sections
MORE

ജീവിതം 'പരസ്യ'മാക്കി ബാർബർഷോപ് പെൺകുട്ടികൾ; തരംഗമായി ദൃശ്യങ്ങൾ

BarbershopGirls Of Uttar Pradesh Smashes Gender Stereotypes
പരസ്യചിത്രത്തിലെ ഒരു രംഗം
SHARE

അച്ഛന്റെ ചികിൽസയ്ക്ക് പണം കണ്ടെത്താനായി അച്ഛന്റെ ബാർബർഷോപ് ഏറ്റെടുത്തു നടത്തിയ രണ്ടു പെൺകുട്ടികളെപ്പറ്റിയുള്ള വാർത്ത ഓർമ്മയില്ലേ?. ജീവിതത്തിൽ ഹീറോകളായ അവർ ഇപ്പോൾ ഒരു പരസ്യ ചിത്രത്തിലും അഭിനയിച്ചിരിക്കുന്നു. ഗില്ലെറ്റ് ബ്രാന്‍ഡിന്റേതാണ് പരസ്യം. ഒരു അച്ഛനും മകനുമാണ് പ്രധാനകഥാപാത്രങ്ങള്‍. മകന്റെ ആഖ്യാനത്തിലൂടെയാണ് പരസ്യം പുരോഗമിക്കുന്നത്. 

കാണുന്ന ഓരോ കാര്യവും ശ്രദ്ധിക്കണമെന്നും ഓരോ കാഴ്ചയില്‍നിന്നും കൂടുതല്‍ പാഠങ്ങള്‍ പഠിക്കണമെന്നും അച്ഛന്‍ പറയാറുള്ളത് മകന്റെ മനസ്സിലുണ്ട്. ഉത്തര്‍പ്രദേശിലെ ബന്‍വാരി തോല എന്ന ഗ്രാമമാണ് പരസ്യത്തിന്റെ പശ്ചാത്തലം. പെണ്‍കുട്ടികള്‍ വീട്ടുജോലികളില്‍ ഏര്‍പ്പെടുന്നതാണ് കുട്ടി കാണുന്നത്. തുണി അലക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും മറ്റു വീട്ടുജോലികളുമൊക്കെ. വീടിനുള്ളിലാണ് പെണ്‍കുട്ടികളുടെ ലോകം. 

പുരുഷന്‍മാര്‍ പുറത്ത് ജോലിക്കു പോകുന്നു. പണം സമ്പാദിച്ചു തിരിച്ചുവരുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ പാരമ്പര്യത്തിലധിഷ്ഠിതമായ കാഴ്ചകള്‍. ഓരോ കാഴ്ചയും കണ്ട് സൈക്കിളില്‍ അച്ഛനൊപ്പം മകന്‍ സഞ്ചരിക്കുകയാണ്. അവര്‍ ഒരു ബാര്‍ബര്‍ ഷോപ്പില്‍ എത്തുന്നു. അവിടെ കുട്ടിയെ കാത്തിരുന്നത് അതിശയകരമായ ഒരു കാഴ്ച. 

കൗമാരപ്രായക്കാരിയായ ഒരു പെണ്‍കുട്ടിയാണ് ബാര്‍ഷോപ്പില്‍ ഷേവ് ചെയ്യാന്‍ നില്‍ക്കുന്നത്. ഷേവിങ്ങാണോ വേണ്ടതെന്നു ചോദിച്ച് നമുക്കു തുടങ്ങാം എന്നു പെണ്‍കുട്ടി പറയുമ്പോള്‍ കുട്ടി അച്ഛനോടു ചോദിക്കുന്നു: പെണ്‍കുട്ടികള്‍ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യാറുണ്ടോ എന്ന് ? പരുഷന്‍മാരാണ് ബാര്‍ബര്‍ ഷോപ്പുകളില്‍ ജോലി ചെയ്യുന്നത്. പെണ്‍കുട്ടികള്‍ അവിടേയ്ക്കു കയറാറുപോലുമില്ല. ഇതാദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യുന്നതു കാണുന്നത്. 

മോനേ... ആണ്‍കുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ ഉള്ള വ്യത്യാസമൊന്നും കത്തിക്കില്ല. ആണ്‍കുട്ടികള്‍ ചെയ്യുന്ന ഏതു ജോലിയും പെണ്‍കുട്ടികള്‍ക്കും ചെയ്യാം എന്ന് അച്ഛന്‍ മറുപടി പറയുമ്പോള്‍ കുട്ടിയുടെ മുഖത്ത് സന്തോഷം. ചിരി. ആ ചിരി പങ്കുവച്ചുകൊണ്ട് ബാര്‍ബര്‍ ഷോപ്പില്‍ രണ്ടു പെണ്‍കുട്ടികളുണ്ട്. കട നടത്തുന്നവര്‍. മറ്റു പരസ്യങ്ങളില്‍നിന്നു വ്യത്യസ്തമായി ഗില്ലറ്റിന്റെ പരസ്യത്തിലുള്ള രണ്ടു പെണ്‍കുട്ടികളും അഭിനേതാക്കളല്ല. അവര്‍ യഥാര്‍ഥ  ജീവിതം തന്നെയാണ് ക്യാമറയ്ക്കു മുന്നിൽ പങ്കുവയ്ക്കുന്നത്. 

2014 ലാണ് അവരുടെ കഥ തുടങ്ങുന്നത്. അച്ഛനായിരുന്നു ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്നത്. അദ്ദേഹം അസുഖമായി കിടപ്പിലായപ്പോള്‍ അദ്ദേഹത്തിന്റെ രണ്ടു പെണ്‍കുട്ടികള്‍ ജീവിക്കാന്‍വേണ്ടി കട ഏറ്റെടുത്തു. പെണ്‍കുട്ടികള്‍ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്യുന്നത് കേട്ടുകേള്‍വി ഇല്ലാതിരുന്നതിനാല്‍ അവര്‍ ആണ്‍കുട്ടികളുടെ വേഷം ധരിച്ചു. പേരും മാറ്റി. വേഷപ്രഛന്നരായി ജോലി ചെയ്തു. കടയില്‍നിന്നുള്ള വരുമാനം കൊണ്ട് അവര്‍ പഠനം തുടര്‍ന്നു. വീടു നോക്കി. 

അച്ന്റെ ചികില്‍സയും മുന്നോട്ടുകൊണ്ടുപോയി. നേഹ, ജ്യോതി എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ യഥാര്‍ഥ പേരിലും വേഷത്തിലും തന്നെ അവര്‍ക്ക് ജോലി ചെയ്യാനുള്ള ധൈര്യമുണ്ടായി. അവരുടെ കഥ പ്രശസ്തമാകുകയും ചെയ്തു. ഗില്ലറ്റ് പുതിയ പരസ്യത്തിലൂടെ നേഹയേയും ജ്യോതിയേയും ആദരിക്കുകയാണ്. അവരുടെ യഥാര്‍ഥ കഥ പ്രചോദനത്തിനായി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയുമാണ്. ഇതാണിപ്പോള്‍ വൈറലായിരിക്കുന്നത്. 

പരസ്യം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തുകൊണ്ട് നടന്‍ ഫര്‍ഹാന്‍ അക്തര്‍ കുറിച്ചു: ബാര്‍ബര്‍ഷോപ് പെണ്‍കുട്ടികളുടെ കഥ എന്നെ അഗാധമായി സ്വാധീനിച്ചു. കുട്ടികളെ പിന്തുണച്ച അവരുടെ പിതാവിനും ബന്‍വാരി തോല ഗ്രാമത്തിനും എന്റെ അഭിവാദ്യം.... 

ലക്ഷക്കണക്കിനുപേര്‍ പരസ്യം കണ്ട് ഇഷ്ടപ്പെടുകയും ഷെയര്‍ ചെയ്യുകയുമാണ്. ഒപ്പം നേഹ-ജ്യോതി എന്നിവരെ അഭിനന്ദിക്കുകയും.... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA