sections
MORE

പർവതാരോഹണത്തിനിടെ 30 അടി താഴ്ചയിലേക്ക്; പുനർ ജനിച്ചത് ഐസ് സ്വിമ്മറായി

gilly-McArthur-01
SHARE

ജീവിതത്തിന്റെ മുഴുവന്‍ താളവും തെറ്റിക്കുന്ന ഒരു അപകടത്തില്‍പെട്ടിട്ടും സാഹസികതയോടു ഗുഡ്ബൈ പറയാത്ത ഒരു യുവതിയുടെ ജീവിതത്തില്‍നിന്നു പഠിക്കാനേറെയുണ്ട്. ഒരു വാതില്‍ അടയുമ്പോള്‍ മറ്റു പല വാതിലുകളും തുറക്കുമെന്ന പഴഞ്ചൊല്ലു മാത്രമല്ല, ശരീരത്തേക്കാള്‍ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് മനസ്സാണെന്ന അടിസ്ഥാനപ്രമാണവും. അപകടങ്ങള്‍ സംഭവിക്കാതിരിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍തന്നെ അവ സംഭവിച്ചാലും അവയില്‍നിന്നു കരുത്തുള്ള മനസ്സിന്റെ കൈപിടിച്ചു രക്ഷപ്പെടാന്‍ കഴിയുമെന്ന അതിജീവനമന്ത്രവും. 

ഓര്‍മയില്‍ എന്നും നടുക്കമുണ്ടാക്കുന്ന ഒരു അപകടത്തില്‍നിന്നു  കഷ്ടിച്ചു രക്ഷപ്പെട്ട വ്യക്തിയാണ് ഗില്ലി മക് അര്‍തര്‍ എന്ന അമേരിക്കന്‍ യുവതി. പര്‍വതാരോഹണമായിരുന്നു ഗില്ലിയുടെ ജോലിയും ഇഷ്ടവിനോദവും. നിരന്തരം അപകടങ്ങള്‍ നിറഞ്ഞതെങ്കിലും ആ ജോലിയെ നിറ‍ഞ്ഞ മനസ്സോടെ അവര്‍ ഇഷ്ടപ്പെട്ടിരുന്നു. ഒരു സാഹസിക സഞ്ചാരിയായിരിക്കുന്നതില്‍ ആഹ്ലാദം അറിഞ്ഞു. പക്ഷേ ആറു വര്‍ഷം മുമ്പ് ഗില്ലിയെ കാത്തിരുന്നത് ആഹ്ലാദത്തിനുപകരം വേദന. ജീവിതത്തിന്റെ പൂര്‍ണതയ്ക്കുപകരം ശൂന്യത.

2013 ല്‍ പര്‍വതാരോഹണത്തിനിടെ, അമേരിക്കയിലെ ഉട്ട പ്രദേശത്തുവച്ച്  30 അടി താഴ്ചയിലേക്ക് അവര്‍ വീണു. പാറക്കെട്ടിലേക്ക്. ഒരു കയറില്‍ പിടികിട്ടിയെങ്കിലും രൂക്ഷമായ വീഴ്ചയുടെ ആഘാതത്തില്‍ സംഭവിച്ചതു മാരകമായ പരുക്കുകള്‍. എല്ലുകള്‍ പലതും ഒടിഞ്ഞു. നട്ടെല്ലിനും പരുക്ക്. 47 വയസ്സുകാരി ഗില്ലി രക്ഷപ്പെട്ടെങ്കിലും വീഴ്ചയുടെ ആഘാതം അവരെ വിടാതെ പിന്തുടര്‍ന്നു; വീണ്ടും വീണുപോയേക്കുമോ എന്ന പേടിയും. 

ആശുപത്രിക്കടയില്‍നിന്നു തിരിച്ചെത്തി വിശ്രമജീവിതവും കഴിഞ്ഞപ്പോള്‍ ഇനിയെങ്കിലും ഗില്ലി അടങ്ങിയൊതുങ്ങി ജീവിക്കുമെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും കരുതിയത്. പക്ഷേ ഗില്ലിയുടെ തീരുമാനം മറ്റൊന്നായിരുന്നു. വ്യത്യസ്തമായ മറ്റൊരു വിനോദം അവര്‍ കണ്ടെത്തി. ഇപ്പോഴിതാ വീണ്ടും സന്തോഷത്തിന്റെ വഴിയില്‍, സാഹസികതയുടെ വഴിയില്‍ അവര്‍ കുതിച്ചുപായുന്നു. പര്‍വതങ്ങളെ കീഴടക്കിയ കാലുകള്‍ ഇപ്പോള്‍ മഞ്ഞിലൂടെ തെന്നിനീങ്ങുകയാണെന്ന വ്യത്യാസം മാത്രം. ഐസ് സ്വിമ്മിങ്ങാണ് ഗില്ലിയുടെ പുതിയ വിനോദം.അങ്ങേയറ്റം പ്രയാസകരമായ ഒരു കാര്യം ചെയ്യുക.. അസാധ്യമെന്നു കരുതുന്ന ലക്ഷ്യം കീഴടക്കുക. അങ്ങനെയാകുമ്പോള്‍ മാത്രമേ സന്തോഷമായിരിക്കാന്‍ കഴിയൂ ഗില്ലിക്ക്. അതവര്‍ മ‍ഞ്ഞിന്‍തടാകങ്ങളിലൂടെയുള്ള നീന്തലിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു. 

തടാകങ്ങളുടെ നഗരത്തിലാണ് ഗില്ലി താമസിക്കുന്നത്. ദിവസവും വീടിനടുത്തുള്ള മലനിരകളെചുറ്റിയൊഴുകുന്ന തടാകത്തില്‍ നീന്തുകയും ചെയ്യും. ഒരോ ദിവസം നീന്തുമ്പോഴും വ്യത്യസ്തമായ അനുഭവമാണെന്നു പറയുന്നു ഗില്ലി. ഓരോ കടലും തടാകവും സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭൂതികള്‍.  മഞ്ഞുറഞ്ഞ തടാകങ്ങള്‍ എപ്പോഴും തന്നെ മാടിവിളിക്കുന്നു എന്നാണ് ഗില്ലിക്ക് ഇപ്പോള്‍ തോന്നുന്നത്. അവര്‍ ആ വിളിക്ക് കാതോര്‍ക്കുകയും ചെയ്യുന്നു. ഒരിക്കല്‍ തനിച്ചായിരുന്നു യാത്രകളെങ്കിലും ഇപ്പോള്‍ ഒരു സുഹൃത്തിനെയും കൂട്ടിയാണ് ഗില്ലി തടാകങ്ങളിലേക്കു പോകുന്നത്. പാറക്കെട്ടില്‍നിന്നുള്ള വീഴ്ചയ്ക്കുശേഷം, ശരീരം പെട്ടെന്നു തളരുന്നതുപോലുള്ള അവസ്ഥ സംഭവിക്കുമ്പോള്‍ ഒന്നു കൈ പിടിക്കാന്‍. പക്ഷേ അതൊരിക്കലും ലക്ഷ്യത്തില്‍നിന്നു പിന്തിരിയാനുള്ള പ്രേരണയല്ല. കൂടുതല്‍ ദൂരം നീന്തിക്കടക്കാനുള്ള ആത്മവിശ്വാസമാണു ഗില്ലിക്കു സമ്മാനിക്കുന്നത്. 

ഭയത്തിന്റെ ലോകത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. നിയന്ത്രണങ്ങളുടെ ലോകത്ത്. അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കുന്ന ലോകത്ത്. അങ്ങനെയുള്ള ചുറ്റുപാടില്‍ സാഹസികതയുടെ സുഹൃത്തായിരിക്കാനാണ് ഗില്ലി ഇഷ്ടപ്പെടുന്നത്. അതാണു ഗില്ലിയെ വ്യത്യസ്തയാക്കുന്നതും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA