sections
MORE

കുഞ്ഞു രോഗിയെ മകളായി ദത്തെടുത്ത് നഴ്സ്; ഹൃദയത്തിൽ തൊടും ഈ കഥ

Nurse Adopt Baby Patient
പ്രതീകാത്മക ചിത്രം
SHARE

ജനിച്ച് അഞ്ചുമാസത്തിനു ശേഷവും ഒരു ബന്ധുപോലും കാണാൻ ചെല്ലാനില്ലാത്ത ഒരു അനാഥക്കുഞ്ഞിന് ഒരു നഴ്സ് അമ്മയായ കഥ കണ്ണുനിറയാതെ വായിച്ചു തീർക്കാനാവില്ല. മാസച്യുസെറ്റ്സിലാണ് സംഭവം. ഒരു രോഗിയായി തന്റെ കൺമുന്നിലെത്തിയ നവജാതശിശുവിന്റെ അമ്മയാകേണ്ടി വന്ന നിയോഗത്തെക്കുറിച്ച് ലിസ് സ്മിത്ത് എന്ന നഴ്സ് പറയുന്നതിങ്ങനെ :-

'2016 ൽ ആയിരുന്നു ജിസേൽ എന്ന കുഞ്ഞു മാലാഖയുടെ ജനനം. ഗർഭത്തിന്റെ 29–ാം ആഴ്ചയിലായിരുന്നു അവൾ ഭൂമിയിലേക്ക് പിറന്നു വീണത്. മയക്കു മരുന്നിന് അടിമകളായിരുന്നു അവളുടെ മാതാപിതാക്കൾ. മാസം തികയാതെ ജനിച്ച കുഞ്ഞായതിനാൽ അവൾക്ക് മൂന്നുമാസത്തോളം കുഞ്ഞുങ്ങൾക്കുള്ള ഐസിയുവിൽ കിടക്കേണ്ടി വന്നു. അവൾക്ക് അ‍ഞ്ചുമാസമായിട്ടും അവളെ കാണാൻ ഒരു സന്ദർശകർ പോലും എത്താതിരുന്നതോടെയാണ് ആ മാലാഖക്കുഞ്ഞിനെ സംരക്ഷിക്കാൻ  തീരുമാനിക്കുന്നത്'.

ആ തീരുമാനത്തിനു പിന്നിൽ മറ്റൊരു കാരണവുമുണ്ടായിരുന്നു. ഐവിഎഫ് ചികിൽസയിലൂടെ അമ്മയാകാനുള്ള പദ്ധതി ലിസിന് ഉണ്ടായിരുന്നു. എന്നാൽ ലിസിന്റെ ശരീരം ഐവിഎഫ് ചികിൽസയ്ക്കു യോഗ്യമല്ലെന്നുള്ള റിപ്പോർട്ടുകൾ ലഭിച്ചതോടെയാണ് ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്ന ആലോചന ലിസിന് ഉണ്ടാവുന്നത്.

കുഞ്ഞ് ചികിൽസയിൽ കഴിയുന്ന കാലഘട്ടത്തിലൊന്നും അവളെ ശ്രദ്ധിക്കാനോ അവളുടെ ആരോഗ്യകാര്യത്തെക്കുറിച്ച് ചിന്തിക്കാനോ മയക്കുമരുന്നിന് അടിമയായിരുന്ന അവളുടെ മാതാപിതാക്കൾ ശ്രമിച്ചിരുന്നില്ല. അപ്പോഴൊക്കെയും ലിസ് നൽകുന്ന പരിചരണത്തിലൂടെ മാത്രമാണ് കുഞ്ഞ് ജീവിതത്തിലേക്ക് പിച്ചവച്ചു തുടങ്ങിയത്. 

കുഞ്ഞിന്റെ മേലുള്ള അവകാശം അവളുടെ മാതാപിതാക്കളിൽ നിന്ന് എടുത്തു മാറ്റപ്പെട്ട ദിവസം ആശ്വാസത്തിനു പകരം തനിക്ക് സങ്കടമാണു തോന്നിയതെന്നാണ് ലിസ് പറഞ്ഞത്. കാരണം തനിക്ക് കുഞ്ഞിനെ ലഭിക്കുമെങ്കിലും അവർക്ക് അവളെ നഷ്ടപ്പെടുകയാണല്ലോ എന്നോർത്താണ് തനിക്ക് സങ്കടം വന്നതെന്നാണ് ലിസ് പറയുന്നത്. മയക്കുമരുന്നിന് അടിമയായിരിക്കുന്ന ഒരു സ്ത്രീക്ക് പക്ഷേ ഒരിക്കലും നല്ല ഒരമ്മ ആകാൻ കഴിയില്ലെന്നും തനിക്ക് അറിയാമായിരുന്നുവെന്നും അവർ പറയുന്നു. ചികിൽസയിലൂടെ പ്പോലും ഒരിക്കലും ഒരമ്മയാകാൻ കഴിയില്ലെന്നറിഞ്ഞ താൻ ഒരുപാട് സങ്കടപ്പെട്ടിരുന്നെന്നും അവർ പറയുന്നു.

