ADVERTISEMENT

തിരശ്ശീലയിൽ പ്രഭ വിതറിയ താരങ്ങളില്ലാത്ത തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കാൻപോലും കഴിയാത്ത രാജ്യത്ത് ഇത്തവണ ഏറ്റവും ഓളമുണ്ടാക്കിയെത്തിയ താരമാണ് മുൻകാല ഗ്ലാമർ നടി ഊർമിള മാതോംഡ്കർ. അപ്രതീക്ഷിതമായി കോൺഗ്രസ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ്ത ഊർമിള പാർട്ടിക്കു സ്വാധീനം നഷ്ടപ്പെട്ട ഒരു മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ ആകാശത്തോളം ഉയർത്തിക്കഴിഞ്ഞു. മഹാരാഷ്ട്രയിൽ, ബിജെപി–ശിവസേന കൂട്ടുകെട്ടും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലത്തിലാണ് ഉൗർമിളയുടെ അങ്കപ്പയറ്റ്.

ഒരു സിനിമാ താരത്തിന്റെ പതിവു രാഷ്ട്രീയ പ്രവേശം എന്നുമാത്രം കരുതി അവഗണിച്ചവർ പോലും ഊർമിളയെ ഇപ്പോൾ കാണുന്നതു ബുഹമാനത്തോടെ. എതിരാളികൾക്കു ചങ്കിടിപ്പു സമ്മാനിച്ചും അനുയായികളിൽ ആവേശം വിതറിയും ഊർമിള മുന്നേറവേ, കേസുകൾ കൊണ്ടു ബുദ്ധിമുട്ടിക്കാൻ പോലും ശ്രമങ്ങളുണ്ടാകുന്നുണ്ട്. പക്ഷേ, ഇരുത്തം വന്ന രാഷ്ട്രീയ നേതാവിനെപ്പോലെ ഉരുളയ്ക്കുപ്പേരിപോലെ മറുപടി കൊടുത്തും തിരിച്ചടികളെ നേട്ടങ്ങൾക്കുള്ള ചവിട്ടുപടിയാക്കിയും ഊർമിള മുന്നോട്ടുതന്നെ; വിജയം എന്ന ഒരൊറ്റ ലക്ഷ്യവുമായി.

FASHION-INDIA-LAKME
ഊർമിള മാതോംഡ്കർ

ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തുവച്ച് ഊർമിള പാർട്ടിയിൽ ചേർന്നപ്പോൾത്തന്നെ മുംബൈ നോർത്തിൽനിന്ന് അവർ സ്ഥാനാർഥിയാകുമെന്നും ഏതാണ്ടുറപ്പായിരുന്നു. ഏറെ ചരിത്രം പറയാനുള്ള, മലയാളി ബന്ധമുള്ള മുംബൈ നോർത്ത് ഒരിക്കൽ കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നെങ്കിൽ കഴിഞ്ഞ തവണ പാർട്ടിക്കു മണ്ഡലം നഷ്ടപ്പെട്ടത് നാലരലക്ഷത്തിലേറെ വോട്ടിന്. ഗോപാൽ ഷെട്ടിയാണ്  4.6 ലക്ഷം വോട്ടിനു മണ്ഡലം ബിജെപിയുടേതാക്കിയത്.

കോൺഗ്രസ് സ്ഥാനാർഥികളായി ഗോവിന്ദയും സഞ്ജയ് നിരുപമും വിജയിച്ചുകയറിയ അതേ മണ്ഡലത്തിൽതന്നെയാണ് ചരിത്രപരാജയവും പാർട്ടിക്ക് ഉണ്ടായത്. അന്നുമുതൽ ഒരു മികച്ച സ്ഥാനാർഥിക്കുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു കോൺഗ്രസ്. വിജയിച്ചില്ലെങ്കിൽപോലും നല്ല മൽസരം കാഴ്ചവയ്ക്കണമെങ്കിൽത്തന്നെ സാധാരണ സ്ഥാനാർഥി പോരെന്ന അവസ്ഥ. മറ്റു പല മണ്ഡലങ്ങളിലും സ്ഥാനാർഥികളാകാൻ കൂട്ടയിടിയാണെങ്കിൽ മുംബൈ നോർത്തിലേക്ക് കോൺഗ്രസുകാർക്കുപോലും താൽപര്യമില്ലാത്ത രാഷ്ട്രീയസാഹചര്യം.

ഇത്തരം പ്രതികൂല സാഹചര്യങ്ങളൊന്നും ഊർമിളയ്ക്കു തടസ്സമായില്ല. അവർ കോൺഗ്രസിനുവേണ്ടി മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്തു. കോൺഗ്രസിലെ ഗ്രൂപ്പുപോരും അവർ സ്ഥാനാർഥിയായെത്തിയതോടെ ഒതുങ്ങുകയും ചെയ്തു. ഒറ്റയാൾ പ്രകടനത്തിലൂടെ ഒരു സിനിമ വിജയിപ്പിക്കുന്ന അതേ ആത്മവിശ്വാസത്തോടെ, ഇച്ഛാശക്തിയോടെയും ദൃഢനിശ്ചയത്തോടെയും ഊർമിള മുംബൈ നോർത്തിൽ സജീവമായി. സ്ഥാനാർഥിയായി മണ്ഡ‍ലത്തിലെത്തിയ അന്നുമുതൽ വാക്കിലും നോക്കിലും പ്രവൃത്തിയിലുമെല്ലാം ഇരുത്തം വന്ന നേതാവായി തിളങ്ങുന്ന ഊർമിള പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് കോൺഗ്രസിനായിരുന്നു ചങ്കിടിപ്പെങ്കിൽ ഇപ്പോൾ ബിജെപി ക്യാംപിലാണ് ആശങ്ക; സ്ഥാനാർഥി ഗോപാൽ ഷെട്ടിയുടെ മനസ്സിലും. 

മലയാളിയും കോൺഗ്രസ് നേതാവുമായിരുന്ന വി.കെ. കൃഷ്ണമേനോൻ 1957, 1962 തിരഞ്ഞെടുപ്പുകളിൽ വിജയിച്ച മണ്ഡലമാണ് മുംബൈ നോർത്ത്. 1980ൽ ജനതാ പാർട്ടി സ്ഥാനാർഥിയായ മലയാളി രവീന്ദ്ര വർമയും ഇതേ മണ്ഡലത്തിൽനിന്നു വിജയിച്ചു. മൊറാർജി ദേശായ് സർക്കാരിൽ തൊഴിൽ-പാർലമെന്ററികാര്യ മന്ത്രിയായിരുന്ന അദ്ദേഹം മാവേലിക്കര സ്വദേശിയാണ്. പിന്നീട് മണ്ഡലം പുനർനിർണിയിച്ചു. ബോറിവ്‍ലി, മലാഡ് വെസ്റ്റ്, കാന്തിവ്‍ലി, ചാർകോപ് എന്നീ മേഖലകൾ ഉൾപ്പെടുന്നതാണ് നിലവിൽ മുംബൈ നോർത്ത് മണ്ഡലം.

India Elections Bollywood
ഊർമിള മാതോംഡ്കർ

ഊർമിള തിരക്കിട്ട പ്രചാരണവുമായി എല്ലായിടവും ഓടിയെത്തുകയും കോൺഗ്രസ് പ്രവർത്തകർ ആവേശം ഏറ്റെടുക്കുകയും ചെയ്തതോടെ ആശങ്കയിലായ എതിർപാർട്ടിക്കാർ കഴിഞ്ഞ ദിവസം നടിക്കെതിരെ ഒരു പരാതി നൽകുകയുണ്ടായി. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലെ ഊർമിളയുടെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി സുരേഷ് നാഖുവ എന്നയാളാണ് പവയ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

തനിക്കെരെയുള്ള പരാതി അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് നടി മറുപടി നൽകിയിരിക്കുകയാണ്. മഹത്തായ മതത്തിന് ചീത്തപ്പേരുണ്ടാക്കുംവിധം ജനങ്ങളെ വഴിതെറ്റിക്കുകയാണ് ബിജെപി എന്നും അവർ ആരോപിച്ചു. ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്ന സമാധാനത്തിന്റെയും അക്രമരാഹിത്യത്തിന്റെയും മതമാണ്- ഊർമിള കൂട്ടിച്ചേർത്തു. കഴിഞ്ഞ 5 വർഷത്തെ ഭരണത്തിനിടെ പലരെയും ഇരയാക്കിയതു പോലെ ഈ പരാമർശത്തിന്റെ പേരിൽ തന്നെയും വേട്ടയാടാനാണ് ബിജെപി നീക്കമെന്നും ഊർമിള ആരോപിച്ചു.

മുംബൈ നോർത്ത് മണ്ഡലം ഇത്തവണ ഏതു പാർട്ടി സ്വന്തമാക്കിയാലും ഒരു കാര്യം ഇപ്പോഴേ ഉറപ്പിക്കാം- അത്രയെളുപ്പം എഴുതിത്തള്ളാവുന്ന താരമല്ല ഊർമിള. നടിയെന്നതിലുപരി ജനകീയ നേതാവാകാനുള്ള കരുത്തും തലയെടുപ്പുമുള്ള അപൂർവം വനിതകളിലൊരാൾ. ഇതിനോടകം തന്റെ കഴിവു തെളിയിച്ച ഊർമിള തിരഞ്ഞെടുപ്പു കഴിഞ്ഞാലും ഇന്ത്യൻ രാഷ്ട്രീയത്തിലെ വെട്ടിത്തിളങ്ങുന്ന മുഖമായി തുടർന്നാലും അതിശയിക്കാനില്ല. അതിനുള്ള എല്ലാ അർഹതയും ഊർമിള എന്ന നടിക്കുണ്ട്. അർഹത തിരഞ്ഞെടുപ്പ് വിജയത്തിലൂടെ അരക്കിട്ടുറപ്പിക്കാൻ കഴിയുമോ എന്നതുമാത്രമേ ഇനിയറിയാനുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com