sections
MORE

അപവാദം പോലും കരുത്താക്കി സുമലത; താരപ്പകിട്ട് തുണയ്ക്കുമോ?

Sumalatha
സുമലത
SHARE

കോൺഗ്രസ്–ജനതാദൾ കൂട്ടുകെട്ടും ബിജെപിയും ഏറ്റുമുട്ടുന്ന കർണാടകയിൽ ഇരുമുന്നണികളും തീരുമാനിക്കുന്ന സ്ഥാനാർഥികൾക്കല്ലാതെ മറ്റാർക്കും പ്രസക്തിയില്ലെന്ന കണക്കുകൂട്ടലിനെ വെല്ലുവിളിച്ച് രണ്ടു താരങ്ങൾ, അതും  മലയാളികൾക്കു പ്രിയപ്പെട്ട രണ്ടു പേർ; പ്രകാശ് രാജും സുമലതയും. സ്വതന്ത്രനായാണ് പ്രകാശ് രാജ് മൽസരിക്കുന്നതെങ്കിൽ,  കോൺഗ്രസിന്റെ പിന്തുണ പ്രതീക്ഷിച്ച് മൽസരരംഗത്ത് എത്തുകയും അപ്രതീക്ഷിത നീക്കങ്ങൾക്കൊടുവിൽ ബിജെപി പിന്തുണ നേടി ചുവടുറപ്പിക്കുകയും ചെയ്തിരിക്കുകയാണ് മണ്ഡ്യയിൽ സുമലത.

സംസ്ഥാന മുഖ്യമന്ത്രിയുടെ മകൻ നിഖിൽ ഗൗഡയ്ക്കെതിരെയാണ് സുമലതയുടെ പോരാട്ടം. മകനുവേണ്ടി കുമാരസ്വാമി സുരക്ഷിതമണ്ഡലമെന്ന ലേബലിൽ കരുതിവച്ചതാണ് മണ്ഡ്യ. സുമലതയുടെ കടന്നുവരവോടെ ചിത്രം കീഴ്മേൽ മറിഞ്ഞു. മണ്ഡലത്തിൽ നിഖിൽ തോറ്റാൽ കോൺഗ്രസ്–ദൾ സഖ്യവും തകർച്ചയെ നേരിടുമെന്നാണ് കുമാരസ്വാമി ഇപ്പോൾ ഭീഷണി മുഴക്കുന്നത്. ഇതോടെ, മണ്ഡ്യയിലെ വിധിയെഴുത്ത് സംസ്ഥാന ഭരണത്തെത്തന്നെ നിർണയിക്കുന്ന ഒന്നായി മാറുന്നു. ദിവസങ്ങൾ പിന്നിടുംതോറും സുമലതയ്ക്കു ലഭിക്കുന്ന ജനപ്രീതി, കോൺഗസ് – ദൾ സഖ്യനേതാക്കളിൽ അങ്കലാപ്പ് വളർത്തുകയും ചെയ്യുന്നു.

അപ്രതീക്ഷിതവും നാടകീയവുമായി രംഗത്തുവന്ന്, കേന്ദ്രകഥാപാത്രമായി മാറി മണ്ഡ്യയിലൂടെ തേരോടിക്കുന്ന സുമലത കർണാകത്തിലെ എണ്ണപ്പെട്ട ഭാവി രാഷ്ട്രീയനേതാക്കളിൽ ഒരാളാകാൻതന്നെയുള്ള പുറപ്പാടിലാണ്. അവഗണനയും പരിഹാസവും സ്വന്തം ഭാർത്താവിനോടു സ്നേഹമില്ലാത്ത സ്ത്രീയെന്നു കേട്ട അപവാദവും പോലും കരുത്താക്കി ശക്തി സംഭരിച്ച് മുന്നോട്ടുപോകുന്ന രാഷ്ട്രീയക്കാരി. 

