sections
MORE

പ്രചാരണവും വോട്ടുപിടിത്തവുമില്ല. ‘ദൈവം അനുഗ്രഹിച്ചാൽ ജയിക്കും’

Lalthlamuani
ലാൽത്തൽമോനി
SHARE

മിസോറമിൽ ഒരു ലോക്സഭാണ്ഡലം മാത്രമാണുള്ളത്. ഏപ്രിൽ 11 ന് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ രംഗത്തുള്ളത് ആറുപേർ. അഞ്ചു പുരുഷൻമാരും ഒരു വനിതയും. ഇത്തവണത്തെ മിസോറമിലെ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ കൗതുകവും ഏക വനിതാ സ്ഥാനാർഥി തന്നെ. ചരിത്രത്തിലാദ്യമായാണ് ഒരു വനിത മിസോറമിൽനിന്ന് ലോക്സഭയിലേക്ക് ജനവിധി തേടുന്നത്. 

സാക്ഷരതയിൽ മുന്നിലള്ള സംസ്ഥാനങ്ങളിലൊന്നാണ് മിസോറം. വോട്ടർമാരുടെ എണ്ണത്തിൽ സ്ത്രീകളാണ് മുന്നിൽ. പരുഷൻമാരെക്കാൾ 20417 പേർ കൂടുതൽ. ജോലിസ്ഥലങ്ങളിലും പുരുഷൻമാർക്കൊപ്പമായി വനിതകളുണ്ട്. വസ്തുതകൾ ഇതൊക്കെയാണെങ്കിലും  മിസോറമിൽ സ്ത്രീകൾ രാഷ്ട്രീയത്തിലിറങ്ങുന്നത് അപൂർവം. രാഷ്ട്രീയത്തോട് അത്ര നല്ല അഭിപ്രായമല്ല സംസ്ഥാനത്തെ സ്ത്രീകൾക്ക്. അധികാരക്കൊതിയും പണത്തിന്റെ സ്വാധീനവുമൊക്കെ അവരെ രാഷ്ട്രീയത്തിൽനിന്ന് അകറ്റുന്നു. പക്ഷേ, ഇത്തവണ എല്ലാ കീഴ്‍വഴക്കങ്ങളെയും ലംഘിച്ചുകൊണ്ട് ഒരു സ്ത്രീ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുകയാണ്. ഏതെങ്കിലും രാഷ്ട്രീയപാർട്ടിയോ സംഘടനയോ അല്ല ഏകവനിതകയ്ക്ക് സീറ്റ് കൊടുത്തത്. സ്വതന്ത്രയാണവർ. ‘ദൈവത്തിന്റെ വിളി’ കേട്ട് മൽസരിക്കാനിറങ്ങിയവർ– ലാൽത്തൽമോനി. 

കഴിഞ്ഞ നവംബറിൽ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മൽസരിച്ചത് 209 പേർ. ഇവരിൽ 16 പേർ വനിതകളായിരുന്നു. പക്ഷേ ഒരാൾ പോലും ജയിച്ചില്ല. സംസ്ഥാനത്തിന്റെ 32 വർഷത്തെ ചരിത്രത്തിലാകട്ടെ മന്ത്രിസ്ഥാനത്ത് എത്തിയത് രണ്ടേ രണ്ടു വനിതകൾ. 1987 ലും 2014 ലും. ലാൽത്തൽമോനി എതിരാളികൾക്കൊപ്പം സംസ്ഥാന രാഷ്ട്രീയത്തിലെ പുരുഷാധിപത്യ പ്രവണതയ്ക്കെതിരെ കൂടിയാണ് മൽസരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പു കളിലെങ്കിലും കൂടുതൽ വനിതകൾക്ക് രംഗത്തുവരാൻ പ്രേരണയും പ്രചോദനവുമായി. 

പക്ഷേ, രാഷട്രീയം അവർക്ക് സേവനത്തിനുള്ള മാർഗമാണ്. ജനങ്ങളേക്കാൾ ദൈവത്തെ സേവിക്കാനുള്ള മാർഗം. 63 വയസ്സുകാരിയും യഹൂദ മതത്തിൽപ്പെട്ടയാളുമായ താൽത്തൽമോനി പത്രിക സമർപ്പിച്ചത് ചൊവ്വാഴ്ച. വ്യാഴാഴ്ച പത്രിക സ്വീകരിക്കുകയും ചെയ്തു. ഇനി കടുത്ത പ്രചാരണമാണെന്ന് കരുതിയെങ്കിൽ തെറ്റി– പ്രചാരണവും വോട്ടുപിടിത്തവുമൊന്നുമില്ല. ‘ദൈവം അനുഗ്രഹിച്ചാൽ ജയിക്കും’– അത്ര തന്നെ.  മൽസരിക്കാൻ എന്നോട് ആവശ്യപ്പെട്ടത് ദൈവമാണ്. നഷ്ടപ്പെട്ട ജനതയായ യഹൂദർക്കുവേണ്ടി പാർലമെന്റിൽ ശബ്ദം ഉയർത്താനും ദൈവം ആവശ്യപ്പെട്ടു. ഞാനതനുസരിച്ചു. സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്താൻ കൂടിയാണ് എന്റെ പോരാട്ടം. വരാനിരിക്കുന്ന തലമുറകൾക്കുവേണ്ടി. ഞാൻ ജയിക്കുന്നതോടെ ദൈവത്തിന് അഭിമാനിക്കാനാകും– താൽത്തൽമോനി ആത്മവിശ്വാസത്തിലാണ്. 

മിസോറാമിലെ യഹൂദമതത്തിൽപ്പെട്ടവരെ ഇസ്രയേലുകാരായി അംഗീകരിക്കണമെന്ന ആവശ്യവും ലാൽത്തൽമോനി മുന്നോട്ടുവയ്ക്കുന്നുണ്ട്. യഹൂദരുടെ ശബ്ദം ഡൽഹി വരെ കേൾക്കണമെന്നും അവർ ആഗ്രഹിക്കുന്നു. ഇന്ത്യാ–ഇസ്രയേൽ ബന്ധം മെച്ചപ്പെടണമെന്ന ആഗ്രഹവുമുണ്ട്. കർഷകർക്കും പാവപ്പെട്ടവർക്കും വേണ്ടി കഴിയുന്നത്ര സഹായപദ്ധതികളും നടപ്പാക്കണം– ഇരുത്തം വന്ന രാഷ്ട്രീയക്കാരിയെപ്പോലെയാണ് താൽത്തൽമോനി സംസാരിക്കുന്നത്. രാജ്യത്തെ യഹൂദൻമാരയെല്ലാം ഒരുമിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് അവർ. വനിതകളും കർഷകരുമൊക്കെ തന്നെ പിന്തുണയ്ക്കുമെന്നാണ് സ്ഥാനാർഥിയുടെ പ്രതീക്ഷ. പല വനിതകളും പിന്തുണ വാഗ്ദാനം ചെയ്തയായും അവർ അവകാശപ്പെടുന്നുമുണ്ട്. 

പ്രചാരണത്തിനിറങ്ങാതെ എങ്ങനെ വിജയിക്കുമെന്നു ചോദിച്ചാൽ മറുപടിയുണ്ട് താൽത്തൽമോനിക്ക്– ദൈവം അനുഗ്രഹിച്ചാൽ ഞാൻ വിജയിക്കും, തീർച്ച ! താൽത്തൽമോനിയെപ്പോലെ ഒരു വിശ്വാസിയെ ദൈവം കൈവിടില്ലെന്നാണ് അവരുടെ പ്രതീക്ഷ. ആ പ്രതീക്ഷ ജനങ്ങൾക്കുമുണ്ടോ എന്നാണ് ഇനി അറിയാനുള്ളത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA