ADVERTISEMENT

എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തേക്കാൾ ഫർദുകി ഷെർപയേയും നിമ ദോമ ഷെർപയേയും പേടിപ്പിക്കുന്നത് അവരുടെ സാമൂഹികാവസ്ഥ. ദുശ്ശകുനമായി പരിഗണിക്കപ്പെടുന്ന അവർ പുറത്തേക്കിറങ്ങുന്നതും ജോലി ചെയ്ത് കുടുംബം പോറ്റുന്നതുമൊന്നും പൊതുസമൂഹത്തിനു പിടിക്കുന്നില്ല. ജോലി ചെയ്യാതെ എങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിനാകട്ടെ ഉത്തരവുമില്ല. മനസ്സിനെ കാർന്നുതിന്നുന്ന വേദനയും ഒറ്റപ്പെടലും ഒപ്പം ഓരോ ദിനവും എങ്ങനെ മുന്നോട്ടുപോകുമെന്ന ആശങ്കയും. സമൂഹം എന്തുവിചാരിക്കുമെന്ന പേടി അകറ്റിനിർത്തി അവർ ഒരുമിച്ച് ഒരു ദൗത്യത്തിന് മുന്നിട്ടിറങ്ങുകയാണ് – ഒരു ചരിത്രദൗത്യം. എവറസ്റ്റ് കീഴടക്കുക !

കൊടുമുടി കീഴടക്കിയാലും ഇല്ലെങ്കിലും ഫർദുകിയുടെയും നിമ ദോമയുടെയും യാത്ര ചരിത്രമാകാൻ കാരണമുണ്ട്. ഇരുവരും വിധവകളാണ്. വിധവകളെ ഇക്കാലത്തും ഭാഗ്യമില്ലാത്തവരും അപശകകുനവുമായി കാണുന്നവരാണ് ഷെർപകൾ. ഭർത്താവ് മരിച്ചാൽ പുറത്തേക്കുപോലുമിറങ്ങാതെ കുടിലിൽ കഴിയാൻ വിധിക്കപ്പെട്ട ശപിക്കപ്പെട്ട ജൻമങ്ങൾ. വിധവകൾക്കു മാത്രമല്ല പൊതുവെ സ്ത്രീകൾക്കും സ്വാതന്ത്ര്യം അനുവദിക്കാത്ത വിഭാഗക്കാരാണ് ഷെർപകൾ. പുരുഷ മേധാവിത്വം നിലനിൽക്കുന്ന സമൂഹം. 

പുരുഷൻമാർ ജോലി നോക്കുകയും സ്ത്രീകൾ വീടു നോക്കുകയുമാണ് അവരുടെ പതിവ്. എവറസ്റ്റിന്റെ മഞ്ഞണിഞ്ഞ താഴ്‍വാരങ്ങളിൽ അപകടം നിറഞ്ഞ ജീവിതം നയിക്കുന്ന ഷെർപകൾക്ക് മരണം അസാധാരണ സംഭവവുമല്ല. എവറസ്റ്റിൽ മരിക്കുന്ന മൂന്നുപേരിൽ ഒരാൾ ഷെർപ വിഭാഗത്തിൽപ്പെട്ടവരാണെന്നു കണക്കുകൾ പറയുന്നു. വിധവകളായി ജീവിക്കുന്ന അനേകം യുവതികളുണ്ട്. പലരും സമൂഹം എന്തു വിചാരിക്കുമെന്ന് പേടിച്ച് മക്കളെ വളർത്താൻ കഷ്ടപ്പെടുന്നവരും.

ഫർദുകിയും നിമ ദോമയും  ചെറുപ്പക്കാരാണ്. അകാലത്തിൽ അവർക്കു ജീവിതപങ്കാളികളെ നഷ്ടപ്പെട്ടു.എവറസ്റ്റ് കൊടുമുടിയാണ് അവരുടെ പങ്കാളികളെ കവർന്നെടുത്തത്. അതേ കൊടുമുടി കീഴടക്കാനാണ് ഇപ്പോഴവർ തുനിഞ്ഞിറങ്ങുന്നത്. പാരമ്പര്യത്തെയും കീഴ്‍വഴക്കത്തെയും ചരിത്രത്തെയും സാമൂഹിക കാഴ്ചപ്പാടുകളെയും വെല്ലുവിളിച്ചുകൊണ്ട്. ഷെർപകളിലെ നാലായിരത്തോളം പുരുഷൻമാർ ഇതുവരെ കൊടുമുടി കീഴടക്കിയിട്ടുണ്ടെങ്കിൽ അതേ ദൗത്യം പൂർത്തീകരിക്കാനായത് 34 സ്ത്രീകൾക്കു മാത്രമാണ്.

കുറച്ചുനാൾ വീട്ടിൽ കണ്ണീരുമായി അവർ കഴിച്ചുകൂട്ടി. ഒറ്റപ്പെടലും വേദനയും മാത്രമാണവരുടെ കൂട്ടുകാർ. അവർ പരസ്പരം സംസാരിക്കുകയും മറ്റു വിധവകളുടെ കഥകൾ കേൾക്കുകയും ചെയ്തപ്പോൾ ഒരുകാര്യം ബോധ്യപ്പെട്ടു– ധൈര്യപൂർവം എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഭാവിജീവിതം ഇരുളടഞ്ഞതാകും. നേപ്പാളിന്റെ തലസ്ഥാനമായ കാഠണ്ഡുവിൽ ട്രെക്കിങ് ഗൈഡുകളായി കുറച്ചുനാൾ അവർ ജോലി നോക്കി. സമീപത്തുള്ള ബുദ്ധസ്തൂപത്തിൽ വിളക്കു കത്തിക്കാനുള്ള യാത്രയിലാണ് ഇരുവരും പരിചയപ്പെടുന്നത്. രണ്ടുപേരുടെയും ജീവിതാവസ്ഥകളിലെ സമാനത അവരെ തമ്മിലടുപ്പിച്ചു. പിന്നീടാണ് കൊടുമുടി കീഴടക്കി വിധവകൾക്കും ഒറ്റപ്പെട്ടവർക്കും വേണ്ടിയുള്ള പോരാട്ടം ഏറ്റെടുക്കാൻ അവർ തീരുമാനിച്ചത്. 

വിധവകളായി ജീവിതം നയിക്കുക ബുദ്ധിമുട്ടാണ്. ഞങ്ങൾ കുറേനാൾ സഹിച്ചു. ഇനി അതു പറ്റില്ല. ലോകത്തെ നേരിടാൻ തന്നെയാണ് തീരുമാനം – നിമ ദോമ ആത്മവിശ്വാസത്തോടെ പറയുന്നു. വിധവകൾക്കും ഒറ്റപ്പെട്ടവർക്കും സന്ദേശം നൽകാനാണ് ഞങ്ങളുടെ യാത്ര. ഞങ്ങൾ വിധവകൾ ആരുടെയും പിന്നിലല്ലെന്ന് തെളിയിക്കാൻ. സ്ത്രീകൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ലോകത്തിനു കാണിച്ചുകൊടുക്കാൻ– നിമയുടെയും ഫർദികിയുടെയും വാക്കുകളിൽ ഇച്ഛാശക്തിയുടെ ഉറപ്പുണ്ട്. ദൃഢനിശ്ചയത്തിന്റെ കരുത്തുണ്ട്. ജീവിതത്തോടുള്ള അടങ്ങാത്ത ആസക്തിയും സ്വന്തം കഴിവുകൾ തെളിയിക്കാനുള്ള ആഗ്രഹവും. അവരുടെ പർവതാരോഹണം  ഉയരത്തിനെതിരെ മാത്രമല്ല, സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടുകൾക്ക് എതിരെ കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com