sumalatha-with-husband-01
സുമലത, അംബരീഷ്

സുമലതയുടെ ഭർത്താവ് അന്തരിച്ച അംബരീഷിന്റെ സ്വന്തം സ്ഥലമാണ് മണ്ഡ്യ. സുമലതയ്ക്കു മണ്ഡലത്തിനോടുള്ള താൽപര്യത്തിനു കാരണവും അതുതന്നെ – ഭർത്താവിനോടുള്ള സ്നേഹം, മണ്ഡ്യ അംബരീഷിനു തിരിച്ചുകൊടുത്ത സ്നേഹവും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾത്തന്നെ സുമലത ഒളിഞ്ഞും തെളിഞ്ഞും മണ്ഡലത്തോടുള്ള താൽപര്യം തുറന്നുപറയുകയും ചെയ്തു. കോൺഗ്രസിനോടായിരുന്നു അവർക്കു പ്രതിപത്തി. മണ്ഡലത്തിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ നടിക്കൊപ്പം നിൽക്കുകയും ചെയ്തു. പക്ഷേ കോൺഗ്രസ്–ദൾ കൂട്ടുകെട്ട് ദളിനു കൊടുത്ത മണ്ഡലങ്ങളിലൊന്നായിപ്പോയി മണ്ഡ്യ.

ദളിനു സ്വാധീനമുള്ള മണ്ഡ്യയിലേക്ക് മുഖ്യമന്ത്രി തന്റെ മകനെത്തന്നെ കാത്തുവയ്ക്കുകയും ചെയ്തു. മണ്ഡ്യ ഒഴിച്ച് നടി ആവശ്യപ്പെടുന്ന വേറെ ഏതു മണ്ഡലവും നൽകാമെന്ന വാഗ്ദാനം കോൺഗ്രസ് സുമലതയ്ക്കു നൽകിയതുമാണ്. പക്ഷേ മണ്ഡ്യ വിട്ടൊരു മൽസരത്തിന് അവർ തയാറായില്ല. കോൺഗ്രസ് പിന്തുണച്ചില്ലെങ്കിൽ സ്വതന്ത്രയായി മൽസരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോഴും ബിജെപി നടിക്കു പിന്തുണ നൽകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഒടുവിലത് സംഭവിച്ചു. ബിജെപി പിന്തുണ പ്രഖ്യാപിച്ചു.

പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പിന്തുണ നേരത്തേതന്നെ ഉറപ്പാക്കിയ സുമലത ബിജെപി കൂടി പിന്തുണച്ചതോടെ പ്രതീക്ഷിച്ചതിലും ശക്തയായി മണ്ഡ്യയിൽ നിറഞ്ഞു. ഭീഷണി മുഴക്കിയും ആരെയും പേടിയില്ലെന്നുമൊക്കെ വീമ്പു പറഞ്ഞിരുന്ന മുഖ്യമന്ത്രി കുമാരസ്വാമി തന്റെ മകനെ തോൽപിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്ന ആരോപണവുമായി രംഗത്തുവന്നു. ദൾ നേതാക്കൾ അന്തസ്സില്ലാത്ത ആരോപണങ്ങളിലൂടെ സുമലതയുടെ ആത്മവിശ്വാസം ഇല്ലാതാക്കാനും ശ്രമിച്ചു. പക്ഷേ, താൻ മുന്നോട്ടുതന്നെ എന്ന് ഓരോ ചുവടിലും പ്രഖ്യാപിക്കുകയാണ് സുമലത.

sumalatha-02

മണ്ഡ്യ ഇപ്പോൾ കർണാടകയുടെ മാത്രമല്ല, ദേശീയ ശ്രദ്ധ തന്നെ നേടിയ മണ്ഡലമായി മാറിയിരിക്കുന്നു; സംസ്ഥാനത്തെ ഏറ്റവും താരപ്പകിട്ടുള്ള സ്ഥാനാർഥിയായി സുമലതയും. ഒരർഥത്തിൽ ഒരു മധുരപ്രതികാരം. കർണാകടയിലെ ഭരണകക്ഷി സഖ്യത്തിനു തന്നെ ഭീഷണിയായി സുമലതയുടെ സ്ഥാനാർഥിത്വം മാറിയതിനൊപ്പം ചങ്കിടിപ്പോടെ മുഴുവൻ രാഷ്ട്രീയപാർട്ടികളും മണ്ഡലത്തിലേക്കു നോക്കുകയാണ്.

sumalatha-04

രണ്ടു കാര്യങ്ങളാണറിയേണ്ടത്.

സുമലത വിജയിക്കുമോ ?

സുമലതയുടെ സ്ഥാനാർഥിത്വത്തിന്റെ പേരിൽ കർണാടകയിലെ ഭരണമുന്നണി തകരുമോ ?

രണ്ടു ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമ്പോഴേക്കും സുമലത കർണാടകയിലെ എണ്ണപ്പെട്ട രാഷ്ട്രീയ നേതാവായി മാറിയിരിക്കും എന്നതുറപ്പ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA