ADVERTISEMENT

ഒരു ഗ്യാങ്സ്റ്ററിനെ കീഴ്പ്പെടുത്തി അവന്റെ തലയ്ക്കു നേരെ നിറയൊഴിക്കാൻ ഉന്നം പിടിച്ചു നിൽക്കുന്ന നാലു സ്ത്രീകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായിട്ട് കുറച്ചു ദിവസമായി. കാഷ്വൽ വസ്ത്രങ്ങൾധരിച്ചു നിൽക്കുന്ന അവരുടെ നോട്ടത്തിൽ നിന്ന് തന്നെ തിരിച്ചറിയാം അവർ പൊലീസ് ഉദ്യോഗസ്ഥരാണെന്ന്. ഗുജറാത്ത് പൊലീസിന്റെ വാണ്ടഡ് ലിസ്റ്റിലുള്ള കൊടുംകുറ്റവാളിയെയാണ് നാല് വനിതാ ഉദ്യോഗസ്ഥർ ചേർന്ന് കീഴ്പ്പെടുത്തിയത്.

ജുസാബ് അല്ലാരാഖാ സാന്ദ് എന്ന കുറ്റവാളിയെയാണ് അയാളുടെ സങ്കേതത്തിലെത്തി മിടുക്കികളായ പൊലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. സന്റോക് ഒഡെഡ്ര, നിത്മിക ഗോഹിൽ, ശകുന്തള മാൽ, അരുണ ഗമേതി എന്നീ ഉദ്യോഗസ്ഥർ ചേർന്നാണ് ജുസാബിനെ കീഴടക്കിയത്. ആന്റി ടെറർ ഓപ്പറേഷനിൽ പരിശീലനം നേടിയ ഫസ്റ്റ് ബാച്ചിലുള്ള ഇവരെ ആന്റി ടെററിസം സ്ക്വാഡിലാണ് അപ്പോയിന്റ് ചെയ്തത്.

കുറ്റവാളിക്കൊപ്പം ചിത്രം പകർത്താനും അതു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും ശ്രമിച്ചതിനു പിന്നിലെ കാരണം പൊലീസ് ഉദ്യോഗസ്ഥയായ സന്റോക് ഒഡെഡ്ര വിശദീകരിക്കുന്നതിങ്ങനെ :-

' ജുസാബ് ഒളിച്ചു കഴിഞ്ഞിരുന്ന ബോട്ടഡ് ജില്ലക്കാർക്ക് ഒരു സന്ദേശം നൽകാൻ വേണ്ടിയാണ് ആ ചിത്രം പകർത്തിയത്. തന്നെ ആർക്കും കീഴടക്കാൻ കഴിയില്ലെന്ന ധാരണയാൽ ജനങ്ങളെ ഭയപ്പെടുത്തിയ അയാളെ നാലു വനിതാ പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് കീഴടക്കിയത് അവർ കാണണം.'

'ജുസാബ് അത്ര വലിയ ആളൊന്നും അല്ലെന്ന് അറിയിക്കാനാണ് ലോക്കൽ പൊലീസിന് സന്ദേശം അയച്ചത്. കാരണം അയാളെ കീഴടക്കിയത് നാലു വനിതാ പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ്. ചുറ്റുമുള്ളവരുടെ ഉള്ളിൽ ഭയംകൊണ്ട് ഒരു പുകമറ സൃഷ്ടിച്ച് രണ്ടുവർഷമായി ഒളിവിൽ കഴിയുകയായിരുന്നു അയാൾ. പരോളിനിറങ്ങി രക്ഷപെട്ട അയാൾ കൊലക്കേസ് പ്രതി കൂടിയാണ്. കൊടുംകാടുകളിലെ വഴികളെല്ലാം പരിചിതമായ അയാൾ അവിടെ ഒളിച്ചു താമസിക്കുകയും ബോട്ട‍ഡ് ജില്ലയിലെ ജനങ്ങളെ ഭയപ്പെടുത്തിയും അഹങ്കരിച്ചു ജീവിക്കുകയായിരുന്നു'.- സന്റോക് ഒഡെഡ്ര പറയുന്നു.

50 വയസ്സുണ്ടെന്നു കരുതപ്പെടുന്ന ജുസാബിനെതിരെ നിരവധി കേസുകളാണുള്ളത്. കൊലപാതകം, കൊലപാതക ശ്രമം, കവർച്ച, നശീകരണ പ്രവർത്തനം, പൊലീസ് ഉദ്യോഗസ്ഥരെ അപമാനിക്കൽ തുടങ്ങി 23 ഓളം കേസുകൾ അഹമ്മദാബാദിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോളിവുഡ് ചിത്രങ്ങളെ അനുകരിച്ചാണ് ജുസാബിന്റെ ജീവിതമെന്നും ചുറ്റുമുള്ളയാളുകളെ ഭയപ്പെടുത്തിയാണ് കൊള്ളസംഘ തലവനായി അയാൾ വിലസിയിരുന്നതെന്നുമാണ് ആന്റി ടെററിസം സ്ക്വാഡിലെ ഉദ്യോഗസ്ഥർ പറയുന്നത്.

'' ആയുധം നിറച്ച ബാഗ് തോളിലേന്തി കുതിരപ്പുറത്താണ് ജുഹാബിന്റെ സഞ്ചാരം. കാടിനെയളന്ന് കാട്ടിലെ ഊടുവഴികളെ അറിഞ്ഞ് അയാളങ്ങനെ വിലസും. കാട്ടിലെ ഒരു കുടിലിലാണ് അയാളുടെ താമസം. അവിടെ ആധുനിക സൗകര്യങ്ങളായ കറന്റ്, മൊബൈൽ ഫോൺ അങ്ങനെ ഒന്നും തന്നെയില്ല. അയാളെക്കുറിച്ച് ചില നാടൻ പാട്ടുകൾ പോലും ജുനഗദിലും ബോട്ടഡിലും പ്രചാരത്തിലുണ്ട്.''- സംഘത്തിലെ മറ്റൊരു ഉദ്യോഗസ്ഥയായ ശകുന്തള മാലിന്റെ വിവരണമിങ്ങനെ.

കഴിഞ്ഞ മൂന്നുമാസങ്ങളായി സംഘം ജുസാബിനെ പിന്തുടരുകയായിരുന്നുവെന്നും ബോട്ടഡിൽ അയാളുണ്ടെ

ന്ന് സൂചന ലഭിച്ചതിനെത്തുടർന്നാണ് അയാളെ കുടുക്കാനുള്ള പദ്ധതി ആവിഷ്കരിച്ചതെന്നും നാലു മെയിൽ കോൺസ്റ്റബിൾസും ഓപ്പറേഷനിൽ പങ്കെടുത്തിരുന്നുവെന്നുമാണ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഹിമാൻഷു ശുക്ല നൽകുന്ന വിശദീകരണം.

'' കുറ്റവാളികളെ കുറിച്ചുള്ള സൂചനകൾ ലഭിച്ചാൽ 50 അംഗ ഓഫീസർ സംഘം ഓപ്പറേഷനായി തയാറെടുക്കും. ഈ ഓപ്പറേഷനിലുൾപ്പെട്ട അഞ്ചംഗ സംഘത്തിലെ നാലു ഉദ്യോഗസ്ഥർ വനിതകൾ ആയത് തികച്ചും യാദൃശ്ചികം മാത്രമാണ്.  ഏതു അസൈൻമെന്റിനും പങ്കെടുപ്പിക്കാമെന്ന തരത്തിൽ സംഘത്തിലെ പുരുഷ ഉദ്യോഗസ്ഥർക്കും വനിതാ ഉദ്യോഗസ്ഥർക്കും ഒരേ പരിശീലനം തന്നെയാണ് നൽകുന്നത്.– ശുക്ല പറയുന്നു.

