ADVERTISEMENT

ഇന്ത്യയുടെ ഹൃദയഭൂമി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രിയങ്ക ഗാന്ധി ഇക്കഴിഞ്ഞദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതായിരുന്നില്ല; വ്യക്തിപരമായ ഒരു അഭിമാനനിമിഷം പങ്കുവയ്ക്കാനായിരുന്നു. ഉത്തര്‍പ്രദേശിലെ ഫത്തേപ്പുര്‍ സിക്രിയിലായിരുന്നു കഴിഞ്ഞദിവസത്തെ പ്രിയങ്കയുടെ പ്രചാരണം. അവിടേക്ക് പ്രിയങ്ക സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ പറത്തിയതാകട്ടെ ഒരു വനിതയും. യാത്ര പൂര്‍ത്തിയാക്കിയയുടന്‍ പ്രിയങ്ക സന്ദേശം കുറിച്ചു: ഒരു യുവതി പറത്തിയ ഹെലികോപ്റ്ററിലാണ് ഇന്നു സഞ്ചരിച്ചത്. നിറഞ്ഞ അഭിമാനം. വൈമാനികയ്ക്കൊപ്പമുള്ള ചിത്രവും പ്രിയങ്ക പോസ്റ്റ് ചെയ്തു. 

ഇത്തവണ നാടകീയമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയതുമുതല്‍ രാഷ്ട്രീയവും വ്യക്തിപരമായും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട് പ്രിയങ്കയ്ക്ക്. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി ചുമതല ഏറ്റെടുക്കുകയും രാഷ്ട്രീയനിരീക്ഷകര്‍ പാർട്ടിക്ക് വലിയ സാധ്യത കല്‍പിക്കാത്ത ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തതോടെ എതിരാളികള്‍ പ്രിയങ്കയെ ഉന്നംവയ്ക്കുകയാണ്. പക്ഷേ, വിമര്‍ശനങ്ങളില്‍ തളരാതെ ലക്ഷ്യത്തില്‍ ഉറച്ച മനസ്സുമായാണ് പ്രിയങ്കയുടെ പോരാട്ടം. ഒപ്പം ഒരു വനിത എന്ന നിലയിലും രാജ്യത്തെ സ്ത്രീകള്‍ക്ക് അഭിമാനിക്കാവുന്ന അന്തസ്സോടെയാണ് പ്രിയങ്ക പോരാട്ടം നയിക്കുന്നതും. 

രാഷ്ട്രീയ രംഗത്ത് ഇറങ്ങിയതിനുശേഷമുള്ള ആദ്യത്തെ പ്രസംഗത്തില്‍ത്തന്നെ പ്രിയങ്ക തന്റെ വ്യക്തിത്വം പ്രകടമാക്കി. പൊതുവേ രാഷ്ട്രീയ നേതാക്കള്‍ പ്രിയപ്പെട്ട സഹോദരന്‍മാരേ സഹോദരിമാരേ എന്നാണ് പ്രസംഗം തുടങ്ങുന്നതെങ്കില്‍ പ്രിയങ്ക മനപൂര്‍വം ഈ കീഴ്‍വഴക്കം ലംഘിച്ചു. സഹോദരിമാരേ എന്നാണവര്‍ ആദ്യത്തെ വാക്കായി പറഞ്ഞത്. പിന്നെയാണ് സഹോദരന്‍മാരേ എന്ന് അഭിസംബോധന ചെയ്തത്.  പ്രസംഗത്തിനുശേഷം കോണ്‍ഗ്രസ് അംഗം സുഷ്മിത ദേവ് അഭിസംബോധനയിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയപ്പോള്‍ ആരും അതു ശ്രദ്ധിച്ചുകാണില്ല എന്നാണു താന്‍ വിചാരിച്ചതെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. 

ന്യായമായ വരുമാനം എല്ലാവര്‍ക്കും ഉറപ്പാക്കുന്ന പദ്ധതി പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയപ്പോഴും പ്രിയങ്ക വ്യത്യസ്ത പ്രതികരണത്തിലൂടെ ശ്രദ്ധേയയായി. വരുമാനം എല്ലാവര്‍ക്കും ലഭിക്കുന്നു എന്നതിനേക്കാള്‍ അത് കുടുംബനാഥകളുടെ അക്കൗണ്ടില്‍ ലഭിക്കും എന്നതാണ് തന്നെ സന്തോഷിപ്പിക്കുന്നതെന്നാണ് പ്രിയങ്ക പറഞ്ഞത്. ഇതിനുപുറമെ 33 ശതമാനം വനിതാ സംവരണവും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോലിയിലും വിദ്യാഭ്യാസ അവസരങ്ങളിലും കൂടി സ്ത്രീ സംവരണം വ്യാപിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിന്റെ വാഗ്ദാനം. 

സ്ത്രീകളെയും യുവതീ-യുവാക്കളെയും അവഗണിക്കുന്ന നയങ്ങളാണ് ബിജെപി പിന്തുടരുന്നതെന്ന് ഇതിനോടകം അഭിസംബോധന ചെയ്ത റാലികളില്‍ പ്രിയങ്ക വിമര്‍ശിച്ചിരുന്നു. പ്രിയങ്കയുടെ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍ ഇത്തവണ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് പ്രചാരണം മുന്നോട്ടുപോകുന്നതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com