ADVERTISEMENT

യാഥാസ്ഥിതിക ശക്തികൾ വീണ്ടും നിയന്ത്രണം കൈക്കലാക്കുമോ എന്ന ആശങ്ക സജീവമായ അഫ്ഗാനിസ്ഥാനിൽ ഒരു പുതിയ നക്ഷത്രം ഉദിച്ചിരിക്കുന്നു. പാട്ടുപാടുന്ന നക്ഷത്രം. സാറ എൽഹാം എന്ന ഇരുപതുകാരി. പാട്ടിലൂടെ രക്തച്ചൊരിച്ചിലുകളുടെ വേദനയെ അതിജീവിക്കാൻ ഒരു രാജ്യത്തെ സഹായിക്കുന്നതിനൊപ്പം വിദ്വേഷത്തെയും വെറുപ്പിനെയും സ്നഹംകൊണ്ട് കീഴടക്കാമെന്നും പ്രത്യാശിക്കുന്ന സാറയിലാണ് ഇനി അഫ്ഗാന്റെ ഭാവിസ്വപ്നം. പാട്ടിലൂടെ പുതിയ തലമുറ സ്നേഹം കണ്ടെത്തുമെന്ന പുത്തൻ പ്രതീക്ഷ. 

അഫ്ഗാൻ ചരിത്രത്തിലെ ഇരുണ്ടകാലമാണ് 1996 മുതൽ 2001 വരെയുള്ള താലിബാൻഭരണകാലം. പാട്ടും നൃത്തവും നിരോധിക്കപ്പെട്ട കാലം,. കലാ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തപ്പെട്ട കാലം. ശിരോവസ്ത്രം അണിയാൻ സ്ത്രീകളെ നിർബന്ധിക്കുകയും അവരെ വീടിന്റെ ഉള്ളറകളിൽ തളച്ചിടുകയും ചെയ്ത ക്രൂരതയുടെയും പൈശാചിതകയുടെയും കാലം. അതേ കാലത്തായിരിക്കണം സാറ എൽഹാം എന്ന പെൺകുട്ടി പാട്ടുപാടി പഠിച്ചത്. 

പാട്ടു പഠിക്കാൻ സ്കൂളോ ഗുരുക്കൻമാരോ ഇല്ല. യൂ ട്യൂബ് ആയിരുന്നു അകെയുള്ള ആശ്രയം. പ്രിയം നാടൻപാട്ടുകൾ. മനസ്സുതുറന്നുള്ള ആലാപനത്തിലൂടെ ശ്രദ്ധേയയായ സാറ ഇക്കഴിഞ്ഞയാഴ്ച അഫ്ഗാനിസ്ഥാന്റെ ശ്രദ്ധാകേന്ദ്രമായി. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ‘അഫ്ഗാൻ സ്റ്റാർ’ എന്ന സംഗീതപരിപാടിയിൽ കിരീടം ചൂടിക്കൊണ്ട്. 13 വർഷമായി പുരുഷൻമാർ മാത്രം കിരീടം പങ്കുവച്ചിരുന്ന ഷോയിലാണ് ഇതാദ്യമായി ഒരു യുവതി വിജയിച്ചത്. യുദ്ധത്തിന്റെ മുറിവുകളിൽനിന്നും സംഘർഷത്തിന്റെ സങ്കടങ്ങളിൽനിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒര രാജ്യത്തിനു സാന്ത്വനം പകർന്നുകൊണ്ട്. അമേരിക്കൻ ഐഡൽ എന്ന ഷോയുടെ അഫ്ഗാൻ പതിപ്പിലായിരുന്നു സാറയുടെ കിരീടധാരണം. 

അഫ്ഗാനിസ്ഥാനിലെ ഹസാര എന്ന ന്യൂനപക്ഷ വിഭാഗത്തിലെ അംഗമാണ് സാറ എൽഹാം. കിരീടം സ്വപ്നം കണ്ടല്ല താൻ മൽസരിച്ചതെന്നും വിജയം അപ്രതീക്ഷിതമാണെന്നും സാറ പറയുന്നു. ഞാനൊരിക്കലും ഇങ്ങനെയൊരു നിമിഷം പ്രതീക്ഷിച്ചിട്ടില്ല. പക്ഷേ, ഇപ്പോൾ എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നുന്നു. ഈ ഷോയിൽ വിജയിക്കുന്ന ആദ്യ സ്ത്രീയാണെന്ന വിചാരം ഞെട്ടലുമുണ്ടാക്കുന്നു– സാറ പറയുന്നു. 

സാറയുടെ കുടുംബത്തിന് സംഗീതപാരമ്പര്യമൊന്നുമില്ല. വീട്ടിൽ ആരും പാടാറുമില്ല. അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഗായിക ആര്യാന സയീദിന്റെ പാട്ടുകൾ കേട്ടും യൂ ട്യൂബിൽ കണ്ടുമാണ് പാട്ട് പഠിച്ചത്. ഒടുവിൽ ചെറിയ പ്രായത്തിലേ ആര്യാനയെപ്പോലെ സാറയും ഒരു രാജ്യത്തെ പുതുതലമുറയുടെ റോൾ മോഡലായിരിക്കുന്നു. എന്റെ ശബ്ദത്തിന്റെ പ്രാധാന്യം ഞാൻ തിരിച്ചറിയുന്നുണ്ട്. ഒറ്റയ്ക്കു പുറത്തുപോകാൻപോലും സ്ത്രീകൾക്ക് അനുവാദമില്ലാത്ത ഒരു രാജ്യത്ത് പാട്ടിലൂടെ ഒരാൾ വിജയിയാകുക എന്നത് നിസ്സാരമല്ല. എന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് ഞാൻ ബോധവതിയാണ്. രാജ്യത്തെ വളർന്നുവരുന്ന പെൺകുട്ടികൾക്ക് എന്റെ പാട്ട് പ്രചോദനമാകട്ടെ. അവരും പാടട്ടെ. നൃത്തം ചെയ്യട്ടെ. സമൂഹത്തിൽ മുന്നോട്ടുവരട്ടെ...സാറ ആത്മവിശ്വാസത്തോടെ പറയുന്നു. 

പ്രശസ്തിയുടെ തിളക്കത്തിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തനിക്ക് ഒരു പദ്ധതിയുമില്ലെന്ന് സാറ പറയുന്നു. പക്ഷേ താലിബാൻ വീണ്ടും ശക്തികേന്ദ്രമാകുകയയാണെങ്കിൽ പാട്ടിലൂടെ താൻ പോരാടുമെന്ന് അവർ പറയുന്നു. താലിബാനെ പുറത്താക്കി പുതിയ സർക്കാർ അധികാരത്തിൽ വന്നെങ്കിലും അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന അഫ്ഗാനിൽനിന്നു പിൻമാറുന്നതോടെ താലിബാൻ കിരാത നയങ്ങളുമായി തിരിച്ചുവരുമോ എന്ന പേടിയിലാണ്  പൊതുസമൂഹം. എന്തുതന്നെ സംഭവിച്ചാലം ചെറുത്തുനിൽപിന്റെ സന്ദേശവുമായി താൻ പാട്ടു തുടരുമെന്നാണ് സാറ പറയുന്നത്. ആ പാട്ടിലാണ് ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com