ADVERTISEMENT

ലോകപ്രശസ്തമായ മിസ് വേള്‍ഡ് മല്‍സരത്തിന്റെ അമേരിക്കന്‍ തദ്ദേശ പതിപ്പില്‍ ഇത്തവണ അഴകളവുകളേക്കാള്‍ ശ്രദ്ധിക്കപ്പെടുക കാണാതായവരും കൊല്ലപ്പെട്ടവരുമായ സ്ത്രീകളോടുള്ള പ്രതിബദ്ധത.

ദ് മിസ് ഇന്ത്യന്‍ വേള്‍ഡ് പേജന്റ് എന്നറിയപ്പെടുന്ന മല്‍സരം അമേരിക്കയിലെ തദ്ദേശഗോത്രങ്ങളില്‍പ്പെട്ടവരുടെ ഏറ്റവും വലിയ ഒത്തുചേരലായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇത്തവണത്തെ വാര്‍ഷിക ഒത്തുചേരലും മിസ് വേള്‍ഡ് മല്‍സരവും രക്തസാക്ഷികളായ സ്ത്രീകള്‍ക്കു സമര്‍പ്പിക്കുന്നതിലൂടെ ഇക്കാര്യത്തില്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്താനാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. 

വെള്ളിയാഴ്ച തുടങ്ങുന്ന സമ്മേളനത്തില്‍  മൂവായിരത്തോളം ഗായകരും നര്‍ത്തകരും പങ്കെടുക്കും. എണ്ണൂറില്‍പ്പരം കലാകാരന്‍മാരും കരകൗശലവിദഗ്ധരും വിവിധ ഗോത്രങ്ങളെ പ്രതിനിധീകരിച്ച് എത്തുന്നുമുണ്ട്. അമേരിക്കയിലെയും കാനഡയിലെ വ്യത്യസ്ത ഗോത്രങ്ങളില്‍നിന്നുള്ള 18 മല്‍സരാര്‍ഥികള്‍ വാശിയേറിയ മിസ് വേള്‍ഡ് മല്‍സരത്തിലും പങ്കെടുക്കും.

തദ്ദേശ ഗോത്രങ്ങളില്‍ നിന്നുള്ളവരുടെ വാര്‍ഷിക സമ്മേളനമായ ഇന്ത്യന്‍ വേള്‍ഡ് പേജന്റ് ആരംഭിക്കുന്നത് 1984 ല്‍. തദ്ദേശ വര്‍ഗ്ഗങ്ങളില്‍പ്പെട്ടവര്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും ഒരുമിച്ചുചേര്‍ന്ന് സൗഹൃദം ഊട്ടിയുറപ്പിക്കാനുംവേണ്ടിയാണ് തുടക്കം. സൗന്ദര്യത്തേക്കാള്‍ പ്രസംഗിക്കാനുള്ള കഴിവും കലാപരമായ കഴിവുകളുടെയും അടിസ്ഥാനത്തിലാണ് മിസ് വേള്‍ഡിനെ തിരഞ്ഞെടുക്കുക. 

ദ് ഗാതറിങ് ഓഫ് നേഷന്‍സ് പൗവൗ എന്ന കൂട്ടായ്മയാണ് വാര്‍ഷിക ഒത്തുചേരല്‍ സംഘടിപ്പിക്കുന്നത്. ഈ കൂട്ടായ്മ സ്ഥാപിച്ചത് ഒരു കുടുംബമാണ്. ആ കുടുംബത്തില്‍നിന്നുള്ള മെലോനി മാത്യൂസ് ഈ വര്‍ഷത്തെ സംഘാടകരിലുണ്ട്. അമേരിക്കയില്‍ കൊല്ലപ്പെടുന്ന സ്ത്രീകളേക്കാള്‍ 10 ഇരട്ടിയലധികം സ്ത്രീകള്‍ തദ്ദേശ ഗോത്രങ്ങളില്‍നിന്ന് ഓരോ വര്‍ഷവും കൊല്ലപ്പെടുന്നതായാണ് കണക്കുകളെന്ന് മെലോനി മാത്യൂസ് ചൂണ്ടിക്കാട്ടി. 

അമേരിക്കന്‍ തദ്ദേശ ഗോത്രങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് കാണാതാകുന്നവരും കൊല്ലപ്പെടുന്നരുമായ സ്ത്രീകളുടെ ആശങ്കപ്പെടുത്തുന്ന കണക്ക്. ഈ പ്രശ്നത്തിലേക്ക് ഗോത്രങ്ങളുടെയും ഒപ്പം ലോകസമൂഹത്തിന്റെയും ശ്രദ്ധ ക്ഷണിക്കുന്നതിനുവേണ്ടിയാണ് ഇത്തവണത്തെ മല്‍സരങ്ങള്‍ നിസ്സഹായരായവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നതെന്നും മെലോനി പറയുന്നു. വിവിധ ഗോത്രങ്ങളിലുള്ളവര്‍ നിരവധി പ്രകടനങ്ങളും പ്രതിഷേധസമരങ്ങളും സംഘടിപ്പിച്ചിരുന്നെങ്കിലും പ്രശ്നത്തിന് ഇതുവരെയും പരിഹാരമായിട്ടില്ല. അതുകൊണ്ടുകൂടിയാണ് വാര്‍ഷിക ഒത്തുചേരലിന്റെ മുഖ്യ അജന്‍ഡയാക്കി സ്ത്രീകളുടെ ദുരൂഹമായ അപ്രത്യക്ഷമാകല്‍ തീരുമാനിച്ചത്. 

2016 നു ശേഷം മാത്രം കാണാതാകുകയോ കൊല്ലപ്പെടുകയോ ചെയ്ത സ്ത്രീകളുടെ എണ്ണം അയ്യായിരത്തിനുമുകളിലാണ്. കൃത്യമായി പറഞ്ഞാല്‍ 5712. ഇവരില്‍ 116 പേരുടെ വിവരങ്ങള്‍ മാത്രമാണ് ഡിപാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ വിവരപട്ടികയിലുള്ളൂ. കൃത്യമായ വിവരങ്ങള്‍ ഇല്ല എന്നതുതന്നെ പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പൗവൗ മല്‍സരവേദിക്കു സമീപം കൂറ്റന്‍ ബോര്‍ഡ് തയാറാക്കി അതിലും കാണാതായ സ്ത്രീകളെക്കുറിച്ചു രേഖപ്പെടുത്തും. തദ്ദേശ ഗോത്രങ്ങളെ പ്രതിനിധീകരിച്ച് യുഎസ് കോണ്‍ഗ്രസിലെത്തിയ ആദ്യത്തെ വനിതയായ ദെബ് ഹാലന്‍ഡും പൗവൗ നീക്കത്തെ പ്രശംസിച്ചു. പാട്ടിനും നൃത്തത്തിനും പുറമെ വിവിധ രംഗങ്ങളില്‍ കഴിവുള്ളവര്‍ക്ക് അവ പ്രദര്‍ശിപ്പിക്കാനുള്ള അവസരവുമുണ്ടാ യിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com