ADVERTISEMENT

ആസിഡ് ആക്രമണത്തിനിരയായ ലക്‌ഷ്മി അഗർവാളിന്റെ കഥ പറയുന്ന ഛാപാക് എന്ന ചിത്രമാണ് ബി ടൗണിലെ പുതിയ ചർച്ചാ വിഷയം. ലക്‌ഷ്മിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രമൊരുക്കിയിരിക്കുന്നത് സംവിധായക മേഘ്ന ഗുൽസാറാണ്. ബോളിവുഡ് താരം ദീപിക പദുക്കോണാണ് ലക്‌ഷ്മിയെ അവതരിപ്പിക്കുന്നത്.

തന്റെ ജീവിതം പ്രമേയമാക്കിയെത്തിയ ചിത്രത്തെക്കുറിച്ച് ലക്‌ഷ്മി പറയുന്നതിങ്ങനെ :- 'സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് സമ്മാനങ്ങളൊന്നും തന്നെ കിട്ടിയിട്ടില്ല. അങ്ങനെയുള്ള എനിക്ക് എങ്ങനെയാണ് എന്റെ ജീവിതത്തെക്കുറിച്ച് ഒരു ചിത്രം പുറത്തിറങ്ങുമെന്ന് ചിന്തിക്കാനാകുക. എന്റെ ജീവിതവും പ്രവർത്തികളും ഒരു സിനിമയെടുക്കാനുംമാത്രം മതിയായതാണെന്നു ബോധ്യപ്പെടുത്തിയ മേഘ്ന ജിയോട് ഒരുപാട് നന്ദിയുണ്ട്'.

ചിത്രത്തെക്കുറിച്ചും ദീപികയുടെ പ്രകടനത്തെക്കുറിച്ചും ആവേശത്തോടെ സംസാരിച്ചുകൊണ്ട് ല‌ക്‌ഷ്മി പറയുന്നതിങ്ങനെ :-

' ദീപികയെപ്പോലെ പ്രശസ്തയായ ഒരു നടി എന്നെ അവതരിപ്പിക്കുന്നതിൽ വളരെയധികം ആഹ്ലാദമുണ്ടെനിക്ക്. എന്റെ ജീവിതം തകർത്തെന്നു വിശ്വസിക്കുന്ന സമൂഹത്തിനു മുന്നിൽ എന്നെ കുറ്റവാളിയായി ചിത്രീകരിച്ച, എന്റെ മുഖത്ത് ആസിഡൊഴിച്ചവന്റെ മുഖത്തു നൽകുന്ന ശക്തമായ പ്രഹരമാണ് ഈ ചിത്രം.

ഛാപാക് എന്ന ചിത്രത്തിലെ ദീപികയുടെ ഫസ്റ്റ് ലുക്ക് കണ്ടപ്പോൾ താൻ അമ്പരന്നു പോയെന്നു പറഞ്ഞുകൊണ്ട് ലക്‌ഷ്മി പറയുന്നതിങ്ങനെ :-

'' ദീപികയുടെ ചിത്രം പുറത്തു വന്നതിനു ശേഷം സമൂഹമാധ്യമങ്ങളിലൊക്കെ മേക്കപ് ആർട്ടിസ്റ്റുകൾ ഉൾപ്പടെയുള്ളവർ അതേ മുഖം പുനർ സൃഷ്ടിച്ചതായി കാണാൻ കഴിഞ്ഞു. ഒരു ആസിഡ് ആക്രമണ ഇരയുടെ മുഖം ലോകം പുനസൃഷ്ടിക്കുമെന്ന് സ്വപ്നത്തിൽപ്പോലും ‍ഞാൻ ചിന്തിച്ചിരുന്നില്ല''.

ചിത്രത്തിന്റെ ഷൂട്ടിങ് ഡൽഹിയിലും മുംബൈയിലുമായി പുരോഗമിക്കുകയാണ്. ചിത്രത്തിലെ അഭിനേതാക്കളായ ദീപികയും, വിക്രാന്തും ഡൽഹിയിലെ മാർക്കറ്റിങ്ങിലൂടെ നടക്കുന്നതിന്റെയും ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിന്റെയുമൊക്കെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. അടുത്ത മാസത്തോടെ ഷൂട്ടിങ് അവസാനിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. 2020 ജനുവരി 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com