ADVERTISEMENT

ശരീരത്തിന് മാത്രമല്ല മനസ്സിനു വരുന്ന അസ്വസ്ഥതകളെയും രോഗമായി കണക്കാക്കണം എന്ന് പലർക്കും അറിയില്ല. അത്തരം മനോഭാവം വച്ചു പുലർത്തുന്ന ഹോസ്റ്റൽ അധികൃതരിൽ നിന്ന്  മോശം അനുഭവം നേരിട്ട പെൺകുട്ടിയുടെ കഥയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ഭോപ്പാലിലെ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ഹോസ്റ്റലിൽ നിന്ന് പുറത്തായതിനെക്കുറിച്ചുള്ള പെൺകുട്ടിയുടെ കുറിപ്പ്  ഫെമിനിസ്റ്റ് മൂവ്മെന്റ് പ്രവർത്തകരിലൊരാളായ പിൻജറ റ്റോഡ് എന്നയാൾ ഷെയർ ചെയ്യുകയും ഹോസ്റ്റലിലെ മറ്റുകാടൻ നിയമങ്ങളെപ്പറ്റി തുറന്നു പറയുകയും ചെയ്തതോടെയാണ് കുറിപ്പ് ചർച്ചയായത്.  പെൺകുട്ടി ഒരാഴ്ചത്തെ മെഡിക്കൽ ലീവിന് അപേക്ഷിച്ചപ്പോൾ മുതലാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. മോഡറേറ്റ് ഡിപ്രസീവ് ഡിസോർഡർ എന്ന മാനസീകാവസ്ഥയാണെന്ന് പരിശോധനയിലൂടെ മനസ്സിലാക്കിയതിനെത്തുടർന്നാണ് പെൺകുട്ടി ഒരാഴ്ചത്തെ മെഡിക്കൽ ലീവിന് അപേക്ഷിച്ചത്.

ഹോസ്റ്റലിലെ നിയമങ്ങൾ കർശനമായതിനാൽ എന്ത് കാരണത്താലാണ് അവധിയെടുക്കുന്നതെന്ന് ഹോസ്റ്റൽ വിടുന്നതിനു മുൻപു തന്നെ ഹോസ്റ്റൽ അധികൃതരെ അറിയിക്കേണ്ടതുണ്ടായിരുന്നു. അതനുസരിച്ച് അവധിയെടുക്കുന്നതിന്റെ കാരണവും ഡോക്ടർ നൽകിയ പ്രിസ്ക്രിപ്ഷനുമടക്കം യുവതി ഹോസ്റ്റൽ അധികൃതർക്കു മുന്നിൽ ഹാജരാക്കി.

എന്നാൽ പ്രിസ്ക്രിപ്ഷൻ നോട്ടിൽ ഒപ്പില്ലെന്നും ആശുപത്രിയുടെ മുദ്ര പതിഞ്ഞിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഒക്കെയും കളവാണെന്ന് ആരോപിച്ചുകൊണ്ട് പെൺകുട്ടിയുടെ അവധിക്കുള്ള അപേക്ഷ നിരസിക്കുകയും പെൺകുട്ടിയുടെ വീട്ടിൽ വിവരമറിയിച്ച് അച്ഛനെ വിളിച്ചു വരുത്തുകയും ചെയ്തു. പെൺകുട്ടി പറഞ്ഞത് സത്യമാണെന്നും ആശുപത്രി അധികൃതരുടെ അശ്രദ്ധകൊണ്ടാണ് പ്രിസ്ക്രിപ്ഷനിൽ ഒപ്പും മുദ്രയും ഇല്ലാതിരുന്നതെന്നും അച്ഛൻ വിശദീകരിച്ചെങ്കിലും ഹോസ്റ്റൽ അധികൃതർ അദ്ദേഹത്തിന്റെ വാക്കുകൾ മുഖവിലക്കെടുത്തില്ല. വ്യാജ രേഖകൾ ഹാജരാക്കിയ മകളെ പൊലീസിൽ ഏൽപ്പിക്കുമെന്നായിരുന്നു ഹോസ്റ്റൽ അധികൃതരുടെ ഭീഷണി. പെൺകുട്ടിയുടെ അച്ഛൻ പലവിധത്തിൽ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും തങ്ങൾക്ക് കേൾക്കേണ്ടെന്നും കോടതിയെ സമീപിക്കാനുമായിരുന്നു ഹോസ്റ്റൽ അധികൃതരുടെ നിർദേശം.

പെൺകുട്ടിക്ക് ഹോസ്റ്റൽ അന്തേവാസികളുമായി സഹകരിക്കാൻ മുൻപേ ബുദ്ധിമുട്ടുണ്ടെന്നും ഇതിന്റെ പേരിൽ അവൾക്ക് ഒരിക്കൽ റൂം മാറ്റി നൽകിയിട്ടുണ്ടെന്നും ഹോസ്റ്റൽ അധികൃതർ പറയുന്നു. കർക്കശമായ നിയമങ്ങളുടെ പേരിൽ ഹോസ്റ്റൽ അന്തേവാസികളും അധികൃതരും തമ്മിൽ കലഹം പതിവാണെന്നും ഹോസ്റ്റൽ നിയമങ്ങളുടെ ചെറുലംഘനമെങ്കിലും നടത്തുന്നവരെ കാത്തിരിക്കുന്നത് കൊടിയ ശിക്ഷയാണെന്നും കുറിപ്പിൽ പറയുന്നു.

മുൻപ് അവധിക്കുള്ള അപേക്ഷ പൂരിപ്പിച്ചു നൽകിയില്ലെന്ന പേരിൽ ഒരു പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്നു പുറത്താക്കിയിരുന്നു. അവധിയെടുക്കുന്നവർ അപേക്ഷ വിങ്‌ലീഡറുടെ പക്കൽ ഏൽപ്പിക്കണമെന്ന നിയമം ലംഘിച്ചു എന്നത് കാരണമാക്കിയാണ് വാർഡൻ അന്ന് പെൺകുട്ടിയെ ഹോസ്റ്റലിനു പുറത്താക്കിയത്. ആഴ്ചകൾ നീണ്ട കലഹത്തിനൊടുവിലാണ് പെൺകുട്ടി ഒടുവിൽ ഹോസ്റ്റലിൽ നിന്ന് പോകാൻ തയാറായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com