ADVERTISEMENT

തിരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് ലാളിത്യമുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. പോളിങ് സ്റ്റേഷനുകളിൽ വോട്ടിങ് സാമഗ്രികൾ വന്നുതുടങ്ങിയതിന്റെയും അതു സുരക്ഷിതമായി വയ്ക്കുന്നതിന്റെയും ദൃശ്യങ്ങളിലൊന്നിലാണ് ലാളിത്യമുള്ള ഒരു കാഴ്ചയുള്ളത്.

വാഹനത്തിൽ നിന്ന് വോട്ടിങ് സാമഗ്രികൾ പോളിങ് സ്റ്റേഷനിലേക്ക് വയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടത്തിലുള്ള ആളെ വിഡിയോ കണ്ടവർ തിരിച്ചറിഞ്ഞതോടെയാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായത്. തൃശ്ശൂരുകാരുടെ സ്വന്തം കലക്ടർ ടി.വി അനുപമയാണ് ഭാരമേറിയ വോട്ടിങ് സാമഗ്രികൾ പോളിങ് ബൂത്തിലേക്ക് മാറ്റാൻ പൊലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നത്.

കലക്ടറുടെ പ്രവർത്തിക്ക് കൈയടിച്ചുകൊണ്ടാണ് ആളുകൾ ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത്. ആരെയും ഭയക്കാതെ സമ്മർദ്ദങ്ങൾക്കു വഴങ്ങാതെ ശക്തമായ നിലപാടുകളെടുക്കുന്ന കല്കടർമാരെ സിനിമയിൽ മാത്രം കണ്ടിട്ടുള്ള ആളുകൾ  എന്നും കൗതുകത്തോടെയാണ് അനുപമ എന്ന ഐഎഎസ് ഓഫിസറെ ആദ്യമൊക്കെ നോക്കിക്കണ്ടത്.

ഉറച്ച നിലപാടുകൾ കൊണ്ടും വ്യക്തിപ്രഭാവംകൊണ്ടും കലക്ടർ അനുപമ വളരെപ്പെട്ടെന്നാണ് സാധാരണക്കാരുടെ പ്രിയപ്പെട്ട കലക്ടറായത്. തൃശ്ശൂരിൽ ചുമതലയേറ്റു ദിവസങ്ങൾ കഴിയും മുമ്പാണ് തൃശ്ശൂരിന്റെ ഹീറോയിൻ എന്ന് ആളുകൾ അവരെ വിശേഷിപ്പിച്ചത്. കടൽക്ഷോഭം മൂലം ബുദ്ധിമുട്ടുന്ന തീരദേശവാസികൾ ഇളകിയാർക്കുന്ന കടൽപോലെയെത്തിയപ്പോൾ ക്ഷമയോടെ അവരെ കേൾക്കാനും അവരുടെ പരാതികൾക്ക് പക്വതയോടെ മറുപടി നൽകാനും കാണിച്ച മനസ്സുകൊണ്ടാണ് ഈ കലക്ടർ അന്ന് സാധാരണക്കാരുടെ മനസ്സു കവർന്നത്.

ഔദ്യോഗിക ചുമതലയേറ്റ് അധിക സമയം കഴിയുന്നതിന് മുമ്പ് അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധിയെ പക്വതയോടെ കൈകാര്യം ചെയ്ത ഐഎഎസ് ഓഫീസറെപ്പറ്റി അന്നും സമൂഹമാധ്യമങ്ങളിൽ ഏറെ വാർത്തകൾ പ്രചരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com