ബോട്ടഡിലെ കാട്ടിലെത്താൻ പ്രാദേശിക പൊലീസിന്റെ സഹായം തേടിയില്ലെന്നും ഗൂഗിൾമാപ് ഉപയോഗിച്ചാണ് അവിടെയെത്തിയതെന്നുമാണ് സ്ക്വാഡ് നൽകുന്ന വിശദീകരണം. ജുഹാബിനെ കുടുക്കാനുള്ള ടീം രൂപീകരിച്ചതിനു ശേഷം ഒരു സ്ട്രാറ്റജി മീറ്റിങ് ഉണ്ടായിരുന്നു.  ഇൻഫോർമർ തന്ന സൂചനകൾ വച്ച് ഗൂഗിളിൽ തിരഞ്ഞാണ് അയാളുടെ താവളത്തിലേക്കുള്ള വഴി കണ്ടുപിടിച്ചത്. പുലർച്ചെ 3.15 ഓടെ അവിടെയെത്തിച്ചേർന്നു. അപ്പോഴാണ് കൊടുംകാടിനുള്ളിലേക്ക് പോകാൻ വാഹനങ്ങളൊന്നും ലഭിക്കില്ലെന്ന തിരിച്ചറിവ് ഞങ്ങൾക്കുണ്ടായത്. ഒരു മണിക്കൂർ നീണ്ട ട്രക്കിങ്ങിനൊടുവിൽ ഉദ്ദേശിച്ച സ്ഥലത്തെത്തി. രണ്ടു മണിക്കൂർ കൂടി കാത്തു നിന്ന ശേഷമാണ് സൂര്യപ്രകാശത്തിൽ ഞങ്ങൾ അയാളെ കീഴടക്കിയത്''. പൊലീസ് ഉദ്യോഗസ്ഥ പറയുന്നു.

പൊലീസ് സർവീസിൽ ജോയിൻ ചെയ്യുന്നതിനു മുൻപ് ബാലിസിറ്റിക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഓട്ടോമാറ്റിക്കും സെമി ഓട്ടോമാറ്റിക്കുമായ ആയുധങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനം പൊലീസ് അക്കാഡമിയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. മിനിമം റിസോഴ്സ് ഉപയോഗിച്ച് വനത്തിൽ കഴിയാനുള്ള പരിശീലനവും തുടർച്ചയായി ലഭിച്ചിട്ടുണ്ടെന്നും പുരുഷ–വനിതാ ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ ഒരുപോലെയാണ് പരിശീലനം ലഭിച്ചിരിക്കുന്നതെന്നും അവർ പറയുന്നു.

നാലംഗ സ്ക്വാഡിലെ ഏറ്റവും സീനയർ ഉദ്യോഗസ്ഥയായ അരുണ ഗാമെതി ആരവല്ലിയിൽ നിന്നുള്ളയാളാണ്. 2012 വരെ വീട്ടമ്മയായിരുന്ന അരുണ പിന്നീടാണ് പൊലീസ് ഫോഴ്സിൽ ചേരാനുള്ള എഴുത്തു പരീക്ഷയും ഫിസിക്കൽ ടെസ്റ്റും പാസായി സേനയുടെ ഭാഗമായത്. കഴിഞ്ഞ അഞ്ചുവർഷമായി സ്ക്വാഡിന്റെ ഭാഗമായി ജോലിചെയ്യുന്ന അരുണ ഇതിനകം തന്നെ നിരവധി ഓപ്പറേഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.

 2012 ൽ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സന്റോക് ഒഡെഡ്ര പൊലീസ് സേനയിൽ ചേർന്നത്, 2013 ൽ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ശേഷമാണ് ശകുന്തള സേനയുടെ ഭാഗമായത്. എൽഎൽബിക്ക് ശേഷമാണ് നിത്മിക പൊലീസ് സേനയിൽ ചേർന്നത്.

'' കുട്ടിക്കാലം മുതലുള്ള എന്റെ സ്വപ്നമായിരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥയാവുക എന്നത്. എന്റെ കുടുംബത്തിൽ നിന്നാരും തന്നെ പൊലീസ് സേനയിലില്ല. ഭാഗ്യം കൊണ്ട് 2017 മുതൽ സ്ക്വാഡിന്റെ ഭാഗമാകാൻ കഴിഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ശിവാനന്ദ് ജാ വനിതാ ഉദ്യോഗസ്ഥർക്ക് സ്ക്വാഡ് വിഭാഗത്തിലേക്ക് നിയോഗിച്ചതുകൊണ്ടാണ് ഞങ്ങൾക്കും സ്ക്വാഡിന്റെ ഭാഗമാകാൻ അവസരം ലഭിച്ചത്. – സന്റോക് ഒഡെൻഡ്ര പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com