sections
MORE

സ്മൃതി ഇറാനി വലിയ പൊട്ടു തൊടുന്നതെന്തിന്; വിവാദ പ്രസംഗമിങ്ങനെ

Maharashtra Leader's Crude
സ്മൃതി ഇറാനി, ജയ്ദീപ് കവാഡെ
SHARE

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കവെ, സംസ്ഥാന ദേശീയ തലങ്ങളില്‍ നേതൃസ്ഥാനം വഹിക്കുന്ന വനിതകള്‍ക്കെതിരെ കൂടുതല്‍ ആക്ഷേപകരമായ പരാമര്‍ശങ്ങളും പുറത്തുവരുന്നു. ലൈംഗികച്ചുവയുള്ളതും ആക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ക്കെതിരെ ഇരയായവരും അവരുടെ പാര്‍ട്ടിക്കാരും പരാതികള്‍ സമര്‍പ്പിക്കുകയും കേസ് എടുക്കുകയും ചെയ്യുന്നത് മുറയ്ക്കു നടക്കുമ്പോഴും പ്രമുഖരുള്‍പ്പെടെയുള്ളവര്‍ നാക്കും വാക്കും നിയന്ത്രിക്കാന്‍ തയാറാകുന്നില്ല.

വനിതകള്‍ക്കെതിരെയുള്ള ആക്ഷേപകരമായ പരാമര്‍ശങ്ങളുടെ ഏറ്റവും പുതിയ ഇര കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. തിങ്കളാഴ്ച സ്മൃതിയെ ആക്ഷേപിച്ചു പ്രസംഗിച്ചത് മഹാരാഷ്ട്രയില്‍നിന്നുള്ള ഒരു നേതാവ്. പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി (പിആര്‍പി) നേതാവ് ജയ്ദീപ് കവാഡെയാണ് നിയന്ത്രണമില്ലാത്ത വാക്കുകളിലൂടെ വിവാദനായകനായിരിക്കുന്നത്. 

നാഗ്പുരിലെ ബഗദ്ഗഞ്ചില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവെ ആയിരുന്നു ജയ്ദീപിന്റെ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍. ‘സ്മൃതി ഇറാനിയുടെ നെറ്റിയില്‍ വലിയ പൊട്ടുണ്ട്. സാമാന്യത്തിലധികം വലുപ്പമുള്ളത്. എന്തിനാണ് ഇത്രവലിയ പൊട്ട് തൊടുന്നതെന്ന് ഞങ്ങള്‍ അവരോടു ചോദിച്ചു.................ഈ മന്ത്രി, നരേന്ദ്രമോദിയുടെ മന്ത്രി, ഗഡ്കരിയുടെ മന്ത്രി ആവശ്യപ്പെടുന്നത് ബാബാസാഹേബ് അംബേദ്കര്‍ രൂപപ്പെടുത്തിയ ഭരണഘടന മാറ്റണമെന്നാണ്. നാന പടോളെ ആവശ്യത്തെ എതിര്‍ത്തു..............’ ജയ്ദീപിന്റെ വാക്കുകളില്‍ പലതും പ്രസിദ്ധീകരണ യോഗ്യമല്ലാത്തതിനാല്‍ അവ ഒഴിവാക്കിയാണ് മാധ്യമങ്ങള്‍ പ്രസംഗം റിപോര്‍ട്ട് ചെയ്തത്. 

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് സ്മൃതി ഇറാനി മല്‍സരിക്കുന്നത്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ് പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ദലിത് നേതാവും ജയ്ദീപിന്റെ പിതാവുമായ ജോഗേന്ദ്ര കവാഡെയാണ് പിആര്‍പിയെ നയിക്കുന്നത്. ജയ്ദീപിന്റെ പരാമര്‍ശങ്ങള്‍ വിവാദമായതിനെത്തുടര്‍ന്ന് ബിജെപി യൂത്ത് വിങ് നേതാക്കള്‍ അദ്ദേഹത്തിനും വേദിയില്‍ സന്നിഹിതരായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ നാഗ്പുര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതിയും നല്‍കി. സ്ത്രീകള്‍ക്കെതിരായ ആക്ഷേപകരമായ പരാമര്‍ശമാണ് ജയ്ദീപ് നടത്തിയതെന്നാണ് പരാതി. അദ്ദേഹം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാഗ്പൂരില്‍നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാന പടോളെ, പ്രമുഖ നേതാക്കളായ അശോക് ചവാന്‍,വിലാസ് മുട്ടംവര്‍ എന്നിവര്‍ വേദിയിലിരിക്കെയാണ് ജയ്ദീപ് മോശം വാക്കുകളുപയോഗിച്ച് സ്മൃതിയെ ആക്ഷേപിച്ചതെന്നും ആരോപിച്ചിട്ടുണ്ട് യുവമോര്‍ച്ച നേതാക്കള്‍. 

ബിജെപി കേരള ഘടകം സംസ്ഥാന പ്രസിഡന്റ് പി.ശ്രീധരന്‍ പിള്ള കഴിഞ്ഞദിവസം പ്രിയങ്ക ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. അതിനും മുമ്പ് ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ ഇടതുമുന്നണി നേതാവ് എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുകയും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA