊലികളും വേർപാടിന്റെ വിങ്ങലും തങ്ങിനിൽക്കുന്ന തൂത്തുക്കുടിയിൽനിന്ന് രാഷ്ട്രീയനേട്ടം കൊയ്യാൻ മുന്നണികൾ മുന്നിട്ടിറങ്ങിയതോടെ പോരാട്ടം ശക്തമായെങ്കിലും മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയം സ്റ്റെർലൈറ്റ് തന്നെയാണ്. ഇരുസ്ഥാനാർഥികളും വ്യക്തമായ നിലപാട് പറയുന്നില്ലെങ്കിലും ഈ തിരഞ്ഞെടുപ്പിലെ ഫലം നിർണയിക്കാൻ 10 മാസം മുമ്പു നടന്ന ക്രൂരമായ വെടിവയ്പിനു കഴിഞ്ഞേക്കും. 

സ്റ്റെർലൈറ്റ് വിഷയം കൊണ്ടുമാത്രമല്ല; സംസ്ഥാനത്തെ രണ്ടു മുന്നണികളുടെ വനിതാ നേതാക്കൾ മുഖാമുഖം വരുന്നതുകൊണ്ടുകൂടിയാണ് തൂത്തുക്കുടി ഇപ്പോൾ തമിഴ്നാടിന്റെയും രാജ്യത്തിന്റെതന്നെയും ശ്രദ്ധാകേന്ദ്രമാകുന്നത്. ഡിഎംകെയുടെ കനിമൊഴിയും ബിജെപിയുടെ തമിഴിസൈ സൗന്ദരരാജനും. രണ്ടുതവണ രാജ്യസഭാ എംപിയായിരുന്ന കനിമൊഴി ഇതാദ്യമായാണ് ലോക്സഭയിലേക്കു മൽസരിക്കുന്നത്. നിയമസഭയിലേക്കും ലോക്സഭയിലേക്കും മൽസരിച്ചെങ്കിലും പരാജയപ്പെട്ട തമിഴിസൈ വിജയചരിത്രത്തിനു തുടക്കം കുറിക്കാനാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ശാന്തമായിരുന്ന തൂത്തുക്കുടിയെ ഇളക്കിമറിച്ചുകൊണ്ട് ഇരുനേതാക്കളും പ്രചാരണം തുടങ്ങിയതോടെ തിരഞ്ഞെടുപ്പ് ആരവത്തിൽ മുങ്ങിയിരിക്കുകയാണ് തൂത്തുക്കുടിയും. 

തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയിൽനിന്ന് 600 കിലോമീറ്റർ ദൂരെയാണ് തൂത്തുക്കുടി. പുറത്തുനിന്നുള്ളവർ ഇനി മണ്ഡലത്തെ പ്രതിനിധികരിക്കേണ്ടെന്നും സ്വന്തം മണ്ണിൽനിന്ന് ഉയർന്നുവന്നവർതന്നെ വിജയിക്കണമെന്നും ശക്തമായ വാദം ഉയരുന്നതിനിടെ പ്രദേശവുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് വാചാലയാകുകയാണ് തമിഴ്നാടിന്റെ ഉദയസൂര്യനും ചോദ്യം ചെയ്യപ്പെടാത്ത നേതാവുമായിരുന്ന കരുണാനിധിയുടെ മകൾ കനിമൊഴി. രാജ്യസഭാ എംപിയായിരുന്നപ്പോൾ ഞാൻ ദത്തെടുത്ത ഗ്രാമം തൂത്തുക്കുടിയിൽനിന്നാണ്. വർഷങ്ങളോളം ഞാനിവിടെയുണ്ടായിരുന്നു. ഇവിടെ എനിക്കൊരു വീടുണ്ട്. ആ വീട്ടിലാണ് ഞാൻ താമസിക്കുന്നത്. 

ഒരാളുപോലും എന്നെ പുറത്തുനിന്നുള്ളയാളായി കരുതില്ല. കഴിഞ്ഞ നാലുവർഷമായി തൂത്തുക്കുടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു കനിമൊഴി. മണ്ഡലത്തിൽ കാര്യമായ വികസനപ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നും തനിക്കു വ്യക്തമായ പദ്ധതികളുണ്ടെന്നും കൂടി അവർ വ്യക്തമാക്കുന്നു. വിമാനത്താവളവും തുറമുഖവും വികസിപ്പിക്കേണ്ടതുണ്ട്. കൃഷിയുമായും മറ്റും ബന്ധപ്പെടുത്തി കൂടുതൽ വ്യവസായശാലകൾ വരണം. തൊഴിലവസരങ്ങൾ ഉണ്ടാകണം. സാധ്യതകൾ ഏറെയുള്ള സ്ഥലമാണ് തൂത്തുക്കുടി– കനിമൊഴി വ്യക്തമാക്കുന്നു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചയുടൻ മാർച്ച് 22 നു തന്നെ അവർ പ്രചാരണം തുടങ്ങുകയും ചെയ്തു. തിരുച്ചെണ്ടൂരിലെ ഒരു ക്ഷേത്രത്തിൽ സന്ദർശനം നടത്തിക്കൊണ്ടായിരുന്നു കനിമൊഴി തേരോട്ടം തുടങ്ങിയത്. 

2009 ലെ മണ്ഡല പുനർവിഭജനത്തിനുശേഷമാണ് ഇപ്പോഴത്തെ തൂത്തുക്കുടി മണ്ഡലം നിലവിൽവരുന്നത്. തൂത്തുക്കുടി, തിരുച്ചെണ്ടൂർ, വിലാത്തിക്കുളം, കോവിൽപട്ടി, ഒറ്റപ്പിടാരം, ശ്രീവൈകുണ്ഠം എന്നീ നിയമസഭാ മണ്ഡലങ്ങളാണ് തൂത്തുക്കിടിയിലുള്ളത്. മണ്ഡലത്തിൽ വ്യാപകസ്വാധീനമുള്ള ക്രിസ്ത്യൻ സമുദായത്തിന്റെ പിന്തുണ നേടാനും ഇരു സ്ഥാനാർഥികളും ശ്രമിക്കുന്നുണ്ടെങ്കിലും നാടാർ വോട്ടുകളും നിർണായകമാകുമെന്നനാണ് കരുതപ്പെടുന്നത്.

ചെറുകിട വ്യാപാരികളാണ് നാടാർ വിഭാഗത്തിലെ ഭൂരിപക്ഷവും. കനിമൊഴിയുടെ അമ്മ ഈ വിഭാഗത്തിൽനിന്നാണെന്നുള്ളത് അവർക്ക് നേട്ടമാകുമെന്ന വിലയിരുത്തലുമുണ്ട്. പക്ഷേ എതിരാളി തമിഴിസൈ സൗന്ദരരാജൻ നാടാർവിഭാഗത്തിൽനിന്നുതന്നനെയുള്ള നേതാവാണ്. തൂത്തുക്കുടിയടെ തൊട്ടടുത്ത ജില്ലയായ കന്യാകുമാരിയിലെ നാഗർകോവലിൽനിന്നാണ് അവർ വരുന്നത്.

അതും തനിക്ക് അനുകൂല ഘടകമാകുമെന്നാണ് തമിഴിസൈയുടെ അവകാശവാദം. തൂത്തുക്കുടിയെ വികസനത്തിന്റെ കേന്ദ്രമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും അവർ പ്രഖ്യാപിക്കുന്നു. കോൺഗ്രസ് നേതാവ് കുമാരി അനന്തന്റെ മകളും ഡോക്ടറുമായ  തമിഴിസൈ ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയാണ്. കോൺഗ്രസ് എംഎൽഎ എച്ച്.വസന്തകുമാറിന്റെ അനന്തരവൾ കൂടിയാണ് തമിഴിസൈ. 

മൽസരത്തെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന തമിഴിസൈ അഴിമതിയുടെ കറ പുരളാത്ത നേതാവാണ് താനെന്നും അവകാശപ്പെടുന്നു. എനിക്കെതിരെ ഒരു കേസു പോലുമില്ല. ആരുടെയും സംരക്ഷണയുടെ തണലിലല്ല ഞാൻ വളർന്നത്. ഒരു കുടുംബത്തിന്റെയും അരുമയുമല്ല ഞാൻ. 20 വർഷമായി പാർട്ടിയിൽ പ്രവർത്തിച്ച് പടിപടിയായാണ് ഇപ്പോഴത്തെ പദവിയിൽ എത്തുന്നത്. അടിയുറച്ച പാർട്ടിപ്രവർത്തകർക്ക് പിന്തുണ നൽകുന്ന പാർട്ടിയാണ് ബിജെപി. അതുകൊണ്ടാണ് എനിക്ക് മൽസരിക്കാൻ അവസരം ലഭിച്ചതും–തമിഴിസൈ വ്യക്തമാക്കുന്നു. 

സ്റ്റെർലൈറ്റ് കമ്പനിയെക്കുറിച്ച് ഡിഎംകെ മാനിഫെസ്റ്റോ ഒന്നും പറയുന്നില്ലെങ്കിലും പരിസ്ഥിതി മലിനമാക്കുന്ന സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടുമെന്നാണ് തങ്ങളുടെ നലപാടെന്ന് കനിമൊഴി വ്യക്തമാക്കുന്നു. വെടിവയ്പിൽ തനിക്ക് ദുഃഖമുണ്ടെന്നും തമിഴിസൈ പറയുന്നു. ദൗർഭാഗ്യകരമായ അത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. കോടതി പരിഗണിക്കുന്ന വിഷയമായതിനാൽ സ്റ്റെർലൈറ്റിന്റെ കാര്യത്തിൽ കോടതി തന്നെ അവസാനവാക്കു പറയട്ടെയെന്നും തമിഴിസൈ പറയുന്നു. 

സ്റ്റെർലൈറ്റ് പ്ലാന്റ് ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്. കേസ് കോടതിയിൽ നടക്കുകയുമാണ്. തൂത്തുക്കുടിക്കാർക്ക് ഏതാനും മാസം മുമ്പ് നടന്ന വെടിവയ്പ് മറക്കാനുമായിട്ടില്ല. എന്തായാലും വരുന്ന തിരഞ്ഞെടുപ്പിലെ ജനവിധി ആർക്ക് അനുകൂലമായാലും അവർക്ക് സ്റ്റൈർലൈറ്റിന്റെ കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടിവരും. അതിനു കാത്തിരിക്കുകയാണ് മരണത്തിന്റെ മരവിപ്പു മാറാത്ത തൂത്തുക്കുടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com