sections
MORE

ദീപികയ്ക്കെതിരെ രംഗോലി, കങ്കണയ്ക്ക് ഭ്രഷ്ട് കൽപ്പിച്ചവരോട് ഒരു ചോദ്യം

Kangana Ranaut, Rangoli, Karan Johar, Hrithik Roshan
കങ്കണ, രംഗോലി,കരൺ ജോഹർ, ഹൃതിക് റോഷൻ
SHARE

ആസിഡ് ആക്രമണത്തിന്റെ ഇരയും ബോളിവുഡ് താരം കങ്കണയുടെ സഹോദരിയുമായ രംഗോലിയുടെ ട്വീറ്റുകളാണ് ഇപ്പോൾ ബി ടൗണിലെ പുതിയ ചർച്ചാ വിഷയം. കങ്കണയുടെ അനുവാദത്തോടു കൂടി ചില കാര്യങ്ങൾ തുറന്നു പറയാൻ ആഗ്രഹിക്കുന്നു എന്ന ആമുഖത്തോടെയാണ് രംഗോലി ട്വീറ്റ് ചെയ്തത്.

ബി ടൗണിലെ സ്വജന പക്ഷപാതത്തെക്കുറിച്ചും അത്തരം ആളുകൾ കങ്കണയ്ക്ക് ഭ്രഷ്ട് കൽപ്പിച്ചതിനെക്കുറിച്ചും ഹൃതിക്– റോഷൻ ബന്ധത്തെക്കുറിച്ചുള്ള കങ്കണയുടെ 'സില്ലി എക്സ്' വിവാദത്തെക്കുറിച്ചുമുള്ള ചില തുറന്നു പറച്ചിലാണ് രംഗോലി നടത്തിയിരിക്കുന്നത്.

കങ്കണയുടെ പുതിയ പ്രൊജക്ടായ 'മെന്റൽ ഹൈ ക്യാ' എന്ന ചിത്രത്തെക്കുറിച്ച് ദീപിക പദുക്കോണിന്റെ 'ലിവ്, ലവ്, ലാഫ്' ഫൗണ്ടേഷൻ നടത്തിയ പരാമർശമാണ് രംഗോലിയെ ചൊടിപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ദീപികയ്ക്കെതിരെയും കങ്കണയെ ഒറ്റപ്പെടുത്തുന്ന ബോളിവുഡ് സ്വജനപക്ഷപാതക്കാർക്കെതിരെയും രംഗോലി തുറന്നടിച്ചത്.

രംഗോലിയുടെ കുറിപ്പിങ്ങനെ:- 

''കങ്കണയുടെ അനുവാദത്തോടെ ഞാനവളുടെ ജീവിതകഥ പങ്കുവയ്ക്കുകയാണ്. രണ്ടു വർഷം മുമ്പ് കങ്കണ നടത്തിയ സില്ലി എക്സ് പരാമർശത്തെത്തുടർന്ന് (ഹൃതിക് റോഷനെക്കുറിച്ച് മാധ്യമങ്ങളോടു സംസാരിച്ചപ്പോൾ തന്റെ എക്സ് എന്നാണ് ഹൃതികിനെ കങ്കണ വിശേഷിപ്പിച്ചത്.) ബോളിവുഡിലെ സ്വജനപക്ഷക്കാരുടെ ഗ്യാങ് അവളെ ആക്രമിച്ചു. മാനസികരോഗിയെന്നും ബൈപോളാർ സിൻഡ്രോമുള്ള വ്യക്തിയെന്നും പറഞ്ഞ് അവളെ പരസ്യമായി അവഹേളിച്ചു.

അവളെ ബോധപൂർവം ഉപദ്രവിക്കാനായി ക്രൂരമായ തമാശകൾ പറഞ്ഞും മറ്റും അവർ അവളെ മാനസികമായി പീഡിപ്പിച്ചു. അത്തരം ആക്രമണങ്ങളിൽ അപമാനിതയാകാനോ, അതിനെ ചെറുക്കാനോ ശ്രമിക്കാതെ അത്തരം രോഗാവസ്ഥയിലൂടെ കടന്നു പോകുന്നവരെ പരിഹസിക്കുന്നവർക്കെതിരെ പോരാടുമെന്ന് അവൾ പ്രതിജ്ഞ ചെയ്തു. മെന്റൽ ഹൈ ക്യാ (എം എച്ച് കെ) എന്ന ചിത്രം രണ്ടു വർഷം മുൻപ് കങ്കണ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളെക്കുറിച്ചു കൂടിയാണ്'.

ഹൃതിക് റോഷനെ സില്ലി എക്സ് എന്ന് കങ്കണ വിശേഷിപ്പത് വലിയ വിവാദത്തിനാണ് അന്ന് തിരി കൊളുത്തിയത്. തുടർന്ന് അവർക്ക് നിയമ നടപടികൾ നേരിടേണ്ടതായും വന്നു. അന്ന് കങ്കണയ്ക്കെതിരെ അണിനിരന്ന സ്വജനപക്ഷപാത ഗ്യാങ്ങിൽ മുൻപന്തിയിൽ കരൺ ജോഹറുമുണ്ടായിരുന്നുവെന്നും രംഗോലി ആരോപിക്കുന്നു.

കങ്കണയുടെ പുതിയ ചിത്രത്തിനെതിരെയുള്ള പൊട്ടിത്തെറിക്ക് തുടക്കം കുറിച്ചത് ഇന്ത്യൻ സൈക്കാട്രിക് സൊസൈറ്റിയാണ്. 'മെന്റൽ ഹൈ ക്യാ' എന്ന പേര് മാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം. ഈ കാര്യം ആവശ്യപ്പെട്ടുകൊണ്ട് സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കറ്റ് ചെയർപേഴ്സണ് അവർ കത്തെഴുതിയിട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റിലിനെതിരെ ഗൗരവമുള്ള ആരോപണങ്ങളാണ് അവർ ഉന്നയിച്ചിരിക്കുന്നത്.

മാനസിക രോഗമുള്ളവരെ താഴ്ത്തിക്കെട്ടുന്ന, അപമാനിക്കുന്ന, അവരോടു വിവേചനം കാട്ടുന്ന, മനുഷത്വപരമല്ലാത്ത ടൈറ്റിലാണ് അതെന്നാണ് അവരുടെ ആരോപണം. എത്രയും പെട്ടന്നു തന്നെ ചിത്രത്തിന്റെ ടൈറ്റിൽ മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. അതുമാത്രമല്ല മാനസികാരോഗ്യമില്ലാത്തവരുടെ അവകാശത്തെ ലംഘിക്കുന്ന തരത്തിലുള്ള ഏതെങ്കിലും സീൻ ചിത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതും നീക്കം ചെയ്യണമെന്ന് സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറയുന്നു.

ദീപികയുടെ ലിവ്, ലൗ, ലാഫ് ഫൗണ്ടേഷനും ഇതിനു സമാനമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് ഫൗണ്ടേഷന്റെ ട്വീറ്റ് ഇങ്ങനെ :-

''മാനസിക രോഗവുമായി ബന്ധപ്പെട്ട ഇത്തരം വാക്കുകളും ചിത്രങ്ങളും പ്രയോഗങ്ങളും അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മാനസിക വൈകല്യമനുഭവിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഇന്ത്യയിലുണ്ട്. അവരൊക്കെ ഇത്തരം അപമാനങ്ങളുടെ ഭയാനകമായ അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. അത്തരം അപമാനങ്ങളിൽ നിന്ന് മാനസികാരോഗ്യമില്ലാത്തവരെ രക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്''.

എന്നാൽ രംഗോലി പറയുന്നത് ഫൗണ്ടേഷന്റെയും കങ്കണയുടെയും ലക്ഷ്യം ഒന്നുതന്നെയാണെന്നാണ്. മാനസികാരോഗ്യത്തെക്കുറിച്ച് ബോധവൽക്കരണം നൽകുവാൻ വേണ്ടിയാണ് ഇരുവരും ശ്രമിക്കുന്നതെന്നുമാണ്. ദീപിക വല്ലപ്പോഴും ഭൂതകാലത്തെക്കുറിച്ച് ഓർക്കുന്നത് നല്ലതാണെന്നും രംഗോലി ഓർമ്മപ്പെടുത്തുന്നുണ്ട്. ബ്രേക്കപ്പിനെ തുടർന്ന് ഒരു കാലത്ത് ദീപിക ഡിപ്രഷൻ അനുഭവിച്ചിരുന്നുവെന്നും ഇപ്പോൾ സന്തോഷവതിയായി ദാമ്പത്യ ജീവിതം നയിക്കുകയാണെന്നും രംഗോലി പറയുന്നു.

ദീപികയെ വിമർശിച്ചുകൊണ്ട് ഒരാൾ‌ എഴുതിയ ട്വീറ്റ് റീ ട്വീറ്റ് ചെയ്യാനും രംഗോലി മറന്നില്ല.  ആ ട്വീറ്റ് ഇങ്ങനെ :-

''ബോളിവുഡിലെ ആഭ്യന്തരമായ അരക്ഷിതത്വവും അസൂയയും ഇപ്പോൾ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ദീപികയ്ക്ക് ആസിഡ് ആക്രമണത്തിന്റെ ഇരയുടെ വേഷം ചെയ്യാം. എന്നാൽ മാനസിക വെല്ലുവിളി നേരിടുന്ന ഒരാളായി കങ്കണ അഭിനയിക്കാൻ പാടില്ല''

ഏക്ത കപൂർ നിർമ്മിക്കുന്ന മെന്റൽ ഹൈ ക്യാ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രകാശ് കോവെലാമുടിയാണ്. കനിക ദില്ലനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാജ് കുമാർ റാവു, ജിമ്മി ഷെർഗിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രം ജൂൺ 21 ന് റിലീസ് ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA