ADVERTISEMENT

പരാജയഭീതിയില്‍ എതിരാളികള്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടിയുമായ ഊര്‍മിള മാതോംഡ്കര്‍. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടു നടത്തിയ റോഡ് ഷോയ്ക്കു നേരെ ആക്രമണം ഉണ്ടായതിനെത്തുടര്‍ന്നാണ് നടി ആരോപണം ഉന്നയിച്ചത്. ആകമണത്തെക്കുറിച്ച് പരാതിപ്പെടുകയും പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. നടിയുടെ ആവശ്യത്തെത്തുടര്‍ന്ന് പൊലീസ് സംരക്ഷണം അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു. 

ബോറിവ്‍ലിയില്‍ നടത്തിയ റോഡ് ഷോയ്ക്ക് ഇടയിലാണ് ഊര്‍മിളയ്ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും എതിരെ ആക്രമണം ഉണ്ടായത്. ‘ഭീതി ഉളവാക്കാനായിരുന്നു ശ്രമം. ഇതൊരു തുടക്കം മാത്രമാണ്. കൂടുതല്‍ രൂക്ഷമായ ആക്രമണങ്ങള്‍ ഇനിയും ഉണ്ടായേക്കാം. എന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുമുണ്ട്. കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍വേണ്ടിയാണ് ഞാന്‍ പൊലീസ് സംരക്ഷണം തേടിയത്- ഊര്‍മിള പറഞ്ഞു. 

സമാധാനപരമായി റാലി നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെയാണ് ആക്രമണം ഉണ്ടായതെന്നു പറയുന്നു ഊര്‍മിള. ‘ഞാനോ പ്രവര്‍ത്തകരോ ഒരുതരത്തിലുള്ള പ്രകോപനവും സൃഷ്ടിച്ചിട്ടില്ല. എവിടെനിന്നോ ഇരുപതോളം ആളുകള്‍ പ്രധാനമന്ത്രി മോദിക്കുവേണ്ടി ജയ് വിളിച്ചുകൊണ്ട് കടന്നുവരികയായിരുന്നു.

ആദ്യം ഞാന്‍ പ്രതികരിക്കാതെ അവഗണിച്ചു. പക്ഷേ സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ട് അവര്‍ ആഭാസകരമായ നൃത്തം ചവിട്ടി. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീകളെ ഭയപ്പെടുത്താനും ശ്രമിച്ചു. വനിതാ പ്രവര്‍ത്തകര്‍ സംരക്ഷണം തേടി എന്റെ വാഹനത്തിനടുത്തേക്ക് വന്നപ്പോള്‍ മാത്രമാണ് എന്റെ കൂടെയുള്ള പ്രവര്‍ത്തകര്‍ ഇടപെട്ടത്. നൃത്തം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഉന്തും തള്ളുമായി. ചില വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയുമുണ്ടായി- ഊര്‍മിള വിശദീകരിച്ചു.  

നേരത്തെ, റെയില്‍വേ സ്റ്റേഷനു സമീപം റാലി നടത്തുമ്പോഴും ചിലര്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നു പറയുന്നു ഊര്‍മിള. മോദി അനുകൂല മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് റാലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്. കോണ്‍ഗ്രസ് അനുകൂല മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ ഇതിനെ നേരിട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ചെറിയ തോലിലുള്ള മര്‍ദനവും ഉണ്ടായി. സംഭവത്തിന്റെ വിഡിയോയും പ്രചരിക്കുന്നുണ്ട്. 

ആക്രമണ ശ്രമങ്ങളും ജീവനെടുക്കാനുള്ള ശ്രമങ്ങളും ഉണ്ടായാലും പിന്നോട്ടില്ലെന്നും തിരഞ്ഞെടുപ്പിനെ നേരിട്ടു വിജയിക്കുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com