2017 ആയപ്പോഴേക്കും ജിസെൽ നടക്കാൻ പഠിച്ചുവെന്നും ചെറിയ ചില വാക്കുകളൊക്കെ പറയാൻ പഠിച്ചുവെന്നും ലിസ് പറയുന്നു. ജിസെലിന് നല്ലൊരു വീട്ടന്തരീക്ഷത്തിൽ വളരാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാനുള്ള നിയമപ്പോരാട്ടത്തിലായിരുന്നു ലിസ്. ലിസിന്റെ പരിശ്രമത്തിന് പിന്തുണയുമായി ഒരുപാടുപേരെത്തിയിരുന്നു.

കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ മുറിയിലേക്ക് കടന്നു വന്ന ജഡ്ജി പറഞ്ഞ വാക്കുകൾ ഇപ്പോഴും ലിസിന്റെ മനസ്സിലുണ്ട്. '' ഈ മുറിയിലേക്ക് ഞാൻ കടന്നു വന്നപ്പോൾ ബഹുമാന സൂചകമായി നിങ്ങൾ എല്ലാവരും എഴുന്നേറ്റു നിന്നു. എന്നാൽ ഞാൻ എഴുന്നേറ്റു നിൽക്കുന്നത് ലിസിനെ ബഹുമാനിക്കാൻ വേണ്ടിയാണ്. കാരണം. ഒരു കുഞ്ഞ് ജനിക്കുക എന്നത് അദ്ഭുതമാണ്. പക്ഷേ കാതങ്ങൾക്കപ്പുറത്തു നിന്ന് ഒരു കുഞ്ഞിനെ ദത്തെടുക്കുന്നത് വിധിയാണ്. ആ വിധിയാണ് നിങ്ങളെ രണ്ടുപേരെയും ഒരുമിച്ചു ചേർത്തതും''.

ഇപ്പോൾ ജിസേലിന് മൂന്നുവയസ്സുണ്ട്. ഫുഡ്സപ്ലിമെന്റുകളിലൂടെ ആരോഗ്യം തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്. ചീസ്, അവ്ക്കഡോ തുടങ്ങിയ ഭക്ഷണപദാർഥങ്ങളും ഇപ്പോൾ അവളുടെ ആരോഗ്യ ശീലത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുകയാണ്.

നാലു സഹോദരങ്ങളാണ് ലിസിന്. അവളുടെ 19–ാ വയസ്സിലാണ് ലിവർ കാൻസർ ബാധിച്ച് അവളുടെ അമ്മ മരിച്ചത്. പീഡിയാട്രിക് നഴ്സ് ആയിരുന്ന അമ്മയുടെ ഓർമ്മയിലാണ് അവൾ സേവനരംഗത്ത് ജോലിചെയ്യാനിറങ്ങിയത്. തനിക്ക് 9 വയസ്സുള്ളപ്പോൾ അമ്മ വിവാഹമോചനം നേടിയിരുന്നെന്നും നഴ്സ് ആയിരുന്ന അമ്മ വളരെ കഷ്ടപ്പെട്ടാണ് തന്നെയും സഹോദരങ്ങളെയും സംരക്ഷിച്ചിരുന്നതെന്നും ലിസ് പറയുന്നു. അമ്മയെപ്പോലെ ഒരു നഴ്സ് ആകാൻ തീരുമാനിച്ചതുകൊണ്ടാണ് ദൈവം തനിക്കൊരു മാലാഖക്കുഞ്ഞിനെ തന്നതെന്നും ലിസ് പറയുന്നു.

ലിസിനെക്കുറിച്ച് അവരുടെ സഹോദരൻ പറയുന്നതിങ്ങനെ :- 

'ഇങ്ങനെയുള്ള ഒരു അമ്മ–മകൾ ബന്ധത്തിനുവേണ്ടി ഒരുപാടു നാളായി കാത്തിരിക്കുകയായിരുന്നു എന്റെ സഹോദരി. അവർ പരസ്പരം നൽകുന്ന സ്നേഹവും പരിഗണനയും കാണുമ്പോൾ മനസ്സു നിറയുകയാണ്'